റേഷൻ വ്യാപാരികളോടുള്ള സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റി ജൂലൈ 8,9 തിയ്യതികളിൽ കടയടപ്പു സമരം നടത്തും.

വടക്കാഞ്ചേരി: റേഷൻ വ്യാപാരികളോടുള്ള സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റി ജൂലൈ 8 , 9 തിയ്യതികളിൽ നടത്തുന്ന കടയടപ്പു സമരത്തോടനുബന്ധിച്ച് നാളെ കടകളടച്ച് വിളംബര ജാഥ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 2018 ൽ പുതുക്കിയ വേതന പാക്കേജ് അന്നുതന്നെ അപര്യാപ്തമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.


ആറ് വർഷത്തോളമായി വ്യാപാരികളുടെ ഈ ആവശ്യം പരിഗണിക്കാത്തതിനാൽ എല്ലാ വ്യാപാരികളും നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്. 3000 കടകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. 2021 ൽ ഉണ്ടാക്കിയ കെ.ടി.പി.ഡി.എസ് ആക്ട് വ്യാപാരികളെ എല്ലാ രീതിയിലും ചൂഷണം ചെയ്യുന്നതാണ്. സർക്കാരിൻ്റെ വിഹിതം ഇല്ലാതെ വ്യാപാരികളുടെ വിഹിതം മാത്രമായി കൊണ്ടു നടക്കുന്ന ക്ഷേമനിധി ഒന്നുകിൽ പിരിച്ചു വിടുക, അല്ലെങ്കിൽ കാലോചിതമായി പരിഷ്കരിച്ച് റേഷൻ വ്യാപാരികളുടെ ക്ഷേമത്തിനു വേണ്ടിയുള്ളതാക്കുക.


വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്തംമ്പർ മുതൽ അനിശ്ചിത കാല കടയടപ്പു സമരത്തിലേക്ക് നീങ്ങാൻ വ്യാപാരികൾ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ സേതുമാധവൻ, വി ശ്രീധരൻ , പ്രതീഷ് അപ്പു , കണ്ണൻ ചേറ്റുട്ടി എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍