കുറ്റൂർ - പേരാമംഗലം റോഡ് ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഉന്നത നിലവാരത്തിൽ നവീകരിച്ച കുറ്റൂർ - പേരാമംഗലം റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കുറ്റൂർ സെന്ററിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന സർക്കാർ ബജറ്റിൽ 2.3 കോടി അനുവദിച്ച റോഡ് കുറ്റൂരിൽ നിന്നാരംഭിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിലുള്ള 1.8 കിലോമീറ്റർ ദൂരം ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനായിരുന്നു പദ്ധതി.
നിർവഹണ ഘട്ടത്തിൽ ഉയർന്നുവന്ന തദ്ദേശവാസികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൾവർട്ടുകളുടെ എണ്ണം 3 ആക്കിയും, 720 മീറ്റർ ദൂരം നടപ്പാത ഒരുക്കിയും, 720 മീറ്റർ ബേം കോൺക്രീറ്റിങ് ചെയ്തും, ആവശ്യമായ റോഡ് സുരക്ഷാ പ്രവൃത്തികളോടു കൂടിയും പദ്ധതി പൂർത്തീകരിക്കുന്നതിനായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ ഇടപെടലിന്റെ ഭാഗമായി പദ്ധതി തുക 1.5 കോടി ഉയർത്തി 3.8 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു.
പാടശേഖരങ്ങളുടെ പച്ചപ്പിന് നടുവിലൂടെയുള്ള ഉന്നത നിലവാരത്തിൽ നവീകരിച്ച റോഡിന്റെ ദൃശ്യചാരുതയും ആകാശദൃശ്യങ്ങളും ഇതിനകം ചർച്ചയായിരുന്നു.
മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായാണ് റോഡ് ഉദ്ഘാടനം നിർവഹിച്ചത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ശ്രീഷ്മ അഭിലാഷ്, അടാട്ട് ഗ്രാമപഞ്ചായത്തംഗം കെ. കെ. ശങ്കരനാരായണൻ, കോലഴി ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രകാശ് ചിറ്റിലപ്പിളളി, നിഷ സജീവൻ, അടാട്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സിമി അജിത് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. എസ്. സുഭാഷ്, എം. കെ. പ്രഭാകരൻ (സിപിഐ എം), വി. ജി. രാജൻ (സി പി ഐ), ദാസ് ശങ്കർ (ബി ജെ പി)
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. രാകേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനു എം. ആർ, അസിസ്റ്ററ്റ് എഞ്ചിനീയർ രജിത യു. ആർ. തുടങ്ങിയവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍