തിരുവനന്തപുരം നഗരസഭയുടെ 2020-21 സാമ്പത്തിക വർഷത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിലെ വനിതകൾക്കും, 2021-22 സാമ്പത്തിക വർഷത്തിൽ ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്കും സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്ന രണ്ട് കേസുകളിലായി തിരുവനന്തപുരം കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി ജോലി നോക്കിയിരുന്ന തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ പ്രവീൺരാജ്, ബാലരാമപുരം സ്വദേശി ഷെഫിൻ.എം.ബി, പട്ടം സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് മാനേജർ സോണി എന്നിവരുൾപ്പെടെ 14 പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നഗരസഭയുടെ 2020-21 സാമ്പത്തിക വർഷത്തിൽ എസ്.സി/എസ്.ടി വിഭാഗത്തിലെ വനിതകൾക്കും, 2021-22 സാമ്പത്തിക വർഷത്തിൽ ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്കും സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം നഗരസഭ പരിധിയിൽ താമസ്സിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് ഒരു കോടി ഇരുപത്താറ് ലക്ഷം രൂപയും, 2021-22 സാമ്പത്തിക വർഷത്തിൽ ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിന് ഒരു കോടി പതിനാല് ലക്ഷം രൂപയും സബ്സിഡി ലോണായി അനുവദിച്ചിരുന്നു. എന്നാൽ സബ്സിഡി മാനദണ്ഡങ്ങൾ പാലിക്കാതെ നഗരസഭ കൗൺസിൽ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് പദ്ധതി മാർഗ്ഗരേഖകൾ ലംഘിച്ച് സബ്സിഡി അനുവദിച്ചും, രേഖകൾ ഓഫീസിൽ നിന്നും മാറ്റി തെളിവുകൾ നശിപ്പിച്ചും, പട്ടം സർവ്വീസ് സഹകരണ ബാങ്ക് വഴി ഇടനിലക്കാരിയായ സിന്ധു ആരംഭിച്ചിട്ടുള്ള അശ്വതി സപ്ലൈയേഴ്സ് എന്ന വ്യാജ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അവിടുന്ന് മറ്റ് ഇടനിലക്കാരുടെ അക്കൗണ്ട്കളിലേക്കും തുകകൾ മാറ്റിയും വ്യാപക അഴിമതി നടന്നിരുന്നു.
എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയർ മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരവെ പ്രതികളായ പ്രവീൺരാജ്, തിരുവനന്തപുരം നഗരസഭയിലെ എസ്.സി/എസ്.ടി പ്രമോട്ടറായിരുന്ന സിന്ധു, സഹായി അജിത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വിജിലൻസിന് കൈമാറിയ ഈ കേസിലാണ് പട്ടം സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് മാനേജറായ സോണി, ഇടനിലക്കാരായി പ്രവർത്തിച്ച മണക്കാട് സ്വദേശി ശ്രീകുമാർ, കഴക്കൂട്ടം സ്വദേശിയായ സുരേഷ് ബാബു, കോവളം സ്വദേശി അനിരുദ്ധൻ, തിരുവല്ലം സ്വദേശി ബിന്ദു, ബാലരാമപുരം സ്വദേശി അശ്വതി, മുട്ടയ്ക്കാട് സ്വദേശി അശ്വതി, വഞ്ചിയൂർ സ്വദേശി മോനിശേഖർ, ബാലരാമപുരം സ്വദേശി ഷിബിൻ, കല്ലിയൂർ സ്വദേശി വിഷ്ണു, എന്നിവരെ ഇന്ന് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം നഗരസഭയിലെ 2021-22 സാമ്പത്തിക വർഷത്തിൽ ബി.പി.എൽ വിഭാഗത്തിലെ വനിതകൾക്ക് സംരംഭകത്വം തുടങ്ങുന്നതിനായി സബ്സിഡി ലോൺ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തുകയും തുടർന്ന് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി തിരുവനന്തപുരം കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി ജോലി നോക്കിയിരുന്ന ഷെഫിൻ.എം.ബി, പ്രവീൺരാജ് എന്നിവരെ പ്രതികളാക്കി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി ജോലി നോക്കിയിരുന്ന ബാലരാമപുരം സ്വദേശി ഷെഫിൻ.എം.ബി, കാഞ്ഞിരംകുളം സ്വദേശി പ്രവീൺരാജ്, ഇടനിലക്കാരായി പ്രവർത്തിച്ച മൂന്നാറ്റ്മുക്ക് സ്വദേശി സിന്ധു, പൂങ്കുളം സ്വദേശിയായ അജിത, എന്നിവരെ ഇന്ന് അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍