രാജ്യത്തിന് മാതൃക.
സിനിമാ കോൺക്ലേവ് - നിർണ്ണായക ചുവടുവയ്പ്പ് : പിണറായി വിജയൻ
മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുന്ന സിനിമാകോണ്‍ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണ്. തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ച ജെ സി ഡാനിയേലിന്റെ വിഗതകുമാരനില്‍ നിന്നാണ് മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നതെന്നും ആ തിരുവനന്തപുരം തന്നെ ഇത്തരമൊരു ഉദ്യമത്തിനും വേദിയാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.
കഴിഞ്ഞ ഒമ്പത് ദശകക്കാലത്തിനുള്ളില്‍ കേരളം എന്ന ദേശത്തെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മലയാള സിനിമയ്ക്കും ഇവിടുത്തെ ചലച്ചിത്ര പ്രതിഭകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ
പുരസ്‌കാരങ്ങള്‍ മലയാള സിനിമ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ഉയര്‍ന്ന സാക്ഷരത ഉയര്‍ന്ന ദൃശ്യസാക്ഷരതയും ഉന്നതമായ ചലച്ചിത്ര ആസ്വാദനശേഷിയുമുള്ള നാടായി നമ്മുടെ കേരളം വിലയിരുത്തപ്പെടുന്നത്.
കേരളത്തിന്റെ സാമൂഹിക പുരോഗതിയ്ക്കുവേണ്ട സാംസ്‌കാരിക ഊര്‍ജം പകരുന്നതില്‍ മലയാള സിനിമ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ സാമൂഹിക- സാമ്പത്തിക രംഗവുമായി ഇഴചേര്‍ന്നുകിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കേണ്ടതും വിപുലീകരിക്കേണ്ടതും ഏറെ അനിവാര്യമാണ്. അതിനുതകുന്ന ഒരു ചുവടുവെയ്പ്പാണ് കോണ്‍ക്ലേവ്.
കേരളത്തെ അപകീര്‍ത്തിപെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത കേരള സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിനെ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ലെന്നും മറിച്ച് വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീര്‍ത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
ഇന്ത്യന്‍ സിനിമയുടെ മഹത്തായ സാംസ്‌കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്ക് അപ്പുറമുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ത്ത്, അതിനെ വര്‍ഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്നുള്ള സന്ദേശമാണ് ഇതിന് പിന്നിലുള്ളത്.
കേരളത്തിലെ സാംസ്‌കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
0 അഭിപ്രായങ്ങള്‍