ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന് വന്നിരുന്ന ഭദ്രദീപം ആദ്യമായി നടന്നത് 1744 ലും, ആദ്യമായി ലക്ഷദീപം നടന്നത് 1750 ലും ആയിരുന്നു.
രാജ്യം ശ്രീപദ്മനാഭ സ്വാമിക്ക് സമർപ്പിക്കപ്പെട്ട AD 1750 ലെ തൃപ്പടിദാനത്തിന് കൃത്യം അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ആദ്യ ലക്ഷദീപം നടന്നത് എന്നാണ് രേഖ. ആറ് മാസത്തിൽ ഒരിക്കൽ വീതമാണ് ഭദ്രദീപം. ഒരോ പന്ത്രണ്ടാം ഭദ്രദീപവും മുറ ജപത്തിൽ കലാശിക്കും.
മുറ ജപത്തിൻ്റെ അമ്പത്താറാം ദിവസം ലക്ഷദീപം. ഇതാണ് അതിൻ്റെ ദിവസങ്ങളുടെ ക്രമം.
തിരുവിതാംകൂർ മഹാരാജാക്കന്മാർ നടത്തി വന്നിരുന്ന ഭദ്രദീപം അത്യന്തം പവിത്രമായ ഒരു യജ്ഞമാണ്. ഈ യജ്ഞം രാജ്യത്തെ വലയം ചെയ്യുന്ന കഷ്ടതകളിൽ നിന്നുള്ള മോചനവും തുടർന്ന് ജനങ്ങൾക്ക് ഐശ്വര്യവും പുരോഗതിയും ലക്ഷ്യമാക്കിയാണ് നടത്തി വന്നിരുന്നത്. മതിലകത്തെ ശീവേലിപ്പുരയുടെ പുറത്തായി തെക്കു വശത്തുള്ള കെട്ടിടമാണ് ദീപയാഗ മണ്ഡപം അഥവാ നമ്മൾ ഇന്നു കാണുന്ന ഭദ്രദീപപ്പുര. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭദ്രദീപപ്പുര പ്രത്യേക ചൈതന്യമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നാണ് രേഖകളിൽ പറയുന്നത്. (ഭദ്രദീപപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള സാള ഗ്രാമങ്ങളിലാണ് ചക്രാബ്ദ പൂജ എന്ന് അറിയപ്പെട്ടിരുന്ന സാരഗർഭമായ ആരാധന നടത്തി വന്നിരുന്നത്. അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ തുടർച്ചയായുള്ള യുദ്ധ വിജയങ്ങൾക്കായിരുന്നു ചക്രാബ്ദ പൂജ. പിന്നീട് അത് രാജ്യത്തിൻ്റെ തന്നെ സംരക്ഷണത്തിനും പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി നടത്തി വന്നിരുന്നു). മകരം ഒന്നിലെ സംക്രാന്തിയിലും, കർക്കിടകം ഒന്നിലെ സംക്രാന്തിയിലും അവസാനിക്കുന്ന രീതിയിൽ ഏഴ് ദിവസം നീണ്ട് നിൽക്കുന്ന രണ്ട് ഭദ്രദീപമാണ് ഒരു വർഷം നടന്നിരുന്നത്.
സങ്കീർണ്ണമായ ഭദ്രദീപത്തിലെ ഗൗരവാവഹമായ ചടങ്ങുകൾ തന്ത്രിമാർ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശീവേലി പുരയ്ക്ക് പുറത്ത് നടക്കുന്ന ഭദ്രദീപത്തിന് ഒപ്പം തന്നെ ക്ഷേത്രത്തിനകത്ത് വലിയ പെരുമാളിന് കളഭവും നടക്കണം. അതായിരുന്നു ചിട്ട.
അവസാന ഭദ്രദീപം നടന്നത് ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിൻ്റെ ഭൂമിയിലെ ജീവിത കാലത്താണ്. രാജ്യത്തിൻ്റെയും ജനങ്ങളുടെയും ഐശ്വര്യത്തിനും നന്മയ്ക്കുമാണ് ഭദ്രദീപം നടത്തി വന്നിരുന്നത് എന്നാണ് വിശ്വാസം. ആദ്യത്തെ
ഭദ്രദീപം ക്ഷത്രിയ രാജാവായ കാർത്ത്യവീര്യാർജുനൻ മുൻകൈയ്യെടുത്ത് നടത്തിയ ഒറ്റപ്പെട്ട സംഭവമായിരുന്നു എന്നാണ് രേഖകളിൽ കാണുന്നത്. എന്നാൽ അത് ഒരിക്കലും മുടക്കം വരാതെ തുടർന്ന് പോയിട്ടുള്ളത് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ചിത്തിര തിരുനാൾ മഹാരാജാവ് വരെയുള്ള ഭരണാധികാരികളുടെ കാലത്താണ്.
ഭൂതകാലത്തിൻ്റെ താളുകളിലേക്ക് പിൻവാങ്ങിയ ഭദ്രദീപം ചടങ്ങിനെ, നാട്ടിലെ ജനങ്ങളുടെയും, രാജ്യത്തിൻ്റെയും നന്മയ്ക്കും, ഐശ്വര്യത്തിനും, ക്ഷേമത്തിനും, പുരോഗതിക്കും സമാധാനത്തിനും സന്തോഷത്തിനുമായി, അതിൻ്റെ ഗംഭീര രൂപത്തിൽ തന്നെ വീണ്ടും നടന്നു കാണാൻ സാക്ഷാൽ ശ്രീപദ്മനാഭ സ്വാമിയോട് പ്രാർത്ഥിക്കുന്നു.
Note : ഭദ്രദീപത്തിനെ പറ്റിയുള്ള വിവരങ്ങൾ From "ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം" written by HH അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.
Pic :
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ 1912 ലെ ചിത്രമെന്ന് കരുതുന്നത്.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)



0 അഭിപ്രായങ്ങള്‍