ഗുരുവായൂർ ദേവസ്വം ആനകളുടെ ആരോഗ്യത്തിനും ശരീരപുഷ്ടിക്കുമായി എല്ലാ വർഷവും മഴക്കാലത്ത് 30 ദിവസം നടത്തുന്ന സുഖ ചികിത്സയ്ക്ക് തുടക്കമായി. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്‌തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷനായി. ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ വിനായകൻ, ജൂനിയർ വിഷ്ണു എന്നീ ആനകൾക്ക് ഔഷധ ഉരുള നൽകിയായിരുന്നു ഉദ്ഘാടനം.
പുന്നത്തൂർക്കോട്ടയുടെ വടക്കിനി മുറ്റത്ത് ആനയൂട്ടിന് 18 ആനകൾ നിരന്നു. 36 ആനകളുടെ സുഖ ചികിത്സയ്ക്ക് 12.50 ലക്ഷം രൂപയാണ് ചെലവ്. 3.24 ടൺ അരി, 1.08 ടൺ ചെറുപയർ, 1.08 ടൺ റാഗി, 108 കിലോ മഞ്ഞൾപൊടി, 108 കിലോ അഷ്‌ടചൂർണം, 270 കിലോ ച്യവനപ്രാശം എന്നിവ ഉപയോഗിക്കും. ചോറും വേവിച്ച ചെറുപയറും മരുന്നുകളും കലർത്തിയാണ് നൽകുന്നത്.
വ്യായാമത്തിനായി നടത്തം, വിശദമായ തേച്ചുകുളി എന്നിവയുണ്ട്. വിരമരുന്ന്, ധാതുലവണങ്ങൾ എന്നിവയും നൽകും. മദപ്പാടിലുള്ള ആനകൾക്ക് മദകാലം കഴിഞ്ഞ് ചികിത്സ നൽകും. എൻ.കെ. അക്ബർ എംഎൽഎ, നഗരസഭ കൗൺസിലർ ഷൈലജ സുധൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി.നായർ, കെ.പി.വിശ്വനാഥൻ, ജീവധനം ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ എം. രാധ, മാനേജർ ഇ.സുന്ദർരാജ്, ആനചികിത്സാ വിദഗ്‌ധരായ ഡോ.പി.ബി.ഗിരിദാസ്, ഡോ.എം.എൻ.ദേവൻ നമ്പൂതിരി, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ചാരുജിത്ത് നാരായണൻ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍