പാലക്കാട്: വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്കു തടയാൻ ‘ഓപ്പറേഷൻ നാളികേര’യുമായി ഭക്ഷ്യസുരക്ഷാവകുപ്പ്. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഒരുമാസത്തിനിടെ 32 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴു സ്ഥാപനങ്ങളോട് പിഴയടയ്ക്കാൻ നിർദേശിച്ചു. 438 സാമ്പിളുകളാണ് പരിശോധയ്ക്ക് ശേഖരിച്ചത്. കേരഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന 41 ബ്രാൻഡുകൾ കണ്ടെത്തി. വെന്ത വെളിച്ചെണ്ണ, ചക്കിലാട്ടിയ എണ്ണ എന്നീപേരുകളിലും വ്യാജ കച്ചവടം കണ്ടെത്തി. മായമുണ്ടെന്നു സംശയം തോന്നിയാൽ ടോൾഫ്രീനമ്പറായ 1800425 1125-ൽ അറിയിക്കാമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ലിറ്ററിന് 60 രൂപമാത്രം വിലയുള്ള ലിക്വിഡ് പാരാഫിൻ ഓയിലിൽ വെളിച്ചെണ്ണയുടെ ഗന്ധം ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമിക്കുന്നതെന്നാണ് സൂചന. മധുര, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ മരുന്നുനിർമാണശാലകളിൽ നിന്നാണ് ലിക്വിഡ് പാരാഫിൻ ലഭിക്കുന്നത്. ത്വക്ക് രോഗങ്ങളുള്ളവർക്ക് പുറമേ മാത്രം പുരട്ടാൻ ഇവ ഉപയോഗിക്കാമെങ്കിലും വയറ്റിൽ ചെന്നാൽ ഇത് മാരകരോഗങ്ങൾക്കിടയാക്കും.
വ്യാജനെ കണ്ടെത്താം.
ചില്ലുഗ്ലാസിലോ കുപ്പിയിലോ വെളിച്ചെണ്ണയെടുത്ത് അരമണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ വ്യാജനെ കണ്ടെത്താം. ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. വെള്ളനിറമായിരിക്കും. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടുനിൽക്കും. ചുവപ്പുകലർന്ന നിറവ്യത്യാസം കാണിക്കും.
ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ടുലിറ്റർ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ. എല്ലാ റേഷൻകാർഡ് ഉടമകൾക്കും ലഭിക്കും. ഓഗസ്റ്റിൽ ഒരു റേഷൻകാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാർഡുകാർക്ക് അടുത്തമാസവും നാലാംതീയതി വരെ സബ്‌സിഡിനിരക്കിൽ വെളിച്ചെണ്ണ വാങ്ങാം.
മന്ത്രിമാരായ ജി.ആർ. അനിലും, പി. രാജീവും വ്യവസായികളുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്ത് വെളിച്ചെണ്ണവില കുറയ്ക്കാൻ ധാരണയായിരുന്നു. അമിതലാഭം ഒഴിവാക്കി വെളിച്ചെണ്ണ ലഭ്യമാക്കാമെന്ന് വ്യവസായികൾ ഉറപ്പുനൽകിയെന്ന് ജി.ആർ. അനിൽ പറഞ്ഞു. കൊച്ചിയിൽ നടന്ന ചർച്ചയിൽ അറുപതിലധികം വെളിച്ചെണ്ണ ഉത്പാദകർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍