ഭക്തി ചിന്തകൾ ഇന്ന് മോഹിനി ഏകാദശി



ഭക്തി ചിന്തകൾ

ഇന്ന് മോഹിനി ഏകാദശി 

🍀🌹🌹🌹🌹🌹🌹🌹🌹🍀

ഹിന്ദുകാലഗണന  പ്രകാരം   ഇന്ന് ശകവർഷം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ് മോഹിനി ഏകാദശി.( കൊല്ലവർഷം 1200  മേടമാസം 25 ന്,2025 മേയ് മാസം 8 ന് വ്യാഴാഴ്ച.)

🌹ഏകാദശി തിഥി .

 2025 മേയ് 7 ന്  ബുധനാഴ്ച രാവിലെ  10:19 മുതല്‍  2025 മേയ് 8 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12:29  വരെ.  

പാരണ മുഹൂർത്തം.2025 മേയ് 9 ന് വെളളിയാഴ്ച രാവിലെ 5:34 മുതൽ 8:16 വരെയാണ് പാരണ മുഹൂർത്തം.വൈശാഖ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് മഹാവിഷ്ണു മോഹിനിയായി അവതരിച്ചത് എന്നാണ് വിശ്വാസം.  പാലാഴി മഥനത്തിനിടെ കടഞ്ഞെടുത്ത അമൃത് കവര്‍ന്നെടുത്ത അസുരന്‍മാരുടെ കയ്യിൽ നിന്നും അത് തിരികെ വാങ്ങാനാണ് മഹാവിഷ്ണു സുന്ദരിയായ സ്ത്രീ രൂപത്തിൽ മോഹിനിയായി അവതരിച്ചത്.  ഇത്തവണത്തെ  ഏകാദശി വ്യാഴാഴ്ച വരുന്നതിനാൽ പ്രാധാന്യം കൂടുതലാണ്.ശ്രീ ഗുരുവായൂരപ്പൻ്റെ ഏറ്റവും വിശേഷപ്പെട്ട ദിനമാണല്ലോ വ്യാഴാഴ്ച.വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മോഹിനി ഏകാദശി വ്രതം മനുഷ്യനെ സർവ്വപാപങ്ങളിൽ നിന്നും അകറ്റി വൈകുണ്ഠപ്രാപ്തിക്ക് അർഹനാക്കുന്ന ഒന്നായാണ് കരുതുന്നത്.



" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം.ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. 


"സംസാരാഖ്യമഹാഘോര

ദുഃഖിനാം സർവ്വദേഹിനാം

ഏകാദശ്യുപവാസോയം 

നിർമ്മിതം പരമൗഷധം."

ഏകാദശി വ്രതം വഴി വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷപ്രാപ്തിയും ലഭിക്കും.ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ലെന്ന് മാത്രമല്ല മാതൃ- പിതൃപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. 



ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരാനുഗ്രഹം ലഭിയ്ക്കും. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍