എൻ.എസ്.എസിൽ ഒരു ഭിന്നതയും നിലനിൽക്കുന്നില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തനിക്കെതിരായുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന പ്രതിനിധി സമ്മേളനത്തിൽ നിന്നും അടൂർ താലൂക്ക് യൂണിറ്റ് പ്രസിഡന്റ് കലഞ്ഞൂർ മധു ഉൾപ്പടെ ആറു പേർ ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കലഞ്ഞൂർ മധു സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതായി ജി. സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യം സംഘടനയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പെരുന്നയിൽ കൺവെൻഷൻ സെന്ററുണ്ടാക്കിയതിൽ അഴിമതിയുണ്ടെന്ന ആരോപണം തെറ്റാണ്. സ്ഥലത്തിന് വില കുറവാണെന്നാണ് ആരോപണം. എന്നാൽ സ്ഥലം നിലനിൽക്കുന്ന പ്രദേശത്ത് സർക്കാർ ഫെയർ വാല്യൂ 15 ലക്ഷം രൂപയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയെന്നതാണ്. എന്നാൽ, സമുദായം തന്നെ അംഗീകരിക്കുന്നു. ഒരു അഴിമതി പോലും തനിക്കെതിരെ നിലനിൽക്കുന്നില്ല. സ്ഥാനമാനങ്ങൾ ബന്ധുക്കൾക്ക് വീതംവെച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ചേർന്ന പ്രതിനിധി സഭയിൽനിന്ന് കലഞ്ഞൂർ മധു, പ്രശാന്ത് പി. കുമാർ ഉൾപ്പടെ ആറു പേർ ഇറങ്ങിപ്പോയിരുന്നു. കലഞ്ഞൂർ മധുവിനെ ബോർഡിൽ നിന്ന് മാറ്റാൻ സുകുമാരൻ നായർ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം. എൻ.എസ്.എസിൽ ജനാധിപത്യം നിലനിൽക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
കൂടുതൽ വാർത്തകളും വിശേഷങ്ങളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇





0 അഭിപ്രായങ്ങള്‍