വന്യമൃഗങ്ങളുടെ ആക്രമണം; വാഴാനിയിൽ സോളാർ ഫെൻസിങ് പുരോഗമിക്കുന്നു; സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തി



കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യം നേരിടുന്ന വാഴാനി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി സോളാർ ഫെൻസിങ് (സൗരവേലി നിർമ്മാണം) ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ച് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. വാഴാനി ഡാം ഐ ബി മുതൽ വലിയതോട് വരെ 1.6 കിലോമീറ്റർ ദൂരത്താണ് സൗരവേലി കെട്ടുന്നത്. വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് 3.68 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. വാഴാനിയിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം അനുഭവപ്പെട്ട ഘട്ടത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ നേതൃത്വത്തിൽ 2022 ആഗസ്റ്റിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പങ്കെടുത്തുകൊണ്ട് യോഗം ചേരുകയും കാട്ടാന ശല്യം നിയന്ത്രിക്കാൻ സോളാർ ഫെൻസിങ് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. 



തുടർന്ന് സമർപ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ച് വാഴാനി ഐ ബി മുതൽ വലിയതോട് വരെ 1.6 കിലോമീറ്റർ ദൂരം സോളാർ ഫെൻസ് സ്ഥാപിക്കാൻ 3.68 ലക്ഷം രൂപ വനം വകുപ്പിൽ നിന്നും ലഭ്യമാവുകയും ചെയ്തു. മാർച്ച് മാസത്തിൽ ചേർന്ന നിയമസഭാ സമ്മേളനത്തില്‍ വാഴാനിയിലെയും സമീപ പ്രദേശങ്ങളിലെയും കാട്ടാന ശല്യവും വന്യമൃഗങ്ങളുടെ സാന്നിധ്യവും ജനങ്ങളുടെയും കര്‍ഷകരുടെയും ദുരിതവും ചൂണ്ടിക്കാട്ടി നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞിരുന്നു.



2023 ഏപ്രിലിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വീണ്ടും സ്ഥലം സന്ദർശിക്കുകയും മേലില്ലത്ത് യോഗം ചേരുകയും ചെയ്തിരുന്നു. ജില്ലയില്‍ മന്ത്രി പങ്കെടുത്തുകൊണ്ട് സംഘടിപ്പിച്ച വന സൗഹൃദ സദസ്സിലും എം എല്‍ എ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. തുക അനുവദിച്ച പ്രവൃത്തി നിരവധി തവണ ടെൻഡൻ ചെയ്തിട്ടും പ്രവൃത്തി ആരും ഏറ്റെടുക്കാത്ത സാഹചര്യത്തിൽ, കുതിരാൻ മേഖലയിൽ കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷന്റെ കീഴിൽ സോളാർ ഫെൻസിങ് പ്രവൃത്തി ഏറ്റെടുത്ത കോൺട്രാക്ടറെ ബന്ധപ്പെടുത്തുകയും അതിനെത്തുടർന്ന് നടപടികൾ വേഗത്തിലാവുകയും ചെയ്തു. സൗരവേലി സ്ഥാപിക്കുന്നതിന് മുമ്പായി തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിക്കാട് വെട്ടി വൃത്തിയാക്കി. തുടർന്നാണ് സൗരവേലി നിർമ്മാണം ആരംഭിച്ചത്. 



ചേപ്പലക്കോട് മുതൽ പട്ടാണിക്കാട് വരെ 10 കിലോമീറ്റർ ദൂരം സൗരവേലി നിർമ്മാണത്തിനായി 23.8 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുറ്റിക്കാട് മുതൽ മേലില്ലം വരെ 6 കിലോമീറ്റർ ദൂരം സൗരവേലി നിർമ്മാണത്തിനായി 14.9 ലക്ഷം രൂപയുടെ പദ്ധതിയും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ടി പ്രവൃത്തികൾ വന്യമിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിനാണ് ശ്രമിക്കുന്നത്. ആരംഭിച്ച പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും വന്യമൃഗ ശല്യത്തിന് പൂർണ്ണമായ പരിഹാരം കാണുന്നതിനുമാവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്ന് എം എൽ എ പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍