വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ വടക്കാഞ്ചേരി - ഓട്ടുപാറ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പുഴപ്പാലത്തിൽ പഴയ ഇരുമ്പ് പാലത്തിനു പകരം വാഹന സഞ്ചാരയോഗ്യമായ ആധുനിക പാലം നിർമ്മിക്കുന്നതിനായി 5 കോടി 16 ലക്ഷം രൂപ അനുവദിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. പാലം നിർമ്മിക്കാൻ സാങ്കേതിക അനുമതിക്കായി സമർപ്പിക്കുന്നതിന് മുന്നോടിയായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 25 മീറ്റർ നീളത്തിലും, 11 മീറ്റർ വീതിയിലുമാണ് നിർദ്ദിഷ്ട പാലത്തിന്റെ ഡിസൈൻ. ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയാണ് പുതിയ മേൽപ്പാലം നിർമ്മിക്കുന്നത്. ഏഴര മീറ്റർ കാര്യേജ് വേയും 3 മീറ്റർ നടപ്പാതയും ഉണ്ടായിരിക്കും. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം ഉൾപ്പെടെ 5.16 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഓട്ടുപാറ ടൗണിൽ ജങ്ഷൻ നവീകരണ പദ്ധതിക്ക് രണ്ടര കോടി രൂപ ബജറ്റിൽ അനുവദിച്ച് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം നടപടികൾ മുന്നോട്ടു കൊണ്ടുപോവുകയാണ്. ഓട്ടുപാറ പുഴപ്പാലവും, ജങ്ഷൻ നവീകരണവും യാഥാർഥ്യമാകുമ്പോഴുള്ള റോഡ് അലൈമെന്റിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗവും, പാലങ്ങൾ വിഭാഗവും സംയുക്തമായി ഇൻസ്പെക്ഷൻ നടത്തി അതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ഓട്ടുപാറ പാലം പദ്ധതിയ്ക്ക് സാങ്കേതികാനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിവേഗത്തിൽ മുന്നോട്ട് നീക്കുന്നതിന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. വി. മുഹമ്മദ് ബഷീർ, തലപ്പിള്ളി താലൂക്ക് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ, നഗരസഭ കൗൺസിലർമാരായ കെ. യു. പ്രദീപ്, എ. ഡി. അജി എന്നിവരും, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു എൻ. ജി, അസിസ്റ്റന്റ് എഞ്ചിനീയർ ദീപ വി. എൻ, നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
0 അഭിപ്രായങ്ങള്‍