വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മുളങ്കുന്നത്തുകാവിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി 13.65 കോടി രൂപ അനുവദിച്ചു. കേരള സംസ്ഥാന ഹൗസിങ് ബോർഡ് സമർപ്പിച്ച പ്രൊപ്പോസൽ പരിഗണിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ 2024-25 വർഷത്തെ മൂലധനച്ചെലവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കേരള സംസ്ഥാന ഹൗസിങ് ബോർഡ് ആണ് നിർവ്വഹണ ഏജൻസി. പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയായതായും, നിർമ്മാണം ഉടൻ ആരംഭിക്കാനാകുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
കേരള സംസ്ഥാന ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള കിള്ളന്നൂർ വില്ലേജിലെ സർവ്വേ നമ്പർ 560ൽ ഉൾപ്പെടുന്ന 26.5 സെന്റ് ഭൂമിയിലാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മിക്കുക. ഏഴ് നിലകളിലായി 25,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് 32 ഫ്ലാറ്റുകളുള്ള ഭവന സമുച്ചയം ഒരുങ്ങുന്നത്. 610 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഒരു ഫ്ലാറ്റിൽ ഹാൾ, കിച്ചൻ, ഒരു ബെഡ്‌റൂം എന്നിവ ഉണ്ടാകും. ഇത്തരത്തിൽ 32 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന ഭവന സമുച്ചയത്തിൽ 13 കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് സ്പെയ്സ് സൗകര്യം, സെക്യൂരിറ്റി റൂം, ഫയർ ഫൈറ്റിങ് സംവിധാനം, മഴവെള്ള സംഭരണി, മലിനജല ശുദ്ധീകരണ സംവിധാനം, സോളാർ പാനലുകൾ, സി.സി.ടി.വി. എന്നിവയും ഒരുക്കും. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്, ചെസ്റ്റ് - ഇഎസ്ഐ ആശുപത്രികൾ, ഗവ. ഡെൻ്റൽ - നഴ്സിംഗ് കോളേജുകൾ, അമല മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജുകൾ, ആരോഗ്യ സർവ്വകലാശാല, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ - കില, സി-മെറ്റ്, എസ്.ഐ.എഫ്.എൽ എന്നീ ബൃഹത്ത് സ്ഥാപനങ്ങളും വ്യവസായ എസ്റ്റേറ്റുകളും സ്ഥിതിചെയ്യുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ മുളങ്കുന്നത്തുകാവ് - അത്താണി മേഖലകളിൽ തൊഴിലുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളും വനിത സംരംഭകരും താമസിച്ചുവരുന്നുണ്ട്. സൗകര്യപ്രദവും ചെലവുകുറഞ്ഞതും, മികച്ചതും സുരക്ഷിതവുമായ താമസ സൗകര്യങ്ങൾ ഒരുക്കുക എന്നത് ഈ മേഖലയുടെ ഒരു പ്രധാന ആവശ്യകതയായി കണ്ടുകൊണ്ടുള്ള ഇടപെടലും ശ്രമങ്ങളുമാണ് ഇതെന്ന് എംഎൽഎ അറിയിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 75 പേർക്ക് താമസിക്കാവുന്ന, നാല് കോടി രൂപ ചിലവിൽ ഹൗസിങ് ബോർഡ് നിർമ്മാണം പൂർത്തിയാക്കി മെഡിക്കൽ കോളേജിന് കൈമാറിയ "ആശ്വാസ് വാടക വീട്" മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. മുളങ്കുന്നത്തുകാവിൽ കിലയുടെ അടുത്തായി നിർമ്മാണം ആരംഭിക്കാനിരിക്കുന്ന 32 ഫ്ലാറ്റുകളുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ സമുച്ചയം സ്ത്രീ സുരക്ഷയിലും വനിതാ ശാക്തീകരണത്തിലും ഒരു നിർണ്ണായക ചുവടുവെപ്പാണെന്നും, വടക്കാഞ്ചേരി മണ്ഡലത്തിൽ ഒരു പുതിയ വികസന പദ്ധതി കൂടി യാഥാർത്ഥ്യമാകുകയാണെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍