രാജ്യത്തിൻ്റെ സമുദ്രമേഖലയിൽ നിന്ന് ആണവധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ മേഖലക്കും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ ചട്ടങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു : പി. രാജീവ്, വ്യവസായ വകുപ്പ് മന്ത്രി.



 സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും മത്സ്യസമ്പത്തിനേയും, ദേശീയ സുരക്ഷയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന 2025ലെ ഓഫ്‌ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ പിൻവലിക്കുന്നതിനൊപ്പം ആഴക്കടൽ ധാതുഖനന നീക്കം ഉപേക്ഷിക്കുകയും വേണം. ആണവ ധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിൻ്റെ തീര സമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിൻ്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ ഏകപക്ഷീയമായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

സമുദ്രമേഖലയിൽ നിന്ന് യുറേനിയം, തോറിയം പോലുള്ള ആണവ ധാതുക്കളുടെ ഖനനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്കും അനുമതി ലഭിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യസുരക്ഷയെ പ്രത്യക്ഷത്തിൽ ബാധിക്കും. കേരളം, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശം ബീച്ച് സാൻഡ് ധാതുക്കളാൽ സമ്പന്നമാണ്. അണുശക്തി ഉൽപാദനത്തിനുള്ള തോറിയം മുതലായ ധാതുക്കളുടെ സാന്നിധ്യം ഇവിടെയുണ്ട്. പുതിയ ചട്ടങ്ങൾ കേരളത്തെ സാരമായി ബാധിക്കുന്നതാണ്. ചട്ടങ്ങൾ പ്രകാരം ഖനനാനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനും അതിൻ്റെ ഏജൻസികൾക്കുമാണ്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല. ഇത് സംസ്ഥാനത്തിൻ്റെ ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കലാണ്.

ആഴക്കടൽ ധാതുഖനനം സമുദ്രഭാഗത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. മത്സ്യമേഖലയേയും ഖനനം സാരമായി ബാധിക്കും. മത്സ്യസമ്പത്തിനെ മാത്രമല്ല മത്സ്യങ്ങളുടെ ആഹാര ശൃംഖലയേയും ഇല്ലാതാക്കും. ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗവും പ്രതിസന്ധിയിലാകും. ധാതുമണലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ ഭീഷണിയാകും. ഇവിടങ്ങളിലെ തൊഴിലവസരങ്ങളേയും ബാധിക്കും.

സംസ്ഥാനത്തിൻ്റെ കടുത്ത എതിർപ്പ് അവഗണിച്ച് കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ വിദേശ ഏജൻസികൾ ഉൾപ്പെടെയുള്ളവർക്ക് കടൽ മണൽ ഖനനത്തിന് അനുമതി നൽകാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയാണ്. ഈ അവസരത്തിൽ തന്നെ ധാതു ഖനനത്തിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നത് പ്രതിഷേധാർഹമാണ്. കേന്ദ്ര ചട്ടങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍