തുടർച്ചയായി മൂന്നാം വർഷവും കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ.

 


കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 33.34 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്.


തൊട്ടു മുൻവർഷത്തേക്കാൾ 10.4 കോടി രൂപയുടെ വർധനയാണിത്. കൊച്ചി മെട്രോ സർവ്വീസ് തുടങ്ങിയ 2017-18 കാലയളവിൽ 24.19 കോടി രൂപയായിരുന്നു പ്രവർത്തന നഷ്ടം. 2018-19 കാലയളവിൽ പ്രവർത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞെങ്കിലും 2019-20 വർഷം അത് 13.92 കോടിയായും 2020-21 ൽ 56.56 കോടിയായും ഉയർന്നു. 2021-22 കാലയളവിൽ പ്രവർത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. എന്നാൽ 2022-23 സാമ്പത്തിക വർഷം പ്രവർത്തന നഷ്ടത്തിൽ നിന്ന് കമ്പനി പ്രവർത്തന ലാഭത്തിലെത്തി. ആ വർഷം 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയത്. 2023-24 കാലയളവിൽ പ്രവർത്തന ലാഭം 22.94 കോടി രൂപയായി കുതിച്ചുയരുകയും ചെയ്‌തു.


2024-25 കാലയളവിൽ കൊച്ചി മെട്രോ 182.37 കോടി രൂപയുടെ പ്രവർത്തന വരുമാനമാണ് നേടിയത്. ഇതിൽ ടിക്കറ്റിൽ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കൺസൾട്ടൻസിയിൽ നിന്ന് 1.56 കോടി രൂപയും നേടി. ഇതര മാർഗങ്ങളിൽ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന ചിലവ് 149.03 കോടി രൂപയാണ്.


തുടർച്ചയായ വർഷങ്ങളിലെ പ്രവർത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവർത്തന മികവിൻ്റെ പ്രതിഫലനമാണ് എന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. മികവാർന്ന രീതിയിലുള്ള ട്രെയിൻ ഓപ്പറേഷൻ, യാത്രാസൗകര്യങ്ങളിലെ വർധന, കൂടുതൽ വരുമാന ഉറവിടങ്ങൾ കണ്ടെത്തുന്നതിലെ വൈവിധ്യവൽക്കരണം, ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പരിശ്രമം, തുടങ്ങിയവയിലൂടെയാണ് പ്രവർത്തനലാഭം ഓരോ വർഷവും വർധിപ്പിച്ചുകൊണ്ടുവരാൻ കഴിയുന്നത്. കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹൃദപരവും ആയ ഒരു മെട്രോ സിസ്റ്റം വളർത്തിക്കൊണ്ടുവരികയാണ് കെഎംആർഎല്ലിൻ്റെ ലക്ഷ്യമെന്നും ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍