1975 ൽ 25 ആനകളുമായി സാമൂതിരി കോവിലകത്ത് നിന്ന് പുന്നത്തൂർ കോവിലകത്തേക്കൊരു ഗൃഹപ്രവേശം!
രാമയ്യർ പരമേശ്വരൻ
ഗുരുവായൂരപ്പന് ആനയിരുത്തി കളഭം 4 ക.9.അണ.2 പ. ചിലവ്!
ഗുരുവായൂരപ്പന്റെ ആനകളുടെ സൗകര്യത്തിനായി 4 ഏക്കർ സ്ഥലം വാങ്ങാൻ 1971 മാർച്ച് 17 ന് ഭരണസമിതി അംഗം എം. പി. മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ച ആദ്യത്തെ ദേവസ്വം ഭരണസമിതി.
1963 ൽ മുളയം മാന്ദാമംഗലത്തും,പുല്ലംകണ്ടം വനത്തിലും ഒരാനക്ക് 50 പ.യും,75 പ.യും ഫീസടച്ച് ആനകളെ കാട്ടുതീറ്റക്ക് വിട്ടകാലം!.
1975 ൽ ഗുരുവായൂരപ്പന് 25 ആനകൾ! ആനത്താവളത്തിന് ഗുരുവായൂർ ദേവസ്വം 9 ഏക്ര 75 സെന്റ്സ്ഥലവും പുന്നത്തൂർ കോവിലകവും 1.60 ലക്ഷം രൂപക്ക് വിലക്ക് വാങ്ങി.
1975 ജൂൺ 26 കേശവന്റെ നേതൃത്വത്തിൽ പുന്നത്തൂർ കോവിലകം ആനത്താവളത്തിലേക്കൊരു ഗൃഹപ്രവേശം !.
19 ആനകൾ പങ്കെടുത്ത ഘോഷയാത്ര.
ഗൃഹപ്രവേശം കഴിഞ്ഞ് 34 വർഷം! 2009 ആഗസ്റ്റ് 2 "ഉണ്ണികൃഷ്ണ" യെ നടയിരുത്തി. ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 25 ൽ നിന്നും 66 ആയി !
2011 ഡിസംബർ 21. ഗുരുവായൂരപ്പന് പ്രത്യക്ഷമായി ആനയെ നടയിരുത്തി. അവസാനമായി എത്തിയ നവാഗതൻ അയ്യപ്പൻകുട്ടി !
2018 മാർച്ച് 18 ദേവസ്വം ശേഷാദ്രി ചെരിഞ്ഞു!
ഗുരുവായൂരപ്പന് അതിപ്രധാനവും, അതിപ്രാചീനവുമായ ഒരു വഴിപാട് ആനയെ നടയിരുത്തൽ!.....
ആനയിരുത്തി കളഭം എന്നും പൗരാണിക നാമം ! ആനയിരുത്തി കളഭം നടത്തുന്ന ഭക്തന് ആനയുടെ വിലയോളം ചിലവുണ്ട്. എന്നാൽ ആനയെ നടതള്ളുക എന്ന വഴിപാട് പതിനാറു പണം (4 ക.9.ണ.2 പ.) ദേവസ്വത്തിൽ അടക്കണം. ആനയെ നടതള്ളുമ്പോൾ വിരിച്ച വസ്ത്രവും, കമ്പിളിയും ആനക്കാര്യസ്ഥൻ മാതേമ്പാട്ട് നമ്പ്യാർക്ക് അവകാശമുള്ള താണ്. ഇതിനുപുറമെ കണക്കെഴുത്തു കാര്യസ്ഥൻ കണ്ടിയൂർ പട്ടത്ത് നമ്പീശന് 2 പണവും ഒരു വസ്ത്രവും, വിളക്ക് പിടിക്കുന്ന അമ്പലവാസിക്ക് 2 പണവും,ഒരു വസ്ത്രവും, അവകാശമുണ്ട്. ശംഖ് വിളിക്കുന്ന മാരാർക്ക് 2 പണവും അവകാശമായിട്ടുണ്ട്.നടയിരുത്തുന്ന ആനയുടെ കഴുത്തിലും, മസ്തകത്തിലും ഗുരുവായൂരപ്പന് ചാർത്തിയ മാലയും കളഭവും ധരിപ്പിച്ച് തീർത്ഥം തളിച്ച് ആനയ്ക്ക് പേര് വിളിക്കുന്ന മേൽശാന്തിക്ക് യഥാശക്തി ദക്ഷിണയും നൽകണം. ആനയെ നടതള്ളൽ എന്ന വഴിപാടും പതിവുണ്ടായിരുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ആദ്യമായി എത്തുന്ന സാമൂതിരിപ്പാടു തമ്പുരാൻ ഗുരുവായൂരപ്പന് ആനയെ നടയിരുത്തി കളഭം നടത്തണമെന്ന ആചാരവും നിലനിന്നിരുന്ന കാലഘട്ടം. 1952 ഫെബ്രുവരി 22 ന് മാനവിക്രമ സാമൂതിരിരാജ ഗുരുവായൂരപ്പനെ ആദ്യമായി ദർശിക്കാൻ വന്നപ്പോൾ നടയിരുത്തിയതാണ് രാമചന്ദ്രൻ എന്ന ആനക്കുട്ടി. വേണുഗോപാലൻ, ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ,അവസാനമായി 1968 ൽ അന്നത്തെ സാമൂതിരിപ്പാടു തമ്പുരാൻ മാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് മാനവേദനെന്ന കുഞ്ഞേട്ടൻ രാജ നടയിരുത്തിയ ബാലഗോപാലനും ആചാര മഹിമയോടെ ഈ സന്നിധിയിൽ എത്തിച്ചേർന്ന ഗജവീരൻമാരാണ്. ഗജേന്ദ്രനുണ്ടോ കുലവൈഭവാദി....എന്ന് തോന്നാം. പക്ഷെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നടയിരുത്തിയ ആനകൾ..സ്വർണ്ണത്തിടമ്പേറ്റിയ ഗജവീരൻമാർ ഗജേന്ദ്രമുക്തിക്ക് കാരണഭൂതരായവരാണ്. ക്ഷേത്രഭരണം സാമൂതിരി ഭരണസാരഥ്യത്തിൽ നിന്നും മാറിയതോടെ സാമൂതിരിമാർ സ്ഥാനം ഏറ്റ് ആനയെ പ്രത്യക്ഷമായി നടയിരുത്തുന്ന സമ്പ്രദായം അവസാനിച്ചു. പകരം സ്വർണം കൊണ്ടുള്ള ആനയുടെ പ്രതിമ സോപാനത്ത് സമർപ്പിക്കും. നൂറ്റാണ്ടുകൾക്ക് മുമ്പ് പുണ്ഡരീകാക്ഷൻ എന്ന പേരിൽ ഒരു ഗജവീരൻ ഗുരുവായൂരപ്പന് സ്വന്തമായി ഉണ്ടായിരുന്നതായി സാമൂതിരി രേഖകളിലെ പഴമയുടെ പെരുമയിലെ കൗതുകം നിറഞ്ഞ വാർത്തയാണ്...സന്താന സൗഭാഗ്യമില്ലാതെ തീരാദു:ഖത്തിൽ കഴിഞ്ഞിരുന്ന ചെറുകുന്നത്ത് നമ്പൂതിരി ഗുരുവായൂരപ്പന്റെ പരമഭക്തനും, ഭാഗവതോത്തമനുമായ സാക്ഷാൽ കൂടല്ലൂർ കുഞ്ഞിക്കാവു നമ്പൂതിരിയുടെ ഉപദേശം ശിരസ്സാ വഹിച്ച് ഗുരുവായൂരപ്പനെ ഭജിച്ച് ..നടയിരുത്തിയ ഗജകേസരിയായിരുന്നു വലിയ പത്മനാഭൻ!
3 ആനകൾ മാത്രം ഉണ്ടായിരുന്ന അക്കാലത്ത് ഭക്തന്റെ വാക്കുകൾ സത്യമാക്കുകയായിരുന്നു ഗുരുവായൂരപ്പൻ..ചെറുകുന്നത്ത് നമ്പൂതിരിക്ക് സന്താനസൗഭാഗ്യം കൈവന്നു. പത്മനാഭന്റെ വരവോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളുടെ വരവും ഒന്നൊന്നായി കൂടി. പത്മനാഭന് വീരശ്യംഖല ലഭിച്ചതും, ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആനകളുടെ പ്രാധാന്യവും പ്രസക്തിയും സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടതാണ്. എന്തായാലും 103 വർഷം മുമ്പ് 1922 ൽ മാപ്പിളലഹളക്കാലത്ത് നിലമ്പൂർ കോവിലകത്തു നിന്നും ഗുരുവായൂരപ്പന് നടയിരുത്തിയ ഗജരാജൻ കേശവൻ മുതൽ 1975 ൽ നടയിരുത്തിയ ഗോപിനാഥൻ ഉൾപ്പെടെ 25 ആനകൾ നിറഞ്ഞ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത്...!!!!!!...
രണ്ടും, മൂന്നും ആനകൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ കിഴക്കെ നടയിലെ സമുദായ മഠവും, തെക്കെ നടയിലെ സാമൂതിരി കോവിലകം പറമ്പും കുട്ടി ആനകളെയും, വലിയ ഗജവീരൻമാരേയും നിർത്തി സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്നു. സന്താനലബ്ധിക്കും,കാര്യസാദ്ധ്യത്തിനും,മത്സരവിജയത്തിനും അങ്ങിനെ പല പല പ്രാർത്ഥനകൾക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചപ്പോൾ ഭക്തജനങ്ങളുടെ പ്രാർത്ഥന പൂർണ്ണമായ വഴിപാട് സമർപ്പിച്ചതാണ് ഓരോ ഗജവീരൻമാരും ഈ സന്നിധിയിൽ . 1922 മുതൽ പല സന്ദർഭങ്ങളിലും നടയിരുത്തപ്പെട്ട ഗജവീരൻമാർ ... ഗജപ്രിയനായ ഗുരുവായൂരപ്പന് ആനയെ നടയിരുത്തുക എന്നതിന് കാലാന്തരേണ പ്രാധാന്യം വർദ്ധിച്ചു..അതോടെ ഗജസമ്പത്തിൽ എണ്ണവും കൂടി. പഴയ കാലത്തെ കുട്ടിക്കൃഷ്ണനും, വലിയ പത്മനാഭനും, ഭരതനും, ബാലകൃഷ്ണനും, രാധയും, ശ്രീനാരായണനും, വാസുദേവനും, ഉമാനാഥനും, മീരയും, ഇന്ദിരയും കൂടാതെ പത്മനാഭൻ എന്ന പേരിൽ 4 ആനകളും ഗജസമ്പത്തിൽ ഉണ്ടായിരുന്നതായി സാമൂതിരി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.അങ്ങനെ 1975 ൽ ഒരു സന്ദർഭത്തിൽ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിന്റെ എണ്ണം 25 ലെത്തി..
കേശവൻ, ലക്ഷ്മി, ഗോപാലകൃഷ്ണൻ, നാരായണൻ, പത്മനാഭൻ, രാമചന്ദ്രൻ, വിജയകൃഷ്ണൻ, രവീന്ദ്രൻ, കുട്ടിക്കൃഷ്ണൻ, രാമൻകുട്ടി, കുട്ടിശ്ശങ്കരൻ, വേണുഗോപാലൻ, രാധാകൃഷ്ണൻ, ഉമാദേവി, ഉണ്ണികൃഷ്ണൻ, താര, നന്ദിനി, ദേവി, നാരായണൻകുട്ടി (എലൈറ്റ്), ജൂനിയർ ലക്ഷ്മി, മാധവൻകുട്ടി, സത്യനാരായണൻ,ഗോപാലൻ, ബാലഗോപാലൻ, ഗോപിനാഥൻ
ഇത്രയും ആനകളെ തളച്ചിരുന്ന തെക്കെ നടയിലെ സാമൂതിരി കോവിലകം അപര്യാപ്തമായി.സാമൂതിരിയുടെ ഭരണസാരഥ്യം മാറി ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ അധീനതയിലെത്തി. ആനകൾക്ക് സംരക്ഷണമൊരുക്കാൻ സ്ഥല പരിമിതിമൂലം സാമൂതിരി കോവിലകം പറമ്പും പോരാതെ വന്നു. ചില ആനകളെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും മറ്റുമായി കെട്ടി സംരക്ഷണം നൽകലും പതിവായി. ആനകളെ വനങ്ങളിൽ കാട്ടുതീറ്റക്കും, മരംപിടിപ്പിക്കാനും അയക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഒരു ദിവസം ഒരാനക്ക് 50 നയാപൈസ വീതം ഫീസ് അടവാക്കി ദേവസ്വം ആനകളെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന്റെ കീഴിലുള്ള പുത്തൂർ ബീറ്റിലെ മുളയം മാന്ദാമംഗലം റിസർവ് വനത്തിലും, പുല്ലംകണ്ടം എന്ന വനത്തിലും കാട്ട്തീറ്റക്ക് വിട്ടിരുന്നതും ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ്. ഇതിൽ തന്നെ പുല്ലംകണ്ടം വനത്തിലേക്ക് എങ്കിൽ 75 പൈസയാണ് ഫീസ്. ആനക്കാരനും വേണം 50 പൈസ. ഒരു ഘട്ടത്തിൽ ഗുരുവായൂർ ടൗൺഷിപ്പ് സാമൂതിരി കോവിലകം ഏറ്റെടുക്കാൻ തയ്യാറായി. ആനകളെയെല്ലാം മാറ്റി കെട്ടാൻ ദേവസ്വത്തിന് നിർദ്ദേശം നൽകി. ഗത്യന്തരമില്ലാതെ ആനകളെ അഴിച്ചുമാറ്റാൻ തുടങ്ങി. കേശവനെ അഴിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ കേശവൻ ഇടഞ്ഞു. കോലാഹലമായി. ഭക്തജനങ്ങൾ അതിനുമുമ്പ് സാമൂതിരിപ്പാട് തമ്പുരാനെ കണ്ട് വിവരം അറിയിച്ചു. സാമൂതിരികോവിലകം ഏറ്റെടുക്കാനുള്ള ഗുരുവായൂർ ടൗൺഷിപ്പ് കമ്മിറ്റിയുടെ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വ്യവഹാരം നടന്നു. ദേവസ്വത്തിന് അനുകൂലമായ ഉത്തരവുണ്ടായി. ഭക്തജനങ്ങൾ ഗുരുവായൂരപ്പന്റെ കൃപാകടാക്ഷമെന്ന് പറഞ്ഞു. ആനകളെ സംരക്ഷിക്കാൻ സ്ഥലം പോരെന്ന അവസ്ഥയെത്തി. 1971 ൽ ഗുരുവായൂർ ദേവസ്വം ഭരണസംവിധാനം കേരള സർക്കാരിന്റെ അധീനതയിൽ ഒരു ഭരണസമിതിയുടെ ഭരണത്തിലായി. സർക്കാർ നോമിനേറ്റ് ചെയ്ത ആദ്യത്തെ ഭരണസമിതിയുടെ 1971 മാർച്ച് 17ലെ യോഗത്തിൽ ഗുരുവായൂരപ്പന്റെ ആനകൾക്ക് ആവശ്യമായ സംരക്ഷണമൊരുക്കാൻ 4 ഏക്കർ സ്ഥലം വാങ്ങാൻ അന്നത്തെ അഡ്മിനിസ്ട്രേറ്റർ സി.എച്ച്. ദാമോദരൻ നമ്പ്യാർ(ഡെ.കലക്ടർ) അവർകളെ ചുമതലപ്പെടുത്തി. അന്വേഷണത്തിനൊടുവിൽ ഗുരുവായൂർ ദേവസ്വം 1.60 ലക്ഷം ചെലവു ചെയ്ത് പുന്നത്തൂർ കോവിലകം വക സ്ഥലം 9 മുക്കാൽ ഏക്രയും കോവിലകവും 2 ക്ഷേത്രങ്ങളും വിലക്ക് വാങ്ങി. അതോടെ രണ്ട് ക്ഷേത്രങ്ങളുൾപ്പെടെ പുന്നത്തൂർ രാജാവിന്റെ കോവിലകം ദ്വാരകാധീശനായ ഗുരുവായൂരപ്പന്റെ അധീനതയിലുമായി. ആനത്താവളം 1975 ജൂൺ 26 സുദിനത്തിൽ പുന്നത്തൂർ കോവിലകത്തേക്ക് മാറ്റി. പുതിയ ആനത്താവളവുമായി. ഇതാ ...50 വർഷം പിന്നിടുമ്പോൾ . നൂറിലധികം ആനകൾ ഈ സന്നിധിയിൽ നടയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും...66 ആനകൾ വരെ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിൽ നിറഞ്ഞുക വിഞ്ഞ ഒരു കാലഘട്ടവും ഉണ്ടായി.2009 ആഗസ്റ്റ് 2 ന് ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി വെട്ടിയാട്ടിൽ ഉണ്ണികൃഷ്ണൻ എന്ന ഭക്തന്റെ വഴിപാട് ആയിട്ടായിരുന്നു അന്ന് ആനയെ നടയിരുത്തിയത്. മേൽശാന്തി എഴീക്കോട് കൃഷ്ണദാസ് നമ്പൂതിരി ആനയുടെ ശിരസ്സിൽ തീർത്ഥം തളിച്ച് മസ്തകത്തിൽ ഗുരുവായൂരപ്പന്റെ കളഭം ചാർത്തി ഭഗവാന്റെ മാലയണിയിച്ചു ഭക്തന്റെ ആഗ്രഹപ്രകാരം ആനയുടെ ചെവിയിൽ മന്ത്രിച്ചു... ഉണ്ണികൃഷ്ണ.... ഉണ്ണികൃഷ്ണ... ഉണ്ണികൃഷ്ണ.....അതോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 66 തികഞ്ഞു. എന്നാൽ 2010 ഫെബ്രുവരി 22 ഗുരുവായൂരപ്പന്റെ ഗജകുടുംബത്തിലെ ഒരു കാരണവർ .......1952 ഫെബ്രുവരി 22 ന് ഈ സന്നിധിയിൽ അന്നത്തെ സാമൂതിരിരാജ നടയിരുത്തിയ രാമചന്ദ്രൻ എന്ന ആന ചെരിഞ്ഞു. അതോടെ ഗജസമ്പത്ത് 65 ആയി. രാമചന്ദ്രനു പിന്നാലെ ദേവസ്വം ഗജസമ്പത്തിലേക്ക് 66 മനായി വന്ന ഉണ്ണികൃഷ്ണ 2011 ജനുവരി 11 ന് കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞു. ഇതോടെ ഗജസമ്പത്ത് 64 ആയി. 2011 ഏപ്രിൽ 30 ..എരണ്ടകെട്ട്മൂലം അസുഖ ബാധിതനായ പാർത്ഥൻ ചെരിഞ്ഞു. ഇതോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 63 ആയി. എന്നാൽ 2011 ഡിസംബർ 21 ഗുരുവായൂർ ക്ഷേത്രത്തിലെ കുചേല ദിനത്തിൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു കുട്ടിയാനയെ നടയിരുത്തി. അയ്യപ്പൻകുട്ടി എന്ന് മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നാമകരണം ചെയ്തു. ഇതോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 64 ആയി ഉയർന്നുവെങ്കിലും നിയമവ്യവസ്ഥകൾ മൂലം പിന്നീട് ആനകളെ ലഭ്യമല്ലാത്ത സാഹചര്യവും, നിലവിലുള്ള ആനകളിൽ 2012 ജൂലൈ 20 ന് ചെരിഞ്ഞ അർജ്ജുനൻ മുതൽ ഇയ്യിടെ ചെരിഞ്ഞ ഗോപീകണ്ണൻ കൂടിയുള്ള ആനകളുടെ എണ്ണവും ഗുരുവായൂരപ്പന്റെ ഗജസമ്പത്തിൽ ഗണ്യമായ കുറവു വന്നു.
1975 ജൂൺ 26 ന് 25 ആനകളോടെ പുന്നത്തൂർ കോവിലകം ആനത്താവളത്തിലേക്ക് ഗൃഹപ്രവേശം നടന്നിട്ട് 50 വർഷം തികയുമ്പോൾ 2025 ൽ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 34 ആണ്.
ഗുരുവായൂരപ്പന്റെ ഗജസ്നേഹം കൊണ്ടാകാം ഇന്നും പ്രതീകാത്മകമാണെങ്കിൽപോലും "ആനയെ നടയിരുത്തൽ" വഴിപാടിന് ഭക്തജനങ്ങൾ പ്രാർത്ഥനയോടെ ഓടിയെത്തുന്നത്. 1979 മാർച്ച് 19 ന് നടയിരുത്തിയ ലക്ഷ്മണൻ എന്ന് ഗജവീരൻ എരണ്ടകെട്ട് മൂലം കഷ്ടതയനുഭവിച്ചപ്പോൾ ഭക്തജനങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ബ്രഹ്മകലശ തീർത്ഥം നൽകി രോഗമുക്തി നൽകിയ ഗുരുവായൂരപ്പൻ... ലോകചരിത്രത്തിൽ എവിടേയും കാണാൻ കഴിയാത്ത വിധം ഗജേന്ദ്രമോക്ഷം സാക്ഷാൽകരിച്ച ഒരു ആനയുടെ ജീവിത കഥ.. ഗജരാജൻ ഗുരുവായൂർ കേശവൻ എന്ന പേരിൽ അഭ്രപാളികളിലൂടെ ഭക്ത മഹാജനത്തിന് ദൃശ്യാവിഷ്കാരം ചെയ്ത് അത്ഭുതപ്പെടുത്തിയ ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ ഗുരുപവനപുരത്തിൽ മാത്രം... ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ കരിവീരൻമാരെ അനവധി കാലം തങ്ങളാൽ ആവും വിധം സ്നേഹ വായ്പോടെ പരിലാളിച്ച ഗുരുവായൂരപ്പന്റെ സേവകരായിരുന്നവർ ജൂൺ 26 ന് പുന്നത്തൂർ കോവിലകം ആനത്താവളത്തിലെ ആനകൾക്ക് ആനയൂട്ട് നടത്തി സംതൃപ്തിയോടെ ഈ 50 -ാ മത് വർഷത്തിലും ഗുരുവായൂരപ്പനെ നമസ്കരിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



.jpeg)

0 അഭിപ്രായങ്ങള്‍