രാജ്യത്ത് അതിരൂക്ഷമാകുന്ന വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണെന്നും, വിലക്കയറ്റത്തിന്റെ തോത് 7.7 ശതമാനത്തിൽ എത്തിയിരിക്കുന്നതായും നേതാക്കൾ പറഞ്ഞു. കേന്ദ്രസ്ഥിതി വിവര കണക്ക് മന്ത്രാലയത്തിന്റെ 2024 റിപ്പോർട്ട് പ്രകാരം 20 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വിലക്കയറ്റം നാല് ശതമാനമായി പൊതുവിൽ നിർത്തണമെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞ 10 വർഷക്കാലമായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്ന്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയതും, ഇന്ധനവില വർധനവും, കാർഷിക മേഖലയുടെ തകർച്ചയുമാണ് വിലക്കയറ്റത്തിന് ആക്കo കൂട്ടുന്നത്. ഒപ്പം തന്നെ പണപ്പെരുപ്പം സർവ്വകാല റെക്കോർഡിലാണ്. രാജ്യത്ത് കേന്ദ്രസർക്കാർ തുടരുന്ന കോർപ്പറേറ്റ് പ്രീണനത്തിന്റെ ഭാഗമായി എണ്ണ കമ്പനികൾക്ക് പരമാവധി ലാഭം കൊയ്യുന്നതിനുള്ള സാഹചര്യമാണ് യൂണിയൻ ഗവൺമെന്റ് ഒരുക്കിയിട്ടുള്ളത്. പാചകവാതക സബ്സിഡി അടിക്കടി വെട്ടിക്കുറയ്ക്കുകയാണ്. വാണിജ്യ സിലിണ്ടറിന്റെ വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു.
കർഷകരുടെ ജീവസന്താരണത്തിന് അനുഗുണമായ രീതിയിൽ നയ സമീപനങ്ങൾ ഒന്നും തന്നെ കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല. നവ ലിബറൽ നയങ്ങളുടെ ഭാഗമായുള്ള തിരിച്ചടി പൊതുവിതരണം മേഖലയെ തകർത്തതും അവശ്യസാധനങ്ങളുടെ വിലവർധനവിനും കാരണമായി.
അതുകൊണ്ട് തന്നെ വിലക്കയറ്റത്തിന്റെ ദുരിതഭാരം പേറുന്നത് ഇന്നാട്ടിലെ സാധാരണക്കാരായ താഴെത്തട്ടിൽ ഉള്ള ജനവിഭാഗങ്ങൾ ആണെന്ന് കാണാം. പോഷകാഹാരക്കുറവും വിളർച്ചയും, അതിദാരിദ്ര്യവും കൊടി കുത്തിവാഴുന്ന ഇന്ത്യ മഹാരാജ്യത്ത് സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങൾ ഭരണകൂടം ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. ജനങ്ങളുടെ ആരോഗ്യം വിദ്യാഭ്യാസം ജീവിത സുരക്ഷ തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ വിട്ടുനിൽക്കുന്നു. കേരള സംസ്ഥാനത്ത് വിലക്കയറ്റo തടയുന്നതുമായി ബന്ധപ്പെട്ട് പൊതുവിപണിയിൽ ഇടപെട്ടുകൊണ്ടും പൊതുവിതരണ സമ്പ്രദായത്തിലൂടെ മികച്ച ഇടപെടൽ നടത്തിയും പോകുന്നു.
രാജ്യത്ത് വില വർദ്ധനവ് 7.7 ശതമാനം നിലനിൽക്കുമ്പോഴും കേരളത്തിൽ അത് 5.8% മാത്രമാണെന്നുള്ളത് ആശ്വാസകരമാണ്. ഇതിനായി തന്നെ സർക്കാർ 2063 കോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ പുലർത്തുന്ന പൊതുനയ സമീപനങ്ങൾ ഭാവി ഇന്ത്യയെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് ആണ് കൊണ്ടെത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ ജീവിതചക്രം മുന്നോട്ടുരുട്ടുന്നതിന് പ്രയാസപ്പെടുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും പ്രശ്നം തന്നെയാണ് കേരള NGO യൂണിയൻ ജൂലൈ 29 നു നടത്തുന്ന പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായി ഉയർത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍