ഗുരുവായൂർ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധം.

ഗുരുവായൂർ ദേവസ്വം നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രചാരണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അറിയിച്ചു. ദേവസ്വത്തെ അപകീർത്തിപ്പെടുത്തി മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ മൂലം ഗുരുവായൂരപ്പ ഭക്തർക്ക് ഉണ്ടായ മനോവേദന ഭരണ സമിതി മനസിലാക്കുന്നു. ആദായ നികുതി വകുപ്പിനെ ഒരു രൂപ പോലും ദേവസ്വം കബളിപ്പിട്ടില്ല. 

കേരള നിയമസഭ പാസാക്കി ബഹു.രാഷ്ട്രപതി അംഗീകരിച്ച ഗുരുവായൂർ ദേവസ്വം ആക്ട് 1978 പ്രകാരമാണ് ദേവസ്വം പ്രവർത്തിക്കുന്നത്. ആദായ നികുതി നിയമം 10 (23BBA) പ്രകാരം ഗുരുവായൂർ ദേവസ്വത്തിൻ്റെ എല്ലാവരുമാനങ്ങളും ആദായ നികുതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻ്റെ സർക്കുലർ നമ്പർ 4 / 2002 dt.16- 7-2002 ,ഭേദഗതി സർക്കുലർ 18/2017 പ്രകാരവും ഗുരുവായൂർ ദേവസ്വം വരുമാനം ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്. സർക്കാരിലേതിന് സമാനമായി ബജറ്റ് അധിഷ്ഠിതമായ രീതിയിൽ വിവിധ വകുപ്പുകൾ മുഖേനെയാണ് (വിവിധ അക്കൗണ്ടിങ്ങ് ഹെഡുകൾ എന്ന രീതിയിൽ ) ദേവസ്വത്തിൻ്റെ അക്കൗണ്ടിങ്ങ് സംവിധാനം പ്രവർത്തിക്കുന്നത്.

ഈ സംവിധാന പ്രകാരം ദേവസ്വത്തിലെ വിവിധ വകുപ്പുകൾ - ക്ഷേത്രം, ജീവ ധനം, മരാമത്ത് ,പർച്ചേഴ്‌സ്, അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് മുതലായവ - അതാത് ഫയൽ പ്രകാരം കരാറുകാരുടെ ബില്ലുകൾ പാസാക്കുകയും നിയമാനുസൃത നികുതികൾ TDS ആയി കുറവ് ചെയ്ത് ഫിനാൻസ് സെക്ഷനിൽ ചെക്ക് പാസാക്കി നൽകിവരുന്നു. ഇപ്രകാരം ഈടാക്കുന്ന ആദായ നികുതി TDട തൊട്ടടുത്ത മാസം സർക്കാരിലേക്ക് അട വാക്കി വരുകയാണ്. എല്ലാം വിഭാഗം കരാറുകാരിൽ നിന്നും ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങളിൽ നിന്നും നിയമപ്രകാരം TDS ഈടാക്കി സമയബന്ധിതമയി സർക്കാരിലേക്ക് അടവാക്കി TDS റിട്ടേൺ യഥാസമയം ഫയൽ ചെയ്തിട്ടുമുണ്ട്. 

കേരള സ്‌റ്റേറ്റ് ഓഡിറ്റ് (IKSA) വിഭാഗമാണ് ദേവസ്വം ആക്ട് പ്രകാരം സ്റ്റാറ്റ്യൂട്ടറി ആഡിറ്റ് നടത്തുന്നത്. 2020-2021 സാമ്പത്തിക വർഷം വരെയുള്ള ആഡിറ്റ് KSA പൂർത്തിയാക്കി. .2021-2022,2022-2023 വരെ വിവിധ വകുപ്പുകൾ' അധിഷ്ഠിതമായ ഓഡിറ്റും പൂർത്തിയാക്കിയിട്ടുണ്ട്. ദേവസ്വം പാസാക്കിയ ബില്ലുകൾ അടങ്ങിയ എല്ലാ ഫയലുകളും 2022-2023 വരെ KSA ആഡിറ്റ് നടത്തിയിട്ടുളളതാണ്. ആ കയാൽ ഗുരുവായൂർ ദേവസ്വത്തിൽ 2018-2019 ന് ശേഷം നിയമപരമായ ' ആഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്ന പരാമർശവും വസ്തുതാവിരുദ്ധമാണ്. സത്യത്തിന് നിരക്കുന്നതുമല്ല. ആദായ നികുതി വകുപ്പിൽ നിന്നും ലഭിച്ചിട്ടുള്ള കത്തുകൾക്ക് മറുപടി നൽകിയില്ലെന്ന പ്രചാരണവും സത്യവിരുദ്ധമാണ്. 

പ്രസ്തുത കത്തുകൾക്ക് ഇടക്കാല മറുപടി നൽകുകയും രേഖകൾ സമർപ്പിക്കുന്നതിന് സമയപരിധി ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. ദേവസ്വം ഓഫീസ് പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യപ്പെട്ടിട്ടില്ല. ഫയലുകളും രജിസ്റ്ററുകളും മുഖേന മാത്രമാണ് രേഖകൾ ലഭ്യമാക്കാൻ സാധിക്കുക. TDS ആയി ആദായ നികുതി ഈടാക്കിയതും സർക്കാരിലേക്ക് അട വാക്കിയതുമായ എല്ലാ രേഖകളും ലഭ്യമാണ്. ആയത് ബന്ധപ്പെട്ട ഏത് സർക്കാർ വകുപ്പിന് മുന്നിലും ഹാജരാക്കാൻ ദേവസ്വം സന്നദ്ധവുമാണ്. TDS ആയി ഈടാക്കിയ മുഴുവൻ തുകയും സർക്കാരിലേക്ക് അട വാക്കി TDS റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. ദേവസ്വത്തിൻ്റെ ഭാഗത്തുനിന്ന് ഒരിക്കലും നികുതി വെട്ടിപ്പ് ഉണ്ടായിട്ടില്ല.

വസ്തുതകൾ പകൽ പോലെ വ്യക്തമായിരിക്കെ, സുതാര്യമായും സത്യസന്ധമായും പ്രവർത്തിച്ചു വരുന്ന ഗുരുവായൂർ ' ദേവസ്വം ആദായ നികുതി വെട്ടിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ശരിയായി രേഖകൾ പരിശോധിക്കാതെയും വസ്തുതകൾ മനസിലാക്കാതെയുമുള്ള കുപ്രചരണം മുൻ വിധിയോടെയാണ്. പ്രബുദ്ധരായ ശ്രീ ഗുരുവായൂരപ്പ ഭക്തർ അത് തിരിച്ചറിയും. യഥാർത്ഥ വസ്തുതകൾ വളച്ചൊടിച്ച് സത്യമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ഗുരുവായൂർ ദേവസ്വത്തെ സ്നേഹിക്കുന്ന ജനസഹസ്രങ്ങൾ മനസിലാക്കുമെന്ന തിരിച്ചറിവ് ദേവസ്വം ഭരണസമിതിക്ക് ഉണ്ട് - ദേവസ്വം ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍