കഠിനമായ ശ്വാസ തടസംനേരിട്ട അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് തൃശൂർ മെഡിക്കൽ കോളജ്.

 ചെന്ത്രാപ്പിന്നി സ്വദേശികളായ ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള പെൺ കുഞ്ഞിന് കഴുത്തിന്റെ വലതു വശത്തായി പഴുപ്പുമായി തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ശിശുശസ്ത്രക്രിയ വിഭാഗത്തിൽ ജൂൺ മാസം ഒമ്പതാം തിയ്യതി അഡ്മിറ്റ്‌ ചെയ്തിരുന്നു. കുഞ്ഞിന് കഴുത്തിൽ ഉണ്ടായിരുന്ന പഴുപ്പു നീക്കം  ചെയ്തു മരുന്ന് നൽകിയിരുന്നു. എന്നാൽ പിന്നീട് കുട്ടിക്ക് കഠിനമായ ശ്വാസതടസം നേരിടുകയും, കഴുത്തിന്റെ സി ടി സ്കാൻ ചെയ്തപ്പോൾ,  ശ്വാസനാളിയുടെ പിന്നിലായി, നട്ടെല്ലിന്റെ മുന്നിലായി, വലിയൊരു പഴുപ്പ് രൂപപ്പെട്ടു എന്നു മനസ്സിലാക്കി. അഞ്ചു മാസം പ്രായമുള്ള ശിശുവിന്റെ ശ്വാസനാളിയെ ഈ പഴുപ്പു, വലിയൊരു മുഴയെപ്പോലെ തടസ്സപ്പെടുത്തുന്നത് മൂലമായിരുന്നു കഠിനമായ ശ്വാസതടസ്സം ഉണ്ടായത്.

റിട്രോഫാരിഞ്ച്യൽ അബ്സ്സസ്സ് എന്നാണ് ഈ രോഗത്തെ പറയുന്നത്. ചികിൽസിച്ചില്ലെങ്കിൽ, ശ്വാസതടസം മൂലം മരണം സംഭവിക്കുന്ന രോഗമാണിത്. 6 മാസത്തിൽ താഴെയുള്ള കുട്ടികളിൽ ഈ രോഗം സാധാരണമല്ല. 6 മാസത്തിൽ താഴെയുള്ള കുട്ടികളിൽ വളരെ കുറച്ചു കേസുകളെ നിലവിൽ ലോകത്തു റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു. 6 മാസത്തിൽ താഴെയുള്ള ശിശുക്കളിൽ, ഇതിന്റെ ഓപ്പറേഷൻ വളരെ സങ്കീർണമാണ്. അഞ്ചു മാസം പ്രായമുള്ള ശിശുവിനെ സംബന്ധിച്ചു, പഴുപ്പു ഒരു മുഴ പോലെ ശ്വാസനാളിയുടെ മുകളിൽ തടസ്സമായി നിൽക്കുന്നത് കൊണ്ടു അനസ്തെഷ്യ കൊടുക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. വളരെ ചെറിയ ശിശുവിന്റെ വായയ്ക്ക് അകത്തു കൂടിയാണ്, ഓപ്പറേഷൻ ചെയ്യേണ്ടത്, അതും ഒരു തുള്ളി പഴുപ്പോ, രക്തമോ ശ്വാസനാളിയിൽ പോകാതെ വേണം ഇവ ചെയ്യുവാൻ. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ടീം, ഈ പ്രവർത്തി വളരെ ഭംഗിയായി പൂർത്തീകരിച്ചു. കുട്ടി ചികിത്സയ്ക്കു ശേഷം, പൂർണ്ണ ആരോഗ്യവതിയായി കഴിഞ്ഞദിവസം ഡിസ്ചാർജായി വീട്ടിൽ പോയി.

ശിശുശസ്ത്രക്രിയ വിഭാഗം  പ്രൊഫസറും, മേധാവിയുമായ, ഡോ നിർമ്മൽ ഭാസ്ക്കറിന്റെ നേതൃത്വത്തിലാണ് ഈ ഓപ്പറേഷൻ നടത്തിയത്. ശിശുശസ്ത്രക്രിയ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശശികുമാറും, ജൂനിയർ ഡോക്ടർമാരായ ഡോ ബ്യൂളയും, ഡോ മിഥുനും ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇ എൻ ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ മനു വിൽഫ്രഡ്‌, ജൂനിയർ ഡോക്ടർ ഡോ നീനു എന്നിവർ ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്നു. അനസ്തെഷ്യ വിഭാഗം പ്രൊഫസർ ഡോ ബിന്ദുവിന്റെ നേതൃത്വത്തിൽ, ഡോ അരുൺ വർഗീസ്സും, ഡോ. ഡാരിസ്സും അടങ്ങിയ സംഘം അനസ്തെഷ്യ നൽകി. ഡോ. ദീപ അനിരുദ്ധന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഡിയാട്രിക് ഐ.സി യുവിൽ കുട്ടിയെ പരിചരിച്ചത്. രോഗം വ്യക്തമായി നിർണ്ണയിച്ചത് റേഡിയോളജി വിഭാഗത്തിലെ ഡോ. ഷിന്റോ സെബാസ്റ്റ്യൻ, ഡോ. അഖിൽ കെ. നമ്പ്യാർ, ഡോ. കൗസല്യ എന്നിവരാന്.

എമർജൻസി ഓപ്പറേഷൻ തീയേറ്ററിലെ ഹെഡ് നഴ്സിംഗ് ഓഫീസർ മിനി പി. ശ്രീധരന്റെ നിർദേശപ്രകാരം നഴ്സിംഗ് ഓഫീസർ അനു ജോർജാണ് ഓപ്പറേഷൻ അസിസ്റ്റ് ചെയ്തത്. ശിശുശസ്ത്രക്രിയ വിഭാഗത്തിലെയും പിഡിയാട്രിക് ഐ സി യുവിലെയും,  ഹെഡ് നഴ്സിംഗ് ഓഫീസർമാരുടെയും നഴ്സിംഗ് ഓഫീസർമാരുടെയും ആത്മാർത്ഥമായ പ്രവർത്തനമാണ്, ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. പ്രിൻസിപ്പൽ ഡോ എൻ അശോകൻ, സൂപ്രണ്ട് ഡോ രാധിക എന്നിവർ പ്രവർത്തനങ്ങൾ ഏകോപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍