🟣പരമതത്ത്വസമീക്ഷാസത്രസമിതി നൈമിഷാരണ്യം, പാർളിക്കാട് നടത്തിയ ശ്രീശുകീയം ശിബിരോത്സവത്തിന് കൊടിയിറങ്ങി.🟣

പരമതത്ത്വസമീക്ഷാസത്രസമിതി
നൈമിഷാരണ്യം, പാർളിക്കാട് നടത്തിയ ശ്രീശുകീയം ശിബിരോത്സവത്തിന് കൊടിയിറങ്ങി.
കഴിഞ്ഞ ഒമ്പതു ദിവസങ്ങളിലായി കുട്ടികളുടെ സർവതോന്മുഖമായ കഴിവുകളെ ഉണർത്തി വളർത്തുന്നതിനും സത്സ്വഭാവ രൂപീകരണത്തിനും ഉതകുന്ന വിഭവങ്ങൾ ഒരുക്കി വിനോദത്തിൽകൂടി വിജ്ഞാനം എന്ന രീതിയിൽ പാർളിക്കാട് നൈമിഷാരണ്യത്തിലെ സഭാനികേതനിൽ നടത്തിയ ശ്രീശുകീയം എന്ന സഹവാസശിബിരം സമാപിച്ചു.  സമാപനസഭ ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാന്റെ അധ്യക്ഷൻ സ്വാമി ഭൂമാനന്ദതീർഥ ഉദ്ഘാടനം ചെയ്തു. 

• ഭഗവദ്ഗീതയെ വേണ്ടപോലെ ഗ്രഹിയ്ക്കലാണ് മനുഷ്യജീവിതം ധന്യവും സഫലവുമാകാൻ വേണ്ടത് എന്ന് സ്വാമി കുട്ടികളെ ഉദ്ബോധിപ്പിച്ചു. അദ്വൈത സിദ്ധാന്തത്തിന്റെ കാലാതീതപ്രസക്തി ശ്ലോകങ്ങൾ ഉദ്ധരിച്ച് ബോധ്യപ്പെടുത്തി. ജീവിതവിജയത്തിന് കായികശക്തിയേക്കാളും ബുദ്ധിശക്തിയാണ് വേണ്ടത് എന്ന് യാമുനാചാര്യന്റെ ചരിത്രം വിവരിച്ച് മനസ്സിലാക്കിക്കൊടുത്തു. 
പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രമാണപത്രവും ഉപഹാരവും പ്രൊഫ. സാധുപദ്മനാഭൻ വിതരണം ചെയ്തു.  മുഖ്യശിക്ഷകൻ സ്വാമി പൂർണാനന്ദ തീർത്ഥപാദർ ആയിരുന്നു. അദ്ദേഹത്തിനും ഉപശിക്ഷകർക്കും ദക്ഷിണാസമർപ്പണവും നടന്നു. 

നേരത്തേ ശ്രീരഞ്ജിനി പ്രാർത്ഥനാഗീതം ആലപിച്ചു. രമേഷ് കേച്ചേരി സ്വാഗതവും കെ. വിജയൻ മേനോൻ നന്ദിയും പറഞ്ഞു.  യോഗത്തിൽ 70 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

യോഗാനന്തരം സ്വാമി ഭൂമാനന്ദതീർഥ എല്ലാവർക്കും പ്രസാദം വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍