🟣 പരമതത്ത്വസമീക്ഷാസത്രസമിതി, നൈമിഷാരണ്യം, പാർളിക്കാട് - ശ്രീശുകീയം ആവാസീയ ശിബിരം സമാരംഭിച്ചു.🟣

പരമതത്ത്വസമീക്ഷാസത്രസമിതി
നൈമിഷാരണ്യം, പാർളിക്കാട് - ശ്രീശുകീയം ആവാസീയ ശിബിരം സമാരംഭിച്ചു.
10 വയസ്സു മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി പാർളിക്കാട് നൈമിഷാരണ്യം പരമതത്ത്വസമീക്ഷാസത്രസമിതി നടത്തുന്ന നാലാമത് ശ്രീശുകീയം ആവാസീയ ശിബിരം ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ അധ്യക്ഷൻ സ്വാമി ഭൂമാനന്ദതീർത്ഥ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മനുഷ്യജന്മം വളരെ വിലപിടിച്ചതാണെന്നും  ബാഹ്യശരീരസൗന്ദര്യമല്ല ഒരാളുടെ മേന്മ നിശ്ചയിക്കുന്നത് പ്രത്യുത അയാളുടെ ഉൾവ്യക്തിത്വത്തിന്റെ മഹിമയാണ് എന്നും സ്വാമി ഉദ്ഘാടന ഭാഷണത്തിൽ കുട്ടികളെ ഉദ്ബോധിപ്പിച്ചു. ഉത്സാഹത്തോടു കൂടിയ അധ്വാനശീലം എല്ലാവരും വളർത്തിയെടുക്കണം. അസാധ്യം എന്ന ഒരു വാക്ക് നമ്മുടെ കൂടെ ഉണ്ടായിക്കൂട. സ്വാമി കൂട്ടിച്ചേർത്തു. 
നാരായണാശ്രമതപോവനത്തിലെ ബ്രഹ്മചാരിണി നന്ദിതാസ്വരൂപ പ്രാർത്ഥനാശ്ലോകങ്ങൾ ആലപിച്ചു. ഓങ്കാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദ തീർത്ഥപാദർ ശിബിരത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ വിശദമാക്കി സ്വാഗതം ആശംസിച്ചു.
കെ.വിജയൻ മേനോൻ, രമേഷ് കേച്ചേരി എന്നിവർ സംസാരിച്ചു.
വൈകീട്ട് സ്വാമി നിഖിലാനന്ദസരസ്വതിയുടെ നേതൃത്വത്തിൽ ഭജനയും തുടർന്ന് അനുഗ്രഹഭാഷണവും ഉണ്ടായി. 
ശിബിരത്തിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 80 പേർ പങ്കെടുക്കുന്നുണ്ട്. 
ഇന്ന് പതിവ് ക്ലാസുകൾക്കു പുറമേ ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഡോ. ജയശ്രീ ആർ കർത്താ 'ശരീരപ്രകൃതിയും രോഗപ്രതിരോധവും' എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍