എ.ഐ ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും



സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. നഗര- ഗ്രാമ വ്യത്യസമില്ലാതെയാണ് എഐ ക്യാമറകൾ സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും  ജൂൺ 5 ലേക്ക് മാറ്റുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്.



 രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും.   കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും.



 തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും.   പിഴ എങ്ങനെ   ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‍താല്‍ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ, അനധികൃത പാര്‍ക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും. അനധികൃത പാര്‍ക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക. ഒരുദിവസം 25,000 നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന തരത്തിലാണ് നിലവിലെ സജ്ജീകരണം. 



ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നു. രാവിലെ മുതല്‍ തന്നെ നിയമലംഘകര്‍ക്ക് ചെലാന്‍ അയയ്ക്കുന്നത് ആരംഭിക്കും. പരാതിയുണ്ടെങ്കില്‍ പിഴയ്‌ക്കെതിരെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്.



 ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്. രണ്ടുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങും. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐടിഎംഎസ് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് സ്വീകരിക്കുന്നത്. പിന്നീട് ഇത് സംസ്ഥാനങ്ങള്‍ക്കു കൈമാറും. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍