🟣 ഭരണഘടനാ ഭേദഗതി ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന് നേരെയുള്ള കടന്നു കയറ്റവും: കെ. രാധാകൃഷ്ണൻ എം.പി 🟣

ഭരണഘടനാ ഭേദഗതി ജനാധിപത്യ വിരുദ്ധവും ഫെഡറലിസത്തിന് നേരെയുള്ള കടന്നു കയറ്റവും: കെ. രാധാകൃഷ്ണൻ എം.പി.

ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ചു കൊണ്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നൂറ്റി മുപ്പത്തിയൊന്നാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ ശക്തമായ പ്രതിഷേധമുയർത്തി കെ. രാധാകൃഷ്ണൻ എം.പി. ബില്ലിന്റെ അവതരണത്തെ എതിർത്തു കൊണ്ട് ചട്ടം 72 പ്രകാരം അദ്ദേഹം നോട്ടീസ് നൽകുകയും സഭയിൽ കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഭരണഘടനാ ഭേദഗതികൾ ഫെഡറലിസം, ജനാധിപത്യം, സാമൂഹ്യനീതി എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാകണം. എന്നാൽ സംസ്ഥാന സർക്കാരുകളുമായോ മറ്റ് കക്ഷികളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. 
ഇത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 സെപ്റ്റംബർ 28-ന് പാസാക്കിയ 'നാരി ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണ നിയമം) സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. 
എന്നാൽ ഇതുവരെ സെൻസസ് നടത്താൻ പോലും തയ്യാറാകാത്ത സർക്കാർ, ആ വാഗ്ദാനം വിസ്മരിച്ച് പുതിയൊരു ഭേദഗതിയുമായി വരുന്നത് ദുരൂഹമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഈ പുതിയ ബിൽ. ജനാധിപത്യപരമായ പരിഷ്കരണങ്ങളേക്കാൾ രാഷ്ട്രീയ നേട്ടങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. 
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും അധികാരം കേന്ദ്രത്തിൽ കുമിഞ്ഞുകൂടാനുമുള്ള നീക്കമാണിതെന്ന് എം.പി കുറ്റപ്പെടുത്തി. ഇത്തരം ഗൗരവകരമായ ഭേദഗതികൾ മതിയായ ചർച്ചകളില്ലാതെ ധൃതിപിടിച്ച് പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
"ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെയും ദുർബലപ്പെടുത്തുന്ന ഈ ബിൽ സർക്കാർ പിൻവലിക്കണം. പുതിയ ഭേദഗതികൾ കൊണ്ടുവരുന്നതിന് മുൻപ്, നിലവിൽ പാസാക്കിയ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി സെൻസസ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കുകയാണ് വേണ്ടത്," എന്ന് കെ. രാധാകൃഷ്ണൻ എം.പി ആവശ്യപ്പെട്ടു.
ഭരണഘടനാ വിരുദ്ധമായ ഇത്തരം നീക്കങ്ങളെ പാർലമെന്റിനകത്തും പുറത്തും ശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍