തദ്ദേശ സ്വയം ഭരണ വകുപ്പിൽ സംസ്ഥാനതലത്തിൽ 433 എൻട്രി കേഡർ ഒഴിവുകൾ കൂടി ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്ന് മന്ത്രി എം.ബി. രാജേഷ്.

ഒരു ആഴ്ചയ്ക്കകം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദേശം നൽകിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഈ ആഴ്ച പൂർത്തിയായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റത്തെത്തുടർന്ന് നടന്ന സ്ഥാനക്കയറ്റം മൂലം സൃഷ്ടിക്കപ്പെട്ട ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാനക്കയറ്റത്തെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട 42 ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ ഇന്നലെ ജില്ലാ തലത്തിൽ നിന്ന് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് വേണ്ടിയായിരുന്നു ഈ ഇടപെടൽ. മന്ത്രിയെന്ന നിലയിൽ നൽകിയ പ്രത്യേക നിർദേശപ്രകാരമാണ് ജോയിന്റ് ഡയറക്ടർമാർ അടിയന്തിര സ്വഭാവത്തിൽ സ്പെഷ്യൽ ഡ്രൈവിലൂടെ ഈ ഇടപെടൽ നടത്തിയത്. അങ്ങനെ റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന ദിവസം 42 ഒഴിവ് റിപ്പോർട്ട് ചെയ്തതിലൂടെ അത്രയും ഉദ്യോഗാർത്ഥികൾക്ക് നഷ്ടപ്പെടുമായിരുന്ന അവസരം ലഭ്യമാക്കാനായതായും മന്ത്രി പറഞ്ഞു. ഇനി റിപ്പോർട്ട് ചെയ്യാൻ പോവുന്ന 433ന് പുറമേ, ഈ വർഷം ഇതുവരെ തദ്ദേശ സ്വയം ഭരണ വകുപ്പ് പി എസ് സിക്ക് റിപ്പോർട്ട് ചെയ്തത് 1068 ഒഴിവുകളാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ വിരമിക്കലും, സ്ഥാനക്കയറ്റവും കണക്കിലെടുത്ത് മുൻപ് തന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ശേഷിക്കുന്നതാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ തദ്ദേശ സ്വയം ഭരണ വകുപ്പിൽ വിവിധ തസ്തികകളിലായി 5256 പേർക്കാണ് പി എസ് സി മുഖേന നിയമനം നൽകിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഒഴിവുകൾ അതാത് സമയത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി 23, അസിസ്റ്റന്റ് എഞ്ചിനീയർ 2, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ടു 25, ക്ലർക്ക് 382, തേർഡ് ഗ്രേഡ് ഓവർസിയർ 1 എന്നീ ഒഴിവുകളാണ് ഉടൻ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 42 ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾക്ക് പുറമേ  ഈ വർഷം ഇതുവരെ സെക്രട്ടറി 123, ക്ലർക്ക് 180, ലാസ്റ്റ് ഗ്രേഡ് 210, അസിസ്റ്റന്റ് എഞ്ചിനീയർ 68, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ 95, സെക്കന്റ് ഗ്രേഡ് ഓവർസിയർ 124, തേർഡ് ഗ്രേഡ് ഓവർസിയർ 61, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 31, അസിസ്റ്റന്റ് ടൌൺ പ്ലാനർ 2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് 4, , ഡ്രാഫ്ട്മാൻ സെക്കന്റ് ഗ്രേഡ് 13, ലൈബ്രേറിയൻ 11, ടൈപ്പിസ്റ്റ് 18, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 3, ഡ്രൈവർ 19, തൃശൂർ ഇലക്ട്രിസിറ്റി വിങ്ങിൽ ഇലക്ട്രിസിറ്റി വർക്കർ 50, ജൂനിയർ അസിസ്റ്റന്റ് 10, ഓഫീസ് അറ്റൻഡന്റ് 4 എന്നിങ്ങനെയുള്ള ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തത്. ഈ നിയമനങ്ങൾ നടന്നുവരികയാണ്. ഇതിന് പുറമേയാണ് പുതുതായി 433 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്യുന്നത്. 

തദ്ദേശ സ്വയംഭരണ വകുപ്പിൽ 2025ലെ സംസ്ഥാനതലത്തിലെ പൊതുസ്ഥലംമാറ്റങ്ങൾ ഈ ആഴ്ചയാണ് പൂർത്തിയായത്. 6747 പേർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിൽ 4898 പേർക്ക് സ്ഥലംമാറ്റം ലഭിച്ചു. സ്ഥലംമാറ്റത്തോടൊപ്പം തന്നെ സ്ഥാനക്കയറ്റങ്ങൾക്കും ഊന്നൽ നൽകാൻ ഇക്കുറി കഴിഞ്ഞു. ഇത് ജീവനക്കാർക്ക് ഏറെ പ്രയോജനകരമായി. കൂടാതെ, സ്ഥലം മാറി പോകുന്ന ജീവനക്കാർക്ക് പകരം അതേ സമയം തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രമോഷനിലൂടെ ജീവനക്കാരെ ലഭ്യമാക്കാനും സാധിച്ചു. 2025ലെ പൊതുസ്ഥലം മാറ്റത്തെത്തുടർന്ന് 1065 ജീവനക്കാർക്കാണ് വിവിധ തട്ടുകളിലായി സ്ഥാനക്കയറ്റം നൽകിയത്. ഇതിന് ആനുപാതികമായ എൻട്രി ലെവൽ ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പരാതികൾ പരമാവധി ലഘൂകരിച്ചും, ബാഹ്യഇടപെടൽ ഒഴിവാക്കിയും പൂർണമായും ഓൺലൈൻ സോഫ്റ്റ്വെയർ വഴിയാണ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയത്.

ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പി എസ് സി വഴി തദ്ദേശ സ്വയം ഭരണ വകുപ്പിൽ നടത്തിയ നിയമനങ്ങൾ ചുവടെ ചേർക്കുന്നു. 

അസിസ്റ്റന്റ് എഞ്ചിനീയർ- 388

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2- 164

അസിസ്റ്റന്റ് ടൌൺ പ്ലാനർ-13

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്-20

ക്ലർക്ക്-  2247

ഫസ്റ്റ് ഗ്രേഡ് ഓവർസീയർ-496

സെക്കന്റ് ഗ്രേഡ് ഓവർസീയർ -840

തേർഡ് ഗ്രേഡ് ഓവർസീയർ -399

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1- 7

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 - 116

ട്രേസർ-4

ലൈബ്രേറിയൻ-4

ലാസ്റ്റ് ഗ്രേഡ് – 555

സെക്രട്ടറി- 3 (സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന)

നഗരസഭകളിൽ എട്ട് വിഭാഗങ്ങളിലായി 371ഉം, പഞ്ചായത്തുകളിൽ 505 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തിക അധികമായി സൃഷ്ടിച്ചിരുന്നു. പൊതുഭരണ വകുപ്പിൽ നിന്ന് അധികമായി 208 ഓഫീസ് അറ്റൻഡന്റുമാരെ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍