വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മുളങ്കുന്നത്തുകാവിൽ കെൽട്രോൺ ഉടമസ്ഥതയിലുള്ള ഭൂമിയിൽ, കെൽട്രോണും സി-മെറ്റും സംയുക്തമായി സെൻസർ മാനുഫാക്ച്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കാൻ ധാരണയായി. 2003 ൽ പ്രവർത്തനം അവസാനിപ്പിച്ച കെൽട്രോൺ ഉപകമ്പനികളുടെ ഉടമസ്ഥതയിലുള്ള മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വില്ലേജിലെ 12.19 ഏക്കർ ഭൂമിയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പ്രൊപ്പോസൽ ഹൈക്കോടതിയുടെ അനുമതിക്കായി സമർപ്പിക്കും. ഹൈക്കോടതിയിൽ ലിക്വിഡേഷൻ നടപടികളിലുള്ള ഈ ഭൂമി ലിക്വിഡേഷൻ നടപടികൾ അവസാനിപ്പിച്ച് കെൽട്രോണിന് തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം നിയമസഭയിലും വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടും തുടർച്ചയായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉന്നയിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെയും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൻ്റെയും ശ്രമഫലമായാണ് പുതിയ പ്രോജക്ടിന് രൂപരേഖയായത്. 22 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച കെൽട്രോൺ ഉപകമ്പനികൾക്ക് കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാന പാതയോട് ചേർന്ന് 12.19 ഏക്കർ ഭൂമിയുണ്ട്. 2006 മുതൽ ഹൈക്കോടതി ഒഫിഷ്യൽ ലിക്വഡേറ്ററുടെ കൈവശമുള്ള ഈ ഭൂമി തിരികെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തേ പ്രദേശം സന്ദർശിച്ച ഘട്ടത്തിൽ വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കെൽട്രോൺ തയ്യാറാക്കിയ പദ്ധതിയുടെ പ്രൊപ്പോസലാണ് ഹൈക്കോടതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നത്. കെൽട്രോൺ - സിമെറ്റ് സംയുക്ത സംരംഭത്തിൻ്റെ നേതൃത്വത്തിൽ സെൻസർ ഇൻകുബേഷൻ സെൻ്റർ, സെൻസർ ഇൻ്റഗ്രേറ്റഡ് ചിപ്സ്, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയുടെ നിർമ്മാണം, കൃത്യത നിർണ്ണയിക്കൽ, ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്ററാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ സെൻസർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുടേയും വ്യവസായങ്ങളുടേയും വികസനത്തിന് സഹായകരമാവുന്ന ഒന്നായി ഈ കേന്ദ്രത്തെ രൂപപ്പെടുത്താനാകും. സംസ്ഥാനപാതയോട് ചേർന്ന കെൽട്രോണിന്റെ ഭൂമി വ്യവസായ വികസനത്തിന് വിനിയോഗിക്കണമെന്ന മുളങ്കുന്നത്തുകാവ് - അത്താണി പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. ജൂൺ 30 തിങ്കളാഴ്ച്ച അത്താണി എസ്.ഐ.എഫ്.എല്ലിൽ എത്തുന്ന വ്യവസായ മന്ത്രി പി രാജീവ് മുളങ്കുന്നത്തുകാവ് സി-മെറ്റ് കൂടി സന്ദർശിച്ചേ മടങ്ങുകയുള്ളൂ എന്ന് സേവ്യർ ചിറ്റില്ലപ്പിള്ളി എം.എൽ.എ യുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍