പൊതുവിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഈ വർഷത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും. നിലവിൽ ഈ ഫയൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ് നിശ്ചയിക്കുക. കയർ, കശുവണ്ടി മേഖലകളിലെ തൊഴിലാളികൾക്കുള്ള ബോണസ് നിശ്ചയിക്കുന്നതിനായി ബന്ധപ്പെട്ട സമിതികളുടെ യോഗം അടിയന്തിരമായി വിളിച്ചുചേർക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബോണസ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി തൊഴിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങൾക്കനുസരിച്ച് ലേബർ കമ്മീഷണർ ഇനി പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി:
* ബോണസ് ആക്റ്റ് ബാധകമായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അർഹമായ ബോണസ് ലഭിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം.
* തർക്കങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി ചർച്ചകൾ സംഘടിപ്പിച്ച് പരിഹാരം കാണണം.
* ജില്ലാ ലേബർ ഓഫീസർ തലത്തിൽ പരമാവധി മൂന്ന് ചർച്ചകൾ രണ്ട് ദിവസത്തെ ഇടവേളകളിൽ നടത്തി തർക്കങ്ങൾ പരിഹരിക്കണം.
* ജില്ലാ ലേബർ ഓഫീസർ തലത്തിൽ പരിഹരിക്കാൻ കഴിയാത്തവ റീജിയണൽ ലേബർ കമ്മീഷണർക്കും, അവിടെയും പരിഹരിക്കാൻ കഴിയാത്തവ ലേബർ കമ്മീഷണർക്കും കൈമാറണം.
* ഉദ്യോഗസ്ഥർ കൈക്കൊള്ളുന്ന എല്ലാ നടപടികളും ലേബർ കമ്മീഷണറേറ്റിലെ ഡാറ്റാബേസിൽ അപ്പപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യണം.
ബോണസിന് പുറമെ, ഈ ഓണക്കാലത്ത് തൊഴിലാളികൾക്ക് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
* പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള എക്‌സ് ഗ്രേഷ്യാ, പരമ്പരാഗത മേഖലകളിലെ തൊഴിലാളികൾക്കുള്ള ഇൻകം സപ്പോർട്ട് സ്കീം വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള ഫയലുകൾ ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
* പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന 2000 രൂപ എക്‌സ് ഗ്രേഷ്യാ ധനസഹായവും 10 കിലോഗ്രാം അരി വിതരണവും സംബന്ധിച്ച ഫയലുകളും ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
* പൂട്ടിക്കിടക്കുന്ന കമ്പനികളിലെയും എസ്റ്റേറ്റുകളിലെയും തൊഴിലാളികൾക്ക് 2000 രൂപ വീതം നൽകുന്നതിനുള്ള ഫയലും, പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികൾക്കുള്ള ഓണക്കിറ്റും ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
ഈ ആനുകൂല്യങ്ങളെല്ലാം ഓണത്തിന് മുൻപ് തൊഴിലാളികൾക്ക് ലഭിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ തൊഴിൽ വകുപ്പ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഓണക്കാലത്ത് തൊഴിൽ തർക്കങ്ങൾ പരമാവധി ഒഴിവാക്കി സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രേഡ് യൂണിയനുകളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍