ചെറുതുരുത്തി സ്വദേശി ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻ.

ഫിലിപ്പൈൻസ് ന്യൂ ക്ലാർക്ക് സിറ്റി അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ, നവംബർ 8 മുതൽ 12 വരെ നടന്ന 22 മത് ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചെറുതുരുത്തി സ്വദേശി ഷെഫീർ കെ പി ,45 മുതൽ 49 വയസ്സ് വരെയുള്ള വിഭാഗത്തിലെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഗോൾഡ്‌ മെഡൽ നേടി ഏഷ്യൻ ചാംപ്യനായി. 


ഈ വിഭാഗത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വെള്ളി മെഡലും ഷെഫീർ കരസ്ഥമാക്കി . ഏഷ്യയിലെ 22 രാജ്യങ്ങളിൽ നിന്നായി 3000 ഓളം കായിക താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ,കടുത്ത മത്സരത്തിനൊടുവിലാണ് ഷെഫീർ ഈ അഭിമാന നേട്ടം രാജ്യത്തിനായി കൈവരിച്ചത്. ഈ വിജയത്തോടെ അടുത്ത വർഷം സ്വീഡനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ പങ്കെടുക്കാനും ഷെഫീർ യോഗ്യത നേടിയിട്ടുണ്ട്.


ഷെഫീറിന്റെ 3 മത്തെ ഏഷ്യൻ ചാംപ്യന്ഷിപ്പായിരുന്നു ഇത്‌, 2017 ൽ ചൈനയിൽ 2 വെള്ളി മെഡലും, 2019 മലേഷ്യയിൽ 3 വെള്ളി മെഡലും, ഒരു വെങ്കവും നേടിയിരുന്നു.2018 ലെ സ്പെയിൻ ൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും ഷെഫീറിന് അവസരം ലഭിച്ചിരുന്നു. ആദ്യമായിട്ടാണ് ഏഷ്യൻ തലത്തിൽ സുവർണ്ണ നേട്ടം കൈവരിക്കുന്നത്, ഇതു തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നു ഷെഫീർ പറഞ്ഞു.


ഹ്രസ്വ ദൂര ഓട്ട മത്സരങ്ങൾ കായിക താരങ്ങളുടെ ശാരീരിക ക്ഷമതയും മാനസികാരോഗ്യസ്ഥിതിയും ഒരു പോലെ പരീക്ഷിക്കപ്പെടുന്ന വേദിയാണ്.ഈ കായികയിനത്തിന്റെ ഏഷ്യൻ വേദിയിലാണ് ഷഫീർ കെ പി എന്ന ചെറുതുരുത്തിക്കാരൻ ഭാരതത്തെ പ്രതിനിധീകരിച്ച് സുവർണ്ണ മുദ്ര കഴുത്തിലണിഞ്ഞത്.അർപ്പണബോധം, സ്ഥിരോത്സാഹം, ചിട്ടയായ പരിശീലനം, വിജയിക്കാനുള്ള അതിയായ ആഗ്രഹം എന്നിവയാണ് ഷെഫീർ എന്ന കായിക താരത്തിന്റെ വിജയ മന്ത്രം.പ്രായത്തെ വെല്ലുന്ന വേഗത്തെയും പ്രായം വെറും അക്കങ്ങളാക്കുന്ന പ്രകടനങ്ങൾ കൊണ്ടും വിസ്മയിപ്പിക്കുകയാണ്ഷെഫീർ എന്നകായിക പ്രതിഭ.


വടക്കാഞ്ചേരി സ്പോർട്സ് ഗ്രിഡ് അത്ലറ്റിക്സ് അക്കാദമി കോച്ച് ആയ ശ്രീ. വിജോയ് യുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. വടക്കാഞ്ചേരി ബോയ്സ് ഹൈ സ്കൂൾ ഗ്രൗണ്ട്, ചാത്തനൂർ ഹൈ സ്കൂൾ സിന്തറ്റിക് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം. മികച്ച നിലവാരമുള്ള പരിശീലനം നൽകുന്ന കോച്ച് വിജോയ്ക്കും, തന്നെ പിന്തുണക്കുന്ന സഹപ്രവർത്തകർ, നാട്ടുകാർ , ബന്ധുക്കൾ എന്നിവർക്ക് ഈ വിജയം സമർപ്പിക്കുന്നതായി ഷെഫീർ പറഞ്ഞു.


ചെറുതുരുത്തി ,കൊളമ്പിൽ പടിഞാക്കര പരേതനായ കെ പി മുഹമ്മദ്‌ ഹുസൈൻ , ബദറുന്നിസ എന്നിവരുടെ മകനായ ഷെഫീർ തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ ആയി ജോലി ചെയ്തു വരികയാണ്. പുലക്കോട് സ്കൂൾ അധ്യാപിക സഹിദ ഭാര്യയാണ്.ദിയ, ദാഫിഹ്, ദുആ എന്നിവർ മക്കളാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍