കാസർകോട്ട് : കേന്ദ്രസർക്കാരും സംസ്ഥാനത്തെ പ്രതിപക്ഷവും ഒരേപോലെ കേരളത്തിൻറെ വികസനത്തിനെതിരെ നിന്നിട്ടും കേരളം ഇപ്പോൾ നമ്പർ വൺ ആയി മുന്നേറുകയാണെന്ന് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരന്തം പോലെ മറ്റൊരു ദുരന്തം ഇതിനു മുൻപൊരിക്കലും കേരളം കണ്ടിട്ടില്ല. വയനാട് ജില്ലയിലെ ജനതയെ ഒട്ടാകെ ദുരന്തം ബാധിച്ചു എന്ന് മാത്രമല്ല ലോകത്തിലെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ആ ദുരന്തത്തിൽ പങ്കുചേരുകയും സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. പക്ഷേ കേന്ദ്രത്തിലെ സർക്കാരും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ ദുരന്തബാധിതരെ സഹായിക്കുന്ന നിലപാടല്ല എടുത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആരൊക്കെ എതിർത്താലും കേരള സംസ്ഥാനം വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിഷേധാത്മക സമീപനം സംസ്ഥാനത്തോട് കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. നമ്മുടെ രാഷ്ട്രത്തിൻറെ ഫെഡറൽ സംവിധാനങ്ങളെ പാടെ തകർക്കുന്ന ഭരണ നയങ്ങളാണ് മോദി സർക്കാർ കൈക്കൊള്ളുന്നതെന്നും പിണറായി ഓർമ്മപ്പെടുത്തി. 2016 മുതൽ 2025 കാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ ഉൾപ്പെടുത്തിയ ''ഹൃദയപക്ഷം'' സർക്കാരിൻറെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന "നവ കേരളത്തിൻറെ വിജയമുദ്രകൾ" എന്നീ പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി അബ്ദുറഹിമാൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
റവന്യൂ മന്ത്രി കെ.രാജൻ അധ്യക്ഷനായി. സെക്രട്ടറി ശാരദമുരളീധരൻ,ഐ.ആൻഡ് പി.ആർ. ഡി സെക്രട്ടറി എസ്. ഹരി കിഷോർ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി, എം.എൽ.എമാരായ എം.രാജഗോപാലൻ,സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ,ഐ.ആൻഡ് പി.ആർ.ഡി ഡയറക്ടർ ടി.വി സുഭാഷ് തുടങ്ങിയവർ വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍