മഴക്കാലം പ്രവചനാതീതമാകുമെന്നതിനാൽ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യ ആഴ്ചയിൽ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കലക്ടർമാരുടെയോ നേതൃത്വത്തിൽ യോഗം ചേരണം. അതിൽ ഓരോ പ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
അതിതീവ്രമഴ ലഭിച്ചാൽ നഗരമേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഡ്രെയിനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. ഇവ നിരീക്ഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താൽ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാൻ സാധ്യതയുള്ളവയാണ്. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവയ്ക്ക് തുടർച്ചയുണ്ടാവണം.
0 അഭിപ്രായങ്ങള്‍