ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 7

ആയില്യം  / ചതുർത്ഥി

2023 ജൂൺ 22,വ്യാഴം


ഇന്ന് ;

              പോസിറ്റീവ്  മാധ്യമ ദിനം !

          ്്്്്്്്്്്്്്്്്്്്്്്്്

[ Positive Media Day; തെറ്റായ, സത്യസന്ധമല്ലാത്ത, തെറ്റിദ്ധാരണാ-  ജനകമായ രീതിയിലൂടെ  വഴിതെറ്റാതെ ഗുണപരവും  സുനിശ്ചിതവും പ്രചോദനകരവും ആനന്ദദായകവുമായ വാർത്തകൾ നൽകുന്ന (ഒരുദീപസ്തംഭം പോലെ) മാധ്യമ പ്രവർത്തിനായി പ്രേരിപ്പിക്കാൻ ഒരു ദിവസം]


         ലോക മഴക്കാടുകളുടെ ദിനം !

      ************************************

[World Rainforest Day;  മഴക്കാടുകൾ ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ്. ഭൂമിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് ഇവ. 'ഒരാൾ ഒരു മരം' ഇന്നേദിവസം നട്ടുപിടിപ്പിക്കുക അല്ലെങ്കിൽ സംഭാവന ചെയ്യുക എന്നതാണ്‌ ഈ വർഷത്തിലെ 

ഇന്നത്തെ  ദിനത്തിലെ മുദ്രാവാക്യം.! ]


* ക്രോയേഷ്യ:ഫാസിസ്റ്റ് വിരുദ്ധ

   സമരദിനം!

* ഐൽ ഓഫ് മാൻ, ന്യൂ ജഴ്സി, ഗൺസി:

   പിതൃദിനം

* എൽസാൽവദോർ: അദ്ധ്യാപക ദിനം !

* ബേലാറസ്: രണ്ടാം ലോക മഹായുദ്ധത്തിൽ രാജ്യത്തിനു വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മ ദിനം !


USA;

National Kissing Day

National Onion Ring Day

National Chocolate Eclair Day

.                 *********************


'''പ്രകൃതിക്കു നാം പുറം തിരിഞ്ഞു നിൽക്കുന്നു; സൗന്ദര്യത്തെ നേരെ നോക്കാൻ ലജ്ജയാണു നമുക്ക്. നമ്മുടെ പരിതാപകരമായ ദുരന്തങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഓഫീസിന്റെ മണമാണ്‌; അതിൽ നിന്നിറ്റു വീഴുന്ന ചോരയുടെ നിറമോ, അച്ചടിമഷിയുടേതും''


            [-ആൽബർട്ട് കാമ്യു ]

            **********************


"ദി ഡാവിഞ്ചി കോഡ് " എന്ന പ്രശസ്ത നോവൽ എഴുതിയ ഡാൻ ബ്രൌണിന്റെയും (1964 ),


മലയാളം സിനിമകളിലും ചില തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ച  

നടി ഗീത വിജയന്റെയും (1972),


തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമായ 

തമിഴ് നടൻ വിജയ് യുടെയും( ഇളയ ദളപതി-1974),


തെന്നിന്ത്യൻ ചിത്രങ്ങളിൽ  അഭിനയിക്കുന്ന  പ്രധാനമായും

തമിഴിൽ,നടി ദേവയാനിയുടെയും (1973) ജന്മദിനം !              



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***സംസ്ഥാനത്ത് പനി വ്യാപിക്കുന്നു; ഇന്ന് ആറ് മരണം, നാലുപേര്‍ മരിച്ചത് ഡെങ്കിപ്പനി മൂലം

   

 സംസ്ഥാനത്ത് ബുധനാഴ്ച്ച പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം അടക്കമാണ് നാല് പനിമരണം രേഖപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശി വൈ. കൊച്ചുകുഞ്ഞ് ജോണ്‍ (70), ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), ആയുര്‍ വയ്യാനം സ്വദേശി ബഷീര്‍ (74) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരണമടഞ്ഞു.


ചാത്തന്നൂരില്‍ അഞ്ചാം ക്ലാസ്സുകാരന്‍ അഭിജിത്, മൂവാറ്റുപുഴയില്‍ ഐ.ടി.ഐ വിദ്യാര്‍ഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേര്‍. 


***ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതില്‍ 21-ഉം ഡെങ്കിപ്പനി ബാധ മൂലമാണ്. സംസ്ഥാനത്ത് പനിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും വരുന്ന ആഴ്ച്ചകളിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മന്ത്രി വീണാ ജോർജ്ജ്‌ അറിയിച്ചു. വെള്ളിയാഴ്ച്ച സ്‌കൂളുകളിലും ശനിയാഴ്ച്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് നിര്‍ദേശം.


***കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്‌ ശാസ്‌ത്ര - ആരോഗ്യ അവാർഡുകൾ നിർത്തലാക്കി സയൻസ്‌ അക്കാദമികൾ. 


ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) യുവ ശാസ്ത്രജ്ഞർ, ശാസ്ത്ര അധ്യാപകർ, അന്തർദേശീയ നിലവാരമുള്ള ശാസ്ത്രജ്ഞർ എന്നിവർക്കുള്ള 72 അവാർഡുകൾ റദ്ദാക്കി, അതേസമയം നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ (NASI) 20-ലധികം അവാർഡുകൾ നിർത്തലാക്കിയതായി "ദ ടെലിഗ്രാഫ്‌' റിപ്പോർട്ട്‌ ചെയ്‌തു.



പ്രാദേശികം

***************


***വ്യാജ സര്‍ട്ടിഫിക്കേറ്റ് കേസ് പ്രതി കെ. വിദ്യ 15 ദിവസത്തിന് ശേഷം കസ്റ്റഡിയില്


മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജതൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യ15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാടേക്ക് കൊണ്ടുവരും. കോഴിക്കോട് മേപ്പയൂർ, വടകര മേഖലകളിൽ വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.


***എംജി സർവകലാശാലയിൽ 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം; റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഹോളോഗ്രാം ഉള്ള പേരെഴുതാത്ത 154 ബിരുദ- പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. മുൻ സെഷൻ ഓഫീസറേയും നിലവിലെ സെക്ഷൻ ഓഫീസറെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത നിലവിലെ സെക്ഷൻ ഓഫീസറാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്ന് നഷ്ടമായത്. ഇതിൽ പിജി സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലാണ് നടപടി.


***വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണം; കെ.എസ്.യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിനെതിരെ പോലീസ് കേസെടുത്തു. 


 കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിൽ  കന്റോണ്‍മെന്റ് പോലീസാണ്  കേസെടുത്തത്. വ്യാജരേഖാ നിര്‍മാണവും വഞ്ചനാ കുറ്റവും അന്‍സിലിനെതിരെ ചുമത്തിയിട്ടുണ്ട്. ബി കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് കെ.എസ്.യു നേതാവിനെതിരെയുള്ള ആക്ഷേപം. തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം പുറത്ത് വന്നതിന് പിന്നാലെ, തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.


***ലൈഫ് മിഷനില്‍ വീട് കിട്ടിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് തീയിട്ടു


മലപ്പുറം കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാൻ ആണ് ഓഫീസിന് തീയിട്ടത്. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അക്രമം എന്ന് സൂചന. മുജീബിനെ പൊലീസ് പിടികൂടി. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


***കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു


ജയപ്രകാശ് എന്നയാളാണ് ജഡ്ജിയുടെ ഔദ്യോഗിക വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസയർ അടിച്ചു തകർത്തത്. ഇയാളെ തിരുവല്ല പോലീസ് സംഭവ സ്ഥലത്തു വെച്ചു തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു


***ലൈഫ് മിഷന്‍ ഫ്ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. 


കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയം രണ്ടു മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു.


***വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേര്‍ മരിച്ചു. 


കൊടിയാട്ട് പുത്തന്‍തറ ശരത് (33), സഹോദരീപുത്രന്‍ ഇവാന്‍ (4) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

 


ദേശീയം

***********


***കന്യാകുമാരിയിലെ 12 എണ്ണം ഉൾപ്പെടെ തമിഴ്നാട്ടിലെ 500 സര്‍ക്കാര്‍ മദ്യശാലകള്‍ ഇനി തുറക്കില്ല


തമിഴ്നാട്ടിലെ 500 മദ്യശാലകൾക്ക് ഇന്ന് അവസാനം. തങ്ങൾക്ക് കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകളുടെ പ്രവര്‍ത്തനം ജൂൺ 22 വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ – ടാസ്മാക് TASMAC അറിയിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജൂൺ 22 ന് മദ്യശാലകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചത് എന്ന് സർക്കാർ ബുധനാഴ്ച വ്യക്തമാക്കി


***300 കോടിയുടെ മയക്കുമരുന്ന് ഇടപാട്; പോലീസ് എത്തും മുൻപ് 170 കോടിയുമായി ദമ്പതികൾ മുങ്ങി, ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി


മുംബൈ: 300 കോടി രൂപയുടെ മയക്കുമരുന്ന് വിതരണ ഇടപാടുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന ദമ്പതികൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മുംബൈ ദമ്പതികളായ ആശിഷ് കുമാർ മേത്തയും ശിവാനി മേത്തയുമാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന് വിതരണ റാക്കറ്റിന്റെ സൂത്രധാരരെന്ന് സംശയിക്കുന്ന ഇവർക്കായി മധ്യപ്രദേശ് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു


***യന്ത്രത്തകരാർ; ഡൽഹി- ഡെറാഡൂൺ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി


ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഇൻഡി​ഗോ വിമാനമാണ് തിരിച്ചിറക്കിയത്. എൻജിൻ തകരാറിനെ തുടർന്നാണ് ഡൽഹി വിമാനത്താനളത്തിൽ അടിയന്തിര ലാൻഡിങ്ങ് നടത്തേണ്ടി വന്നത്. യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്നും വിമാനത്തിൽ വിശദമായ പരിശോധനകൾ നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.



അന്തർദേശീയം

*******************


***പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്


യുഎന്‍ ആസ്ഥാനത്തെ യോഗാദിനാചരണത്തിന് ശേഷമാണ് മോദി വാഷിംഗ്ടണ്‍ ഡിസിയിലെത്തിയത്. ഏറ്റവും അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോര്‍ഡ് നേട്ടമാണ് ഇത്തവണത്തെ യോഗ ദിനാചരണത്തിന് കൈവന്നത്. 135 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന യോഗ ദിനാചരണത്തില്‍ പങ്കെടുത്തത്. ഖത്തറില്‍ 2022 ല്‍ നടന്ന യോഗ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ഇന്ത്യന്‍ എംബസിയുടെ കീഴിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ച ആ യോഗ പരിപാടിയില്‍ 114 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭാഗമായിരുന്നത്. ഈ ഗിന്നസ് റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തവണ തിരുത്തിയത്.


***മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കാന്‍ 2 വനിതകള്‍


 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ചെറിയൊരു വിവാദം കൂടി ഉണ്ടായിരിക്കുകയാണ്. മോദിയുടെ യുഎസ് കോണ്‍ഗ്രസ് അഭിസംബോധന ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ട് മുസ്ലീം വനിതാ നേതാക്കള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.  അമേരിക്കന്‍ കോണ്‍ഗ്രസിലെ മിനസോട്ടയില്‍ നിന്നുള്ള പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍, മിഷിഗണില്‍ നിന്നുള്ള പ്രതിനിധി റാഷിദ തലൈബ് എന്നിവരാണ് മോദിയുടെ പ്രസംഗത്തെ ബഹിഷ്‌കരിക്കുന്നത്.


***ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.


സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി ചൈന-അമേരിക്ക ബന്ധത്തില്‍ സുസ്ഥിരത കൈവരിക്കാന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജോ ബൈഡന്റെ പരാമര്‍ശം.


 കാലിഫോര്‍ണിയയില്‍ നടന്ന ഒരു ധനസമാഹരണ ചടങ്ങിനിടെ ഈ വര്‍ഷം ആദ്യം യുഎസ് വ്യോമാതിര്‍ത്തിയില്‍ കടന്ന ചൈനീസ് ചാര ബലൂണിനെ വെടിവെച്ച്‌ വീഴ്ത്തിയതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ്‌ ബൈഡന്‍, ഷി ജിന്‍പിംഗിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ചത്.



കായികം

************


***ഏകദിന ലോകകപ്പ് യോഗ്യത: ഒമാന്‍ കുതിപ്പ് തുടരുന്നു! ഇത്തവണ തോറ്റത് യുഎഇ; സാധ്യതകള്‍ മങ്ങി


ബുലവായോ: ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയറില്‍ ഒമാന് തുടര്‍ച്ചയായ രണ്ടാം ജയം. യുഎഇക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരു ഒമാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഒമാന്‍ 46 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അക്വിബ് ഇല്യാസ് (53), ഷൊയ്ബ് ഖാന്‍ ( പുറത്താവാതെ 52), മുഹമ്മദ് നദീം (50) എന്നിവരടെ അര്‍ധ സെഞ്ചുറികളാണ് ഒമാനെ വിജയത്തിലേക്ക് നയിച്ചത്.



വാണിജ്യം

************


*** രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി


 ബിഎസ്ഇ സെൻസെക്സ് 195.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,523.15-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40.15 പോയിന്റ് നേട്ടത്തിൽ 18,856.85-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിക്കുന്നത്


***സ്വർണവില വീണ്ടും 44,000 ത്തിന് താഴേക്ക്


 ഇന്നലെ ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസം കൊണ്ട്  320 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്



ഇന്നത്തെ സ്മരണ !!!

************************


പൂവച്ചൽ ഖാദർ മ. (1948-2021)

സെബീന റാഫി മ. (1924-1990)

ജോർജ്ജ് ജോസഫ് പൊടിപാറ മ. (1932-1999)

പവനൻ മ. (1925-2006)

കൂത്താട്ടുകുളം മേരി മ. (1921-2014)

പാറശാല ബി. പൊന്നമ്മാൾ മ. (1924-2021)

സി.ജെ. ഡെന്നിസ് മ. (1876-1938)

വാൾട്ടർ ഡി ലാ മെയർ മ. (1873-1956)


വിദ്വാൻ കെ. പ്രകാശം ജ.(1909-1976)

ജി. ശങ്കരപിള്ള ജ. (1930-1989)

കെ.കെ.വാസുമാസ്റ്റർ ജ. (1922 -2010)

അമരീഷ്  പുരി ജ. (1932- 2005)



ചരിത്രത്തിൽ ഇന്ന് !

**********************


1812 - നെപ്പോളിയൻ റഷ്യയിൽ ആക്രമിച്ചു കടന്നു.


1866 - ആസ്ട്രോ പ്രഷ്യൻ യുദ്ധത്തിൽ ഓസ്ട്രിയൻ സേന ഇറ്റാലിയൻ സേനയെ പരാജയപ്പെടുത്തി.


1911 - എഡ്വാർഡ് ഏഴാമനെ പിന്തുടർന്ന് ജോർജ്ജ് അഞ്ചാമൻ യു.കെ.-യുടെ രാജാവായി.


1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.


1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ ബാർബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജർമ്മനി സോവിയറ്റ് യൂണിയനിൽ ആക്രമിച്ചു കടന്നു.


1962 - 113 പേരുടെ മരണത്തിന്‌ കാരണമായി, എയർ ഫ്രാൻസിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇൻഡീസിലെ ഗ്വാഡ്‌ലൗപ്പിൽ തകർന്നു വീണു.


1976 - കാനഡയിലെ ജനസഭ വധശിക്ഷ നിർത്തലാക്കി.


1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളൻ ഗ്രഹം ഷാരോൺ കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.


1986 - അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടി.


2001 - കടലുണ്ടി തീവണ്ടിയപകടം


2002 - പടിഞ്ഞാറൻ ഇറാനിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ 261 പേരിലധികം മരണമടഞ്ഞു.


2009 - ഫോർട്ട് ടോട്ടൻ സ്റ്റേഷന് സമീപം തെക്കോട്ട് സഞ്ചരിക്കുന്ന വാഷിംഗ്ടൺ ഡിസി മെട്രോ ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കാത്തിരുന്ന മറ്റൊരു ട്രെയിനിൽ കൂട്ടിയിടിച്ചു . കൂട്ടിയിടിയിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും (എട്ട് യാത്രക്കാരും ട്രെയിൻ ഓപ്പറേറ്ററും) കുറഞ്ഞത് 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 


2012 - പരാഗ്വേ പ്രസിഡന്റ് ഫെർണാണ്ടോ ലുഗോയെ ഇംപീച്ച്‌മെന്റിലൂടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും തുടർന്ന് ഫെഡറിക്കോ ഫ്രാങ്കോ അധികാരത്തിൽ വരികയും ചെയ്തു .


2012 - ഒരു തുർക്കി എയർഫോഴ്‌സ് മക്‌ഡൊണൽ ഡഗ്ലസ് എഫ്-4 ഫാന്റം II യുദ്ധവിമാനം സിറിയൻ സായുധ സേന വെടിവെച്ച് വീഴ്ത്തി , വിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊല്ലപ്പെടുകയും തുർക്കിയും സിറിയയും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.


2015 - അഫ്ഗാൻ ദേശീയ അസംബ്ലി മന്ദിരം ചാവേർ ബോംബാക്രമണത്തിന് ശേഷം തോക്കുധാരികൾ ആക്രമിച്ചു . ആയുധധാരികളായ ആറ് പേരും കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2022 - കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഒരു ഭൂകമ്പം ഉണ്ടായി, അതിന്റെ ഫലമായി 1,000 പേർ മരിച്ചു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍