ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ . ഇന്നലെ സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ ജോഷി തൻറെ ദുരനുഭവം വിവരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സഹകരണ മന്ത്രി വി.എൻ വാസവൻ ജോഷിക്ക് ലഭിക്കാനുള്ള തുക പൂർണമായി നൽകാൻ അധികൃതർക്ക് നിർദേശം നൽകിയത്.ജോഷിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടൻ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറെ വിളിച്ചതായി മന്ത്രി പറഞ്ഞു. ഇന്ന് തന്നെ അദ്ദേഹത്തിൻറെ വീട്ടിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഴുവൻ തുകയും ഇന്ന് തന്നെ മടക്കി നൽകാനും നിർദേശം നൽകിയെന്നും മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.
കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നയാളാണ് 53കാരനായ ജോഷി. കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎം നേതാക്കള്‍ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല.
ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ ജോഷി പറഞ്ഞത്. അതെ സമയം തൻ്റെ പണം മാത്രമായി വേണ്ടെന്നും കുടുംബാംഗങ്ങളുടെ മുഴുവൻ തുകയും പലിശ സഹിതം വേണമെന്ന് ജോഷി ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍