അതിരപ്പിള്ളി: ഉദ്യോഗസ്‌ഥരുടെ അഭാവത്താൽ വിനോദ കേന്ദ്രം ജംക്ഷനിൽ ഗതാഗതക്കുരുക്കിൽപെട്ട് സഞ്ചാരികൾ കാത്തുകിടന്നത് മണിക്കൂറുകളോളം. രാത്രി 7 മണിയോടെ മരം വീണതും റോഡരികിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്‌തതും സ്‌ഥിതി കൂടുതൽ വഷളാക്കി. ട്രാഫിക് നിയന്ത്രണം താളം തെറ്റിയതോടെ യാത്രക്കാർ തമ്മിൽ തർക്കങ്ങളും നടന്നു. കൂടുതൽ സന്ദർശകർ വരുന്ന ദിവസങ്ങളിൽ പൊതുഗതാഗതം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്.
ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ജീവനക്കാരെ വനംവകുപ്പും ഏർപ്പെടുത്തിയിരുന്നില്ല. മതിയായ പൊലീസ് ഉദ്യോഗസ്ഥരും വനസംരക്ഷണ സമിതി ജീവനക്കാരും ഇല്ലായിരുന്നു. ആംബുലൻസിന് പോലും വിനോദകേന്ദ്രത്തിൻ്റെ പ്രവേശന കവാടം ജംക്‌ഷൻ മറികടക്കാൻ കഴിയാത്ത അവസ്‌ഥയാണ്. അതിരപ്പിള്ളി ജംക്ഷൻ മുതൽ വാഴച്ചാൽ വരെയുള്ള റോഡിന്റെ വശങ്ങളിലാണ് വിനോദ സഞ്ചാരികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പാർക്കിങ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്തതും സ്‌ഥല പരിമിതിയുമാണതിനു കാരണം. വാഹനങ്ങൾ വഴിയരികിൽ പാർക്ക് ചെയ്യുന്നതിന് വനംവകുപ്പ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് സന്ദർശകരിൽ കടുത്ത അമർഷമുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍