പൂമല ഇക്കോ ടൂറിസം വില്ലേജ് - ഒന്നാംഘട്ട ഉദ്ഘാടനം മാർച്ച് 8 ന്.
സംസ്ഥാന സർക്കാർ വിനോദ സഞ്ചാര വകുപ്പ് 3.85 കോടി രൂപ അനുവദിച്ച് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പൂമല ഡാം ടൂറിസം ഡെസ്റ്റിനേഷനിൽ നടപ്പിലാക്കുന്ന പൂമല ഇക്കോ ടൂറിസം വില്ലേജ് പദ്ധതി പ്രകാരമുള്ള നവീകരിച്ച കുട്ടികളുടെ പാർക്കിന്റെയും കമ്മ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം മാർച്ച് 8 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും. പൊതുമരാമത്തും വിനോദ സഞ്ചാരവും വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആലത്തൂർ എം പി കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉൾപ്പെടെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
പൂമല ഇക്കോ ടൂറിസം വില്ലേജിലെ 3.85 കോടി രൂപയുടെ പദ്ധതിയിൽ പ്രധാന കമ്പോണന്റുകളായ കമ്യൂണിറ്റി ഹാൾ, കുട്ടികളുടെ പാർക്ക് എന്നിവ പൂർത്തീകരിച്ച് തുറന്നുകൊടുക്കുകയാണ്. ബാക്കിയുള്ള ഹട്ടുകളുടെ നിർമ്മാണവും മറ്റ് അനുബന്ധ പ്രവൃത്തികളും കിള്ളന്നൂർ വില്ലേജിലെ ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരുടെയും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത സ്ഥലപരിശോധനക്ക് ശേഷം പൂർത്തീകരിക്കും.
വാഴാനി ഡാം ഗാർഡനിൽ 5.99 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. വാഴാനി ഡാമിലെ തൂക്കുപാലം നവീകരിച്ച് തുറന്നു കൊടുക്കാനായി. 40 ലക്ഷം രൂപ ചിലവഴിച്ച് കുട്ടികളുടെ പാർക്ക് നവീകരിച്ചു. വിലങ്ങൻകുന്നിൽ 3.45 കോടി രൂപ ചെലവിൽ വാച്ച് ടവർ, റെസ്റ്റോറൻ്റ് & സെമിനാർ ഹാൾ എന്നിവയുടെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും.
ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി രണ്ട് പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകൾക്കായി 1.91 കോടി രൂപയുടെ പദ്ധതിക്കും ഭരണാനുമതിയായി. മിനി ഊട്ടി വികസനത്തിന് 99.70 ലക്ഷം രൂപയുടെ പദ്ധതിക്കും, കുറ്റൂർ പാലംകുഴി റിവർസൈഡ് പാർക്ക് വികസനത്തിന് 91.70 ലക്ഷം രൂപയുടെ പദ്ധതിക്കുമാണ് ഭരണാനുമതിയായത്. വാഴാനി, പൂമല, പേരേപ്പാറ, ചാത്തൻചിറ, പത്താഴക്കുണ്ട്, ചെപ്പാറ, വിലങ്ങൻകുന്ന്
എന്നീ കേന്ദ്രങ്ങളോടൊപ്പം അടാട്ട് - കൈപ്പറമ്പ് - തോളൂർ മേഖലയിലെ കോൾപ്പടവുകളെ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ് വടക്കാഞ്ചേരി ടൂറിസം കോറിഡോർ പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി 1.5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായിരുന്നു.
ചെപ്പാറ റോക്ക് ഗാർഡൻസ് (19 ലക്ഷം), വട്ടായി വാട്ടർ ഫോൾസ് (20.6 ലക്ഷം), തൂമാനം വാട്ടർ ഫോൾസ് (24.67 ലക്ഷം), പത്താഴക്കുണ്ട് ഡാം (30 ലക്ഷം), പേരേപ്പാറ ചെക്ക് ഡാം & വാട്ടർ ഫോൾസ് (26 ലക്ഷം), ചാത്തൻചിറ ഡാം (29 ലക്ഷം) എന്നിങ്ങനെ തുക അനുവദിച്ച പദ്ധതികളുടെ നിർവഹണ ഏജൻസിയായി സിൽക്കിനെ തെരഞ്ഞെടുത്ത് എഗ്രിമെന്റായി. തുടർ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് നീക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സിൽക്ക് എഞ്ചിനീയർമാരും സ്ഥലം സന്ദർശിക്കും.
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിനോദ സഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തി നവീകരിച്ച് ടൂറിസം രംഗത്ത് മുന്നേറ്റം നടത്തിയതിന്റെ നേർസാക്ഷ്യമാണ് പൂമല ഇക്കോ ടൂറിസം വില്ലേജിന്റെ ഒന്നാംഘട്ട ഉദ്ഘാടനം.
0 അഭിപ്രായങ്ങള്‍