ഉരുൾ ദുരന്തബാധിതർക്ക്‌ സംസ്ഥാന സർക്കാർ ഇതുവരെ നൽകിയത്‌ 119.87 കോടി രൂപ.



 ടൗൺഷിപ് നിർമാണത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 299 കോടി രൂപ അനുവദിച്ചു. ക്യാപക്‌സ്‌ വായ്‌പയായി ലഭിച്ച 529 കോടി രൂപയുടെ പദ്ധതികളും നടപ്പാക്കുന്നു. ടൗൺഷിപ്പിന്‌ കൽപ്പറ്റയിൽ എൽസ്റ്റൺ എസ്റ്റേറ്റ്‌ ഏറ്റെടുക്കാൻ 43.56 കോടി രൂപ കോടതിയിൽ കെട്ടിവച്ചു. രക്ഷാപ്രവർത്തനത്തിനും മേപ്പാടിയിൽ സ്‌കൂൾ പുനരാരംഭിക്കാനുമെല്ലാം വിനിയോഗിച്ച തുക ഇതിനുപുറമേയാണ്‌.


മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം, പരിക്കേറ്റവർക്കും കിടപ്പുരോഗികൾക്കുമുള്ള ചികിത്സാസഹായം, മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള തുക, അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ടുപേർക്ക്‌ ദിവസം 300 രൂപ വീതം ലഭിക്കുന്ന ജീവനോപാധി, വീട്ടുവാടക, വീട്‌ വേണ്ടെന്ന്‌ അറിയിച്ചവർക്ക്‌ 15 ലക്ഷം, കൃഷിയും വളർത്തുമൃഗങ്ങളും നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം, മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസസഹായം തുടങ്ങിയവയും നൽകി.


● മരണപ്പെട്ടവരുടെ ആശ്രിതർക്ക്‌ എട്ട്‌ ലക്ഷംരൂപ വീതം 17.60 കോടി


● പരിക്കേറ്റ്‌ ചികിത്സയിൽ കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കും 41.25 ലക്ഷം


● മൃതദേഹം സംസ്‌കരിക്കാൻ 10,000 രൂപവീതം 174 പേരുടെ കുടുംബത്തിന്‌ 17.4 ലക്ഷം


● 1036 കുടുംബങ്ങൾക്ക്‌ 10,000 രൂപവീതം അടിയന്തര സഹായമായി 1.03 കോടി


● ജീവനോപാധി നഷ്ടമായവർക്ക്‌ മാസം 9000 രൂപ വീതം 11 കോടി


● വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക്‌ 18.20 ലക്ഷം


● കൃഷി നശിച്ചവർക്ക്‌ 19.04 ലക്ഷം


● വീട്ടുവാടക ഇനത്തിൽ ജൂൺ വരെ 3.97 കോടി


● മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ 2.10 കോടി


● ടൗൺഷിപ്പ്‌ സ്‌പെഷ്യൽ ഓഫീസർക്ക്‌ മുൻകൂട്ടി നൽകിയത് 20 കോടി


● ടൗൺഷിപ്പ്‌ കരാറുകാർക്കുള്ള പ്രീ പ്രോജക്ട്‌ ചെലവിനത്തിൽ 40.04 ലക്ഷം


● കുടുംബശ്രീ നടപ്പാക്കുന്ന ഉപജീവന സഹായ പദ്ധതിക്കായി 3.66 കോടി


● കൽപ്പറ്റയിൽ എൽസ്റ്റൺ എസ്റ്റേറ്റ്‌ ഏറ്റെടുക്കാൻ 43.56 കോടി


● വീട്‌ വേണ്ടെന്ന്‌ അറിയിച്ചവർക്കുള്ള 15 ലക്ഷം വീതം 15.60 കോടി


ഹൈക്കോടതി പറഞ്ഞിട്ടും കനിയാതെ കേന്ദ്രം

മുണ്ടക്കൈ ദുരന്തത്തിൽ സഹായം അനുവദിക്കാതെ കേരളത്തെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോൾ കേന്ദ്രസർക്കാരിനെ ഹെെക്കോടതി രൂക്ഷമായി വിമർശിച്ചു. ദുരിതമൊന്നും കേന്ദ്രം കാണുന്നില്ലേയെന്ന്‌ ചോദിക്കേണ്ടിയുംവന്നു. ബാങ്ക് വായ്പ എഴുതിത്തള്ളൽ, സഹായധനം അനുവദിക്കൽ, പുനരധിവാസപ്രവർത്തനങ്ങൾ, അതിതീവ്രദുരന്തമായി പ്രഖ്യാപിക്കൽ, ഹെലികോപ്റ്റർ വാടക വിഷയങ്ങളിൽ ഹെെക്കോടതി നിരന്തരം ഇടപെട്ടു. ഓരോതവണയും ഓരോ വാദങ്ങൾ ഉന്നയിച്ച്‌ കേന്ദ്രം കെെയൊഴിഞ്ഞു. ഹെെക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ്‌ പരിഗണനയ്ക്ക്‌ വരുമ്പോഴെല്ലാം കേന്ദ്രത്തിനെതിരെ കോടതി രൂക്ഷവിമർശനമുയർത്തി.


ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്നും ബാങ്കുകളെ നിർബന്ധിക്കാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്ര മറുപടി. വായ്പ എഴുതിത്തള്ളുന്നതിന്‌ ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുസരിച്ച് തീരുമാനമെടുക്കാമല്ലോയെന്നു കോടതി ചോദിച്ചു. ഒറ്റരാത്രിയിൽ ജീവിതവും ജീവിതോപാധികളും നഷ്ടപ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കണമെന്ന്‌ ഓർമിപ്പിച്ച കോടതി, അവർ എങ്ങനെ വായ്പ തിരിച്ചടയ്ക്കുമെന്ന ചോദ്യവും ഉന്നയിച്ചു. അഞ്ചുകോടിയുടെ വായ്‌പ എഴുതിത്തള്ളിയ കേരളബാങ്കിനെ ശ്ലാഘിച്ച ഹൈക്കോടതി, രാജ്യത്ത് നിയമമുണ്ടെന്നും കേന്ദ്രത്തിന് നടപടിയെടുക്കാമെന്നും പറഞ്ഞു.


പുനരധിവാസത്തിനായി ഒരു സഹായവും നൽകാത്ത കേന്ദ്രസർക്കാർ, മുൻകാല ദുരന്തങ്ങളിൽ സെെന്യം ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ കാശ്‌ കേരളത്തോട്‌ ആവശ്യപ്പെട്ടതിന്‌ കോടതിയുടെ ശകാരം ഏറ്റുവാങ്ങി. ഹൈക്കോടതി ഇടപെട്ടാണ് ബിൽതുകയിൽനിന്ന് 120 കോടി രൂപ പുനരധിവാസത്തിന് ലഭ്യമാക്കിയത്‌.


28 ദിവസത്തിൽ താൽക്കാലിക പുനരധിവാസം

മഹാദുരന്തത്തിൽനിന്ന്‌ കരകയറാൻ സംസ്ഥാന സർക്കാർ നടത്തിയത്‌ സമാനതകളില്ലാത്ത പ്രവർത്തനം. രക്ഷാപ്രവർത്തനത്തിന്റെ അതേ വേഗമായിരുന്നു അതിജീവന പദ്ധതികൾക്കും. ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ആയിരത്തോളം കുടുംബങ്ങളെ 28 ദിവസംകൊണ്ട്‌ താൽക്കാലികമായി പുനരധിവസിപ്പിച്ചു. വാടകവീടുകൾ കണ്ടെത്തിയാണ്‌ ഇത്‌ സാധ്യമാക്കിയത്‌. സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും കുടുംബങ്ങളെ മാറ്റി. കട്ടിൽ, കിടക്ക, ഫർണിച്ചർ, ഗ്യാസ്‌ കണക്‌ഷൻ, സ്റ്റൗ, മറ്റു ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ നൽകി. രാജ്യത്തുതന്നെ ആദ്യമായാണ്‌ ദുരന്തബാധിതരെ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ താൽക്കാലികമായി പുനരധിവസിപ്പിച്ചത്‌. വീടുകൾക്ക്‌ മാസം ആറായിരം രൂപ വാടക നൽകുന്നു.


ദുരന്തബാധിതരായ മുഴുവൻപേർക്കും ധനസഹായം നൽകി. സഹായം ഉറപ്പാക്കാൻ പ്രത്യേക അദാലത്ത്‌ സംഘടിപ്പിച്ചു. മരിച്ചവരുടെ ആശ്രിതർക്ക്‌ എട്ടുലക്ഷം രൂപവീതവും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതവും അനുവദിച്ചു. മൃതദേഹം സംസ്‌കരിക്കാനും പതിനായിരം വീതം നൽകി. ജീവനോപാധി നഷ്ടപ്പെട്ടവർക്ക്‌ ദിവസം മൂന്നൂറു രൂപവീതം നൽകുന്നു. കുടുംബത്തിലെ രണ്ടുപേർക്ക്‌ ഈ സഹായമുണ്ട്‌.


കിടപ്പുരോഗികൾക്കുമുണ്ട്‌. ഓരോ കുടുംബത്തിനും അതിജീവന മൈക്രോപ്ലാൻ നടപ്പാക്കുന്നു. പ്രത്യേക അദാലത്ത്‌ നടത്തി നഷ്ടപ്പെട്ട രേഖകൾ തിരികെ നൽകി.





എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍