കെ ഫോൺ നെറ്റ്‍വർക്കിൽ വേഗതക്കുറവുണ്ടെന്നും സർക്കാർ വകുപ്പുകൾ മറ്റ് സേവനദാതാക്കളിലേക്ക് മാറാൻ അനുമതി തേടുന്നു എന്നുമുള്ള മലയാള മനോരമ വാർത്തയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി അധികൃതർ.
തെറ്റിധാരണാജനകമായ മനോരമയുടെ വാർത്ത മികച്ച രീതിയിലുള്ള സേവനത്തെയും ആകെ അപകീർത്തിപ്പെടുത്തുകയാണ്. തെറ്റായ വാർത്ത തിരുത്തി ക്ഷമാപണം നടത്താൻ തയ്യാറായില്ലെങ്കിൽ നിയമനടപടിക്ക് നിർബന്ധിതരാകുമെന്ന് കെ ഫോൺ എം ഡി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 1,12,315 ഉപഭോക്താക്കളാണ് കെഫോൺ സേവനം ഉപയോഗിക്കുന്നത്. 23,163 സർക്കാർ ഓഫീസുകളിലും 71,925 വീടുകളിലും 14,194 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലും 3,009 എന്റർപ്രൈസ് കണക്ഷനുകളും നിലവിൽ കെ ഫോൺ കണക്ഷൻ നൽകിയിട്ടുണ്ട്. മികച്ച വേഗതയും കുറഞ്ഞ നിരക്കിലുള്ള വിവിധ പ്ലാനുകളും ഓഫറുകളുമടക്കം നൽകിക്കൊണ്ട് മികച്ച രീതിയിലാണ് കെ ഫോൺ പ്രവർത്തനം.
സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കണക്ഷനുകൾ നൽകിയിരിക്കുന്ന 23000ത്തിലധികം സർക്കാർ ഓഫീസുകളിലും 100 എംബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാൻഡ് കണക്ഷനാണ് കെഫോൺ നൽകിയിരിക്കുന്നത്. കൂടുതൽ പേർ ഉപയോഗിക്കുകയോ കൂടുതൽ വേഗത ആവശ്യമുള്ളതോ ആയ ഓഫീസുകൾ അവരുടെ ആവശ്യത്തിനുള്ള സേവനം (ബ്രോഡ്ബാൻഡ്/ ഐഎൽഎൽ/എംപിഎൽഎസ് തുടങ്ങിയ സേവനങ്ങൾ) കെ ഫോണിനെ അറിയിക്കുകയും അവർക്ക് അനുയോജ്യമായ പ്ലാനിന്റെ പ്രപ്പോസൽ നൽകുകയും ഓഫീസുകളിൽ നിന്നുള്ള പർച്ചൈസ് ഓർഡർ ലഭ്യമാകുന്ന മുറയ്ക്ക് സേവനങ്ങൾ അപ്ഗ്രൈഡ് ചെയ്ത് നൽകുകയുമാണ് നിലവിൽ ചെയ്തുവരുന്നത്.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയിൽ സർക്കാർ ഓഫീസുകളിലെ കണക്ഷനുകളിൽ വേഗതക്കുറവുണ്ടെന്നും ഇടക്കിടെ തടസമുണ്ടാകുന്നുവെന്നുമുള്ള വാർത്തയിലെ പരാമർശം തികച്ചും തെറ്റാണ്. വേഗതക്കുറവോ സാങ്കേതികമായ പരാതികളോ ഉണ്ടായാൽ പരാതിപ്പെടാനും ഉടനടി പരിഹാരമുണ്ടാക്കാനും 24 മണിക്കൂറും ലഭ്യമാകുന്ന ടോൾഫ്രീ നമ്പരും (1800 570 4466) സെൽഫ് കെയർ പോർട്ടലും (https://bss.kfon.co.in) വിദഗ്ധരായ ഉദ്യോഗസ്ഥരടങ്ങിയ ഹെൽപ്പ് ഡെസ്‌ക്കും സജ്ജീകരിച്ചിട്ടുണ്ട്.
ഇന്റർനെറ്റിന്റെ പരിധിയിൽ നിന്ന് ആരും മാറ്റിനിർത്തപ്പെടരുതെന്ന ലക്ഷ്യം മുൻനിർത്തി ഇന്റർനെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉദ്ദേശലക്ഷ്യം യാധാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്ന സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയാണ് കെ ഫോൺ. ദേശീയതലത്തിൽ ഇന്റർനെറ്റ് നൽകാനുള്ള ഐഎസ്പി എ ലൈസൻസ് അടക്കം കെഫോൺ നേടിയിട്ടുണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തെ സേവനങ്ങളിലെ പ്രധാനപ്പെട്ട സേവനമായ വാല്യൂ ആഡഡ് സർവീസുകൾ അടക്കം നൽകാനുള്ള കെഫോണിന്റെ തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞു.
കെ ഫോണിന്റെ പ്രവർത്തന മികവ് മനസിലാക്കി തെലങ്കാന, സിക്കിം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ കേരളത്തിലേക്ക് എത്തി കെഫോൺ പ്രവർത്തനത്തെ പറ്റി പഠിക്കുകയും ചെയ്തിരുന്നു. ഇന്റർനെറ്റിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിരുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി, തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് തുടങ്ങിയ ആദിവാസി ഉന്നതികളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും 'കണക്ടിങ് ദി അൺകണക്ടഡ്' എന്ന പദ്ധതി പ്രകാരം കണക്ഷനെത്തിക്കുകയും അവിടങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമൂഹിക പഠനമുറികളിൽ ഇന്റർനെറ്റ് സേവനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. വാഹന ഗതാഗതം പോലും അസാധ്യമായ എറണാകുളം ജില്ലയിലെ വളന്തക്കാട് ദ്വീപിലും കെഫോൺ കണക്ഷൻ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നര വർഷത്തോളമായി സെക്രട്ടേറിയറ്റിലെ എല്ലാ ഓഫീസുകളും 2024 ജൂൺ മുതൽ നിയമസഭയിലും കെഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേ വിവിധ സർക്കാർ വകുപ്പ് ഓഫീസുകൾ, എൻ.എച്ച്.എം, ടെക്‌നോപാർക്ക്, സ്റ്റാർട്ട് അപ്പ് മിഷൻ, എല്ലാ കലക്ടറേറ്റുകളും, തിരുവനന്തപുരം നഗരസഭയും എല്ലാ സോണൽ ഓഫീസുകളും, കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ, ഐസിടി അക്കാദമി, അനേർട്ട്, ഐകെഎം, കേരളാ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി, കിഫ്ബി, കെഎസ്ആർടിസി, കെഎസ്ഐഡിസി, കേരളാ സ്റ്റേറ്റ് ഐടി മിഷൻ, സ്റ്റേറ്റ് ഡേറ്റ സെന്റർ, സ്പെയ്സ് പാർക്ക്, ഐസിഎഫ്ഒഎസ്, കെഎസ്ഐടിഎൽ, ഡയറക്ടറേറ്റ് ഓഫ് എൻസിസി, സി- ഡിറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും കഴിഞ്ഞ ഒരു വർഷമായി കെഫോൺ കണക്ഷൻ ഉപയോഗിക്കുന്നുണ്ട്.
വസ്‌തുത ഇതായിരിക്കെയാണ് തെറ്റായ വാർത്ത നൽകിയത്. വിജയകരമായി പ്രവർത്തിക്കുന്ന പദ്ധതിയെ സംബന്ധിച്ച് കെഫോണിന്റെ പ്രതികരണംപോലും തേടാതെ വാർത്ത നൽകിയത് അപലപനീയമാണെന്നും കെ ഫോൺ എം ഡി പറഞ്ഞു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍