റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുറാഞ്ചേരി - നായരങ്ങാടി - കല്ലംപാറ കോളനി റോഡ് നവീകരണം ദ്രുതഗതിയിലാക്കാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ യുടെ നേതൃത്വത്തില്‍ റീബില്‍ഡ് കേരള ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് സന്ദര്‍ശനം നടത്തി. 2018 ലെ പ്രളയത്തില്‍ 19 പേര്‍ മരണപ്പെട്ട വലിയ ദുരന്തമുണ്ടായ കുറാഞ്ചേരിയുടെയും സമീപ പ്രദേശങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
കുറാഞ്ചേരിയിൽ നിന്നും ആരംഭിച്ച് 5 കിലോമീറ്റര്‍ നീളുന്ന മലയോര പ്രദേശത്തുകൂടിയുള്ള റോഡാണ് ഉന്നത നിലവാരത്തില്‍ നവീകരിക്കുന്നത്. കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയെ, പുന്നംപറമ്പ് വഴി നാഷണല്‍ ഹൈവേയുടെ മണ്ണുത്തി ഭാഗത്ത് എത്തിച്ചേരുന്ന (പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍) പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വഴിയിലെ പ്രധാന കണക്ഷനായി പ്രസ്തുത റോഡ് മാറും. ചെപ്പാറ, പൂമല, പത്താഴക്കുണ്ട് തുടങ്ങി സമീപ പ്രദേശത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനും റോഡ് ഏറെ ഉപകാരപ്രദമാകും.
വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ കുറാഞ്ചേരിയില്‍ നിന്നും ആരംഭിച്ച് തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ തച്ചംകുഴയില്‍ ആണ് നിർമ്മാണം നടക്കുന്ന റോഡ് അവസാനിക്കുന്നത്. ബിഎം & ബിസി ഉന്നത നിലവാരത്തില്‍ 5.5 മീറ്റര്‍ വീതിയില്‍ റോഡ് ടാറിങിനൊപ്പം ഐറിഷ് ഡ്രയിൻ കൂടി നൽകി ഏകദേശം 7 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. 3.4 കിലോമീറ്റര്‍ ദൂരം കരിങ്കൽ സംരക്ഷണ ഭിത്തിയും, 155 മീറ്റര്‍ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും, 3.5 കിലോമീറ്റർ ദൂരം കാനയും, 18 കള്‍വര്‍ട്ടുകളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നു.
പ്രളയത്തെയും പ്രകൃതി ദുരന്തത്തിന്റെ ഭാഗമായ വിപത്തുകളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം. 12.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനില്‍ കുമാര്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗം വി എസ് ഷാജു, റീബില്‍ഡ് കേരള അഡീഷണല്‍ സെക്രട്ടറി കെ സുനില്‍ കുമാര്‍, റീബില്‍ഡ് കേരള പ്രോജക്റ്റ് ഡയറക്ടര്‍ ജി വിഷ്ണു കുമാര്‍, റീബില്‍ഡ് കേരള സെക്ഷന്‍ ഓഫീസര്‍ എൻ നാഗിൻ, റീബില്‍ഡ് കേരള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജൂഡ് ജോസഫ് തുടങ്ങിയവരാണ് റോഡ് സന്ദര്‍ശിച്ച് പ്രവൃത്തിയുടെ നിർവ്വഹണ പുരോഗതി വിലയിരുത്തിയത്. ഉടനെ തന്നെ ടാറിങ് പ്രവൃത്തി ആരംഭിക്കുമെന്നും സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുന്നതിനായി ഇടപെടുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പറഞ്ഞു.
0 അഭിപ്രായങ്ങള്‍