സായാഹ്ന വാർത്തകൾ 2024 ഒക്ടോബർ 06 | 200 കന്നി 20 |446 റബീഉൽ ആഖിർ 02 |ഞായർ

🅾️ കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന.ഇരു മണ്ഡലങ്ങളിലും യുവനേതാക്കളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന്റെയും പേരുകളാണ് ഉയർന്നു കേള്‍ക്കുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ആയിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ പലർക്കും അസ്വാരസ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതിന് പരിഹാരമായിട്ടുണ്ട്.
അതേസമയം, സി.പി.എം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെ സ്ഥാനാർഥിയാക്കിയേക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ സി.പി.എം നേതാവ് ഇ.കെ. ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യയുമായ കെ.ബിനുമോളെയും പരിഗണിക്കുന്നുണ്ട്. 
ബി.ജെ.പിയില്‍ സി. കൃഷ്ണകുമാറിനും ശോഭാ സുരേന്ദ്രനും സാധ്യതയുണ്ട്. അതിനിടെ, ചേലക്കരയില്‍ രമ്യ ഹരിദാസിന് ഒരസവരം കൂടി നല്‍കണമെന്നും കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നുണ്ട്. കെ. തുളസി, ശിവൻ വീട്ടിക്കുന്ന് എന്നിവരുടെ പേരുകളും ഉയർന്ന് കേള്‍ക്കുന്നുണ്ട്. കെ. രാധാകൃഷ്ണന് വേണ്ടി വഴിമാറിയ യു. പ്രദീപിനെയാകും ചേലക്കരയില്‍ സി.പി.എം പരിഗണിക്കുക. തിരുവില്വാമലയിലെ പ്രാദേശിക നേതാവ് രാധാകൃഷ്ണനെയാകും ബി.ജെ.പി മത്സരിപ്പിക്കുക. 
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി കോണ്‍ഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇടതു സ്ഥാനാർഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രിയങ്കക്കെതിരെ ആനിരാജ മത്സരിക്കാനുണ്ടാകില്ലെന്നാണ് കരുതുന്നത്. എം.ടി. രമേശിനെയാകും ബി.ജെ.പി മത്സരിപ്പിക്കുക.


🅾️ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തിരക്കിട്ട നീക്കങ്ങള്‍.ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ കാണാൻ സമയം തേടി. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ട്.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനപ്പുറത്തേക്കുള്ള എന്തെങ്കിലും നടപടികള്‍ മുഖ്യമന്ത്രി കൈക്കൊള്ളുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. 
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ വീഴ്ചകള്‍ നിരത്തിയ റിപ്പോർട്ടാണ് ഇന്നലെ ഡി.ജി.പി സർക്കാറിന് നല്‍കിയത്. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടപടി ആസന്നമാണെന്ന സൂചന നല്‍കി ആദ്യപടിയെന്നോണം ഇന്നലെ ശബരിമല അവലോകനയോഗത്തില്‍നിന്ന് എ.ഡി.ജി.പിയെ മാറ്റിനിർത്തിയിരുന്നു. 
രണ്ട് പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകള്‍ക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാർക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവർ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 
പരിചയപ്പെടാനുള്ള സ്വകാര്യ സന്ദർശനമെന്ന അജിത്കുമാറിന്‍റെ വാദവും അദ്ദേഹം തള്ളി. ഔദ്യോഗിക പദവിയുടെ ദുരുപയോഗം സർവിസ് ചട്ടലംഘനം എന്നിവ നിരത്തുന്ന റിപ്പോർട്ട് കുറ്റമറ്റതാക്കാൻ ശ്രമകരമായ ദൗത്യമാണ് ഡി.ജി.പിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി പൊലീസ് ആസ്ഥാനത്ത് നടന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂർ നീണ്ട മാരത്തണ്‍ യോഗത്തിന്‍റെ തുടർച്ചയായി ശനിയാഴ്ചയും മണിക്കൂറുകള്‍ നീണ്ട ചർച്ചക്കൊടുവിലാണ് റിപ്പോർട്ടിന് അന്തിമരൂപമായത്.


🅾️ മുഖ്യമന്ത്രി ഓഫീസില്‍ പേഴ്സണല്‍ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തില്‍ സാധാരണമായ കാര്യമാണ്.അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. 
അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയില്‍ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയില്‍ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതക്കോ മര്യാദക്കോ നിരക്കുന്നതല്ല. വാർത്തകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.


🅾️ ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈൻ യോഗത്തില്‍നിന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ സർക്കാർ മാറ്റിനിർത്തി. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലും കഴിഞ്ഞ വർഷം ശബരിമലയിലുണ്ടായ വീഴ്ചകളുടെയും അടിസ്ഥാനത്തിലുമാണിത്. ശബരിമല സംബന്ധിച്ച ഉന്നതതലയോഗങ്ങളില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പങ്കെടുക്കുന്നതാണ് പതിവ്. ശനിയാഴ്ച പൊലീസ് ആസ്ഥാനത്തെ മറ്റ് യോഗങ്ങളില്‍ പങ്കെടുത്ത അജിത്കുമാറിനോട് വൈകീട്ടത്തെ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള അജിത്ത്കുമാറാണ് നിലവില്‍ ശബരിമലയുടെ ഏകോപനചുമതല വഹിക്കുന്നത്.


🅾️ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) രാഷ്ട്രീയ പാർട്ടിയല്ലെന്നും സാമൂഹിക കൂട്ടായ്മയാണെന്നും പി.വി.അൻവർ എം.എല്‍.എ. ഇന്ന് മഞ്ചേരിയില്‍ നടക്കുന്നത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമല്ല. നിലപാട് പ്രഖ്യാപനമാണെന്നും അൻവർ പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അൻവർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം.


🅾️ പി.വി അന്‍വറിന്‍റെ പുതിയ സംഘടനയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള തന്നെ. ഡിഎംകെ എന്ന് ചുരുക്കെഴുത്ത് സൂചിപ്പിക്കുന്ന അൻവറിൻ്റെ ചിത്രം പതിച്ച ബോർഡുകള്‍ മലപ്പുറത്ത് പലയിടങ്ങളിലായി സ്ഥാപിച്ചു.ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുൻ, ലോറി ഉടമ മനാഫും അടക്കം ചരിത്ര നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ പതിച്ച ബോർഡുകളും മഞ്ചേരിയിലെ യോഗ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. 
ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ അൻവർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ഒരുലക്ഷം ആളുകളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ അവകാശപ്പെടുന്നത്. പാർട്ടിയുടെ നയപരിപാടികളും സമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.


🅾️ പി.വി. അൻവർ എം.എല്‍.എ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയില്‍ ചേരാൻ സമീപിച്ചിരുന്നെന്നും എന്നാല്‍ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകള്‍.ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവനെ ഉദ്ധരിച്ച്‌ 'ദി ന്യൂസ് മിനുറ്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സഖ്യകക്ഷികളില്‍ നിന്നുള്ള വിമതരെ ഉള്‍ക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാല്‍ അൻവർ പാർട്ടിയുടെ ഭാഗമാകാൻ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. ദേശീയതലത്തില്‍ ഇൻഡ്യ സഖ്യത്തിലും തമിഴ്നാട്ടില്‍ ഭരണമുന്നണിയിലും ഡി.എം.കെയുടെ സഖ്യകക്ഷിയാണ് സി.പി.എം.
ഡി.എം.കെ കേരള സംസ്ഥാന സെക്രട്ടറി എ.ആർ. മുരുഗേശനും അൻവറിന്‍റെ ഡി.എം.കെ പ്രവേശനത്തില്‍ പ്രതികരിച്ചു. പാർട്ടിയില്‍ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച്‌ അൻവർ കത്ത് നല്‍കിയിരുന്നു. ഇതേത്തുടർന്ന് പാർട്ടി നേതൃത്വത്തിന് താൻ കത്ത് നല്‍കി. ഇത് സംബന്ധിച്ച്‌ തീരുമാനം ഉടനെയുണ്ടാകും. അൻവറിന്‍റെ സംഘടനയുടെ പേരായ ഡി.എം.കെയും തങ്ങളുടെ പാർട്ടിയായ ഡി.എം.കെയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും മുരുഗേശൻ പറഞ്ഞതായി 'ദി ന്യൂസ് മിനുറ്റ്' റിപ്പോർട്ട് ചെയ്യുന്നു. 
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് അൻവർ തന്‍റെ സംഘടനക്ക് നല്‍കിയ പേര്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) രാഷ്ട്രീയ പാർട്ടിയല്ലെന്നും സാമൂഹിക കൂട്ടായ്മയാണെന്നുമാണ് അൻവർ പറഞ്ഞത്. കഴിഞ്ഞ ദിവസം അൻവർ ചെന്നൈയിലെത്തി ഡി.എം.കെ നേതാക്കളെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 
ഇന്ന് മഞ്ചേരിയില്‍ നടക്കുന്നത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമല്ലെന്നും നിലപാട് പ്രഖ്യാപനമാണെന്നും അൻവർ പറഞ്ഞിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അൻവർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. പുതിയ രാഷ്ട്രീയ പാർട്ടിയെ പ്രഖ്യാപിച്ചാല്‍ അത് അയോഗ്യത ഭീഷണിക്കിടയാക്കുമെന്നതിനാലാണ് സാമൂഹിക കൂട്ടായ്മയെന്ന നിലയില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ വിശേഷിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ചയാള്‍ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേർന്നാല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. അപ്പോള്‍ സ്വാഭാവികമായും പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അന്‍വര്‍ അയോഗ്യനാക്കപ്പെടും. ഇത് മറികടക്കാനുള്ള ശ്രമങ്ങളാണ് അൻവർ നടത്തുന്നതെന്നാണ് വിലയിരുത്തലുകള്‍.


🅾️ കെട്ടിവെച്ച്‌ കാശ് പോലും കിട്ടാത്ത രീതിയിലേക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സി.പി.എം സ്ഥാനാർഥികള്‍ പോകുമെന്ന് പി.വി അൻവർ.പശ്ചിമബംഗാളിനേക്കാളും മോശമായ സ്ഥിതിയിലേക്ക് കേരളത്തിലെ സി.പി.എം എത്തും. ചെന്നൈയില്‍ പോയത് രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ്. സഹകരിക്കാൻ കഴിയുന്നവരുമായെല്ലാം സഹകരിക്കുമെന്നും പി.വി അൻവർ പറഞ്ഞു.


🅾️ സ്വർണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മുസ്‍ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്ന് ആവർത്തിച്ച്‌ കെ.ടി.ജലീല്‍ എം.എല്‍.എ. ഇതൊന്നും മതവിരുദ്ധമല്ലെന്നാണ് സ്വർണക്കടത്തില്‍ പങ്കാളികളാകുന്ന ഭൂരിഭാഗം മുസ്‍ലിംകളും വിശ്വസിക്കുന്നതെന്നും കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 
സ്വർണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാളിമാർ തയാറാവണം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‍കരണവും പുരോഗതിയുമാണ് മുസ്‍ലിം സമുദായത്തില്‍ നടത്താൻ മലപ്പുറം പ്രേമികള്‍ ഉദ്ദേശിക്കുന്നതെന്നും കെ.ടി. ജലീല്‍ ചോദിച്ചു. 
ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനോട് എന്ന നിലയിലല്ല, തന്റെകൂടി ഖാളി എന്ന നിലയിലാണ് സാദിഖലി തങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. യു.എ.ഇ കോണ്‍സുലേറ്റ് നല്‍കിയ റമദാൻ കിറ്റുകള്‍ വിതരണം ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതിനെതിരെ എന്നെ ഉടൻ കല്‍തുറുങ്കിലടക്കണമെന്ന് കത്തെഴുതിയ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബെന്നി ബഹനെതിരെ ഒരക്ഷരം ഉരിയാടാത്ത തൃത്താലയിലെ തോറ്റ എം.എല്‍.എയുടെ കറകളഞ്ഞ കാപട്യത്തിന് എന്തൊരു മൊഞ്ചാണെന്നും കെ.ടി. ജലീല്‍ പരിഹസിച്ചു.


🅾️ സ്വർണക്കടത്തിനെതിരെ മുസ്‍ലിം സമുദായത്തിന് മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബോധവത്കരണം നല്‍കണമെന്ന കെ.ടി.ജലീല്‍ എം.എല്‍.എയുടെ നിർദേശം തള്ളി മുസ്‍ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ. മുഖ്യമന്ത്രിയുടെ സംരക്ഷിക്കാനാണ് ജലീലിന്റെ നീക്കം. ഈ കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ഇ.ടി പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തിന്റെ ഇടപാടുകരെ മുഴുവന്‍ തന്റെ അധികാരസ്ഥാനത്തിരുത്തി പോലീസ് മേധാവിത്വത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവന വളരെ ഹീനമായിപ്പോയി. കളി പാണക്കാട് തങ്ങളോട് വേണ്ട എന്നാണ് പറയാനുള്ളത്- ഇ.ടി പറഞ്ഞു. 


🅾️ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് കെ.ടി. ജലീല്‍ എം.എല്‍.എയുടെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്‍ലിം സമൂഹമാണ് കള്ളക്കടത്ത് നടത്തുന്നതെന്നാണ് ജലീല്‍ പറയുന്നത്. ബി.ജെ.പി നേതാക്കള്‍ പോലും അങ്ങനെ പറയില്ലെന്നും പി.എം.എ. സലാം കുറ്റപ്പെടുത്തി.
കരിപ്പൂർ വിമാനത്താവളത്തില്‍ മാത്രമല്ല, കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്ത് നടക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ നിലനില്‍പിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാൻ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നില്‍ സ്വാർഥ താല്‍പര്യവും സി.പി.എമ്മിനെ തൃപ്തിപ്പെടുത്തലുമാണെന്നും പി.എം.എ. സലാം ആരോപിച്ചു. 


🅾️ മുസ്ലിം ലീഗിന് മറുപടിയുമായി കെ.ടി. ജലീല്‍ എം.എല്‍.എ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍െ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും ജലീല്‍ വ്യക്തമാക്കി.ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് ജലീലിന്‍റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. സ്വർണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മുസ്‍ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്ന ജലീലിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സലാം.


🅾️ മട്ടന്നൂർ ഗവ. പോളിടെക്നിക് കോളജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ പൊലീസ് മർദിച്ചതായി പരാതി.എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതില്‍ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയല്‍ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച്‌ അസഭ്യം പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് പൊലീസ് ബസില്‍ വലിച്ചിഴച്ചു കയറ്റി.
സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി.പി റജിലിനെയും മർദിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശാഭിമാനി ലേഖകനെ ഉള്‍പ്പെടെ ആക്രമിച്ച പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം മട്ടന്നൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.


🅾️ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്.രാവിലെ പ്രതികളെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളില്‍ വില്പന നടത്തിയെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം, പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പ്രതികള്‍. 26 പവൻ്റെ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ച മോഷണം പോയത്.


🅾️ കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് നാളെ മുതല്‍. രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും.തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള അഞ്ചുദിവസമായിരിക്കും ട്രെയിൻ ഉണ്ടായിരിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്.


🅾️ ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരത്തിന് എഴുത്തുകാരൻ അശോകൻ ചരുവില്‍ അർഹനായി. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമൻ വെങ്കലത്തില്‍ നിർമിച്ച ശില്‍പവുമാണ് പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.അശോകൻ ചരുവിലിന്റെ 'കാട്ടുർ കടവ്' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 48ാം വയലാല്‍ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
വയലാർ രാമവർമ മെമ്മോറിയല്‍ ട്രസ്റ്റാണ് പുരസ്കാരം നല്‍കുന്നത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകീട്ട് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ബെന്യാമിൻ, പ്രഫ. കെ.എസ്. രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരാണ് പുരസ്കാര നിർണയ കമ്മിറ്റിയിലുണ്ടായിരുന്നത്.


🅾️ ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ (എൻ.എച്ച്‌.85) ദേവികുളം ലാക്കാട് പ്രവർത്തനം തുടങ്ങി.വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ടോള്‍ ഈടാക്കാൻ തുടങ്ങി. ആന്ധ്രാപ്രദേശില്‍നിന്നുള്ള കമ്പനിയാണ് ടോള്‍ പിരിവ് നടത്തുന്നത്.
മൂന്നാർ-ബോഡിമെട്ട് റോഡിന്റെ നിർമാണം ജനുവരിയില്‍ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നില്ല. ദേശീയ പാതയുടെ പുനർനിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്.
2017 സെപ്റ്റംബറിലാണ് മൂന്നാർ-ബോഡിമെട്ട് റോഡിന്റെ പണി തുടങ്ങിയത്. 381.76 കോടി ചെലവഴിച്ചാണ് 42 കിലോമീറ്റർ റോഡിന്റെ വീതി കൂട്ടല്‍ ഉള്‍പ്പെടെയുള്ള നിർമാണം പൂർത്തിയാക്കിയത്.
റോഡിന്റെ വീതി നാലു മീറ്ററില്‍നിന്ന്15 മീറ്ററായി വർധിപ്പിച്ചു. ജനുവരി അഞ്ചിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാത നാടിന് സമർപ്പിച്ചു. നിർമാണം പൂർത്തിയാക്കി എട്ട് മാസത്തിന് ശേഷമാണ് ടോള്‍ ഈടാക്കാൻ തുടങ്ങിയത്.

ടോള്‍ തിരക്കുകൾ

ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങള്‍ക്ക് 340 രൂപയുടെ പ്രതിമാസ പാസെടുത്ത് യാത്ര ചെയ്യാം.

കാർ, ജീപ്പ്, മറ്റ് ചെറുവാഹനങ്ങള്‍ :ഒരു വശത്തേക്ക് 35 രൂപ ഇരുവശത്തേക്കും 55 രൂപ പ്രതിമാസം 1225 രൂപ

മിനി ബസ്: ഒരു വശത്തേക്ക് 60 രൂപ ഇരുവശത്തേക്കും 90 രൂപ പ്രതിമാസം 1980 രൂപ

ബസ്, ട്രക്ക്: ഒരു വശത്തേക്ക് 125 രൂപ ഇരുവശത്തേക്കും 185 രൂപ
പ്രതിമാസം 4150 രൂപ.

ഭാരവാഹനങ്ങള്‍: ഒരു വശത്തേക്ക് 195 രൂപ ഇരുവശത്തേക്കും 295 രൂപ പ്രതിമാസം 6505 രൂപ.

ഏഴില്‍ കൂടുതല്‍ ആക്സിലുള്ള വാഹനങ്ങള്‍: ഒരു വശത്തേക്ക് 240 രൂപ ഇരുവശത്തേക്കും 355 രൂപ.പ്രതിമാസം 7920 രൂപ.


🅾️ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം െവച്ച്‌ 1,52,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിലായി. ചെമ്പൂര് ചരുവിള വി.എസ് ഭവനില്‍ സതീഷ് (35), ചെമ്പൂര് വാളിയോട് കരമത്ത് കിഴക്കുംകരവീട്ടില്‍ സായിപ്പ് എന്ന സതീഷ് (40) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്. 
കരിക്കോട്ടുകുഴി സ്‌നേഹതീരം പണമിടപാട് സ്ഥാപനത്തില്‍ 28 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച മാല പണയം വെച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പണം തിരികെ അടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. തുടര്‍ന്നാണ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയത്.


🅾️ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിലെ വെജിറ്റേറിയൻ ഹോട്ടലിനെതിരെ നടപടി.ഹോട്ടല്‍ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചത്. അമ്പതിനായിരം രൂപ പിഴയും ഈടാക്കി. സെപ്റ്റിക് ടാങ്ക് ചോർച്ച കണ്ടതിനെതുടർന്ന് തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നോട്ടീസ് നല്‍കി. അനേകം ജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിച്ചുകൊണ്ടിരുന്ന കടവിലാണ് മലിനജലം ഒഴുക്കിയിരുന്നത്.


🅾️ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നതാപ്രദർശനം നടത്തിയ കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും.കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളംവീട്ടില്‍ സജിനെയാണ് (39) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ അധിക കഠിനതടവുകൂടി അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.


 🅾️ നാലുമാസം മുമ്പ് ബി.ജെ.പി അംഗത്വം സ്വീകരിച്ച ജോർജ് തച്ചമ്പാറയും 110 ഓളം സഹപ്രവർത്തകരും പാർട്ടിയില്‍നിന്ന് രാജിവെച്ചു.തന്റെ മുഖപുസ്തകത്തിലാണ് ബി.ജെ.പി പ്രാഥമികാംഗത്വം രാജിവെച്ചതായി പരസ്യമായി പ്രഖ്യാപിച്ചത്. ബി.ജെ.പിയുമായി യോജിച്ച്‌ പോവുന്നതിന് പറ്റാതായതോടെയാണ് രാജിവെക്കുന്നതെന്ന് ജോർജ് മാധ്യമത്തോട് പറഞ്ഞു. സ്വതന്ത്ര നയനിലപാടുകളുമായി മാറിനില്‍ക്കും. ഒപ്പമുള്ള പ്രവർത്തകരോട് കൂടിയാലോചിച്ച്‌ ഭാവി പ്രവർത്തനങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗവും തച്ചമ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയർമാനുമായിരുന്ന ജോർജ് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചാണ് ബി.ജെ.പിയില്‍ ചേർന്നിരുന്നത്


🅾️ മിനി ഊട്ടിക്കടുത്ത് അമ്പലംകുന്നില്‍ ക്വാറിയില്‍ പാറ ഇടിഞ്ഞുവീണു. മണ്ണുമാന്തി യന്ത്രവും ലോറിയും പാറക്കടിയിലായി.ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് സംഭവം. ഇരുപതടിയോളം ഉയരത്തില്‍നിന്ന് വൻ കരിങ്കല്‍ പാറ അടരുകളായി താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.


🅾️ കൊച്ചി എടയാറില്‍ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
ഗ്യാസ് സ്റ്റൗവില്‍ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. അജയ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. 
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊട്ടിത്തെറി നടന്ന് ഉടൻ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.


🅾️ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി. പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം കുളമ്ബ് ഭാഗത്തുനിന്ന് കാട്ടുപന്നിയെ വേട്ടയാടി പാചകം ചെയ്യാൻ ശ്രമിച്ച കിള്ളിമംഗലം കാങ്കലാത്ത് വീട്ടില്‍ കെ.ആർ. രാജേഷ് (40), കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്പ് വീട്ടില്‍ ഷെഫീഖ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിള്ളിമംഗലം കുളമ്പ് കാവും പറമ്പില്‍ ശ്രീജേഷ് എന്ന കണ്ണനുവേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി. ഇറച്ചി കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന ഒരു സ്കൂട്ടറും ഇവരില്‍നിന്ന് പിടികൂടിയിട്ടുണ്ട്.


🅾️ കാസർകോട് അമ്പലത്തറയില്‍ ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി. കണ്ണോത്ത് സ്വദേശി ബീന(40)യാണ് മരിച്ചത്. ഭർത്താവ് ദാമോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കിനെ തുടർന്ന് ദാമോദരൻ ഭാര്യയെ കഴുത്ത് ഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം.
ദാമോദരൻ അമ്പലത്തറ പൊലീസില്‍ കീഴടങ്ങി. കൊലപാതകം നടത്തിയതിനുശേഷം ദാമോദരൻ തന്നെ ബന്ധുവിനെ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു. ബീനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.


🅾️ 18 കിലോ കഞ്ചാവും രണ്ടുകിലോ ഹഷീഷ് ഓയിലുമായി നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എടക്കഴിയൂർ ചിന്നക്കല്‍ ഷാഫി (37), പുന്നയൂർ മൂന്നയിനി കളപ്പുരക്കല്‍ അക്ബർ (38), അണ്ടത്തോട് വലിയകത്ത് നിയാസ് (31), തെക്കൻ പാലയൂർ രായമരക്കാർ അബ്ദുല്‍ റഹ്മാൻ (36) എന്നിവരാണ് അറസ്റ്റിലായത്.ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കുന്നംകുളം-ചാവക്കാട് റോഡില്‍ കോട്ടപ്പടി ജങ്ഷന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് റേഞ്ച് ഓഫിസ്, മധ്യമേഖല കമീഷണർ സ്ക്വാഡ്, ഡെപ്യൂട്ടി കമീഷണർ സ്ക്വാഡ് എന്നീ സംഘങ്ങള്‍ സംയുക്തമായാണ് പ്രതികളെ കുടുക്കിയത്.


🅾️ യു.ജി.സിയുടെ കീഴിലുള്ള കോളജ് ഗുണപരിശോധന കമ്മിറ്റിയായ നാഷനല്‍ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിലിന്റെ എ പ്ലസ് ഗ്രേഡ് പയ്യന്നൂർ കോളജിന് ലഭിച്ചു.2018 ലെ ബി പ്ലസില്‍നിന്നാണ് കോളജ് ഈ വൻനേട്ടത്തിലേക്ക് കുതിച്ചുയർന്നത്.


🅾️ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ സാധന സാമഗ്രികളില്‍ പലതും കാണാനില്ലെന്ന് പരാതി.സർവകലാശാലയില്‍നിന്നു മുൻകൂട്ടി അറിയിച്ചതനുസരിച്ചു ബന്ധുക്കള്‍ ശനിയാഴ്ച സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ സാധനങ്ങള്‍ കൊണ്ടുപോകാനെത്തിയപ്പോഴാണ് പല സാധനങ്ങളും കാണാനില്ലെന്ന് കണ്ടെത്തിയത്. 
സിദ്ധാർഥന്റെ അമ്മാവനടക്കം നാലുപേരാണ് നെയ്യാറ്റിൻകരയില്‍നിന്നു സർവകലാശാലയില്‍ എത്തിയത്. സിദ്ധാർഥൻ താമസിച്ചിരുന്ന മുറിയോടുചേർന്ന ചെറിയ മുറിയില്‍ ഉണ്ടായിരുന്ന വയലിൻ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തെങ്കിലും വേറെയും സാധനങ്ങളുണ്ടെന്നും അതു കിട്ടാതെ പോകില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. മറ്റു വിദ്യാർഥികളുടെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ഏതാനും സാധനങ്ങള്‍ കൂടി കിട്ടിയെങ്കിലും മുഴുവൻ സാധനങ്ങളും കിട്ടണമെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനിന്നു.
ടി. സിദ്ദീഖ് എം.എല്‍.എ ഇരുകൂട്ടരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ 34 സാധനങ്ങള്‍ സ്വീകരിക്കുകയും ബാക്കി 22 സാധനങ്ങള്‍ നല്‍കാത്തതിനെതിരെ യൂനിവേഴ്സിറ്റി ഡീനിനും വൈത്തിരി പൊലീസിലും പരാതി നല്‍കുകയായിരുന്നു. ചില സാധനങ്ങള്‍ സി.ബി.ഐയുടെ ഫോറൻസിക് വിഭാഗം കൊണ്ടുപോയതാണെന്നും ബാക്കിയുള്ളവ കൂടുതല്‍ പരിശോധന നടത്തി ലഭ്യമാകുന്ന മുറക്കനുസരിച്ചു നല്‍കുമെന്നും ഡീൻ ഡോ. എസ്. മായ പറഞ്ഞു. സിദ്ധാർഥന്റെ അമ്മാവൻ ഷിബു, ബന്ധുക്കളായ എസ്. ബിനു, പ്രസാദ്, എ.ഐ. ബിനു എന്നിവരാണ് ഹോസ്റ്റലിലെത്തിയത്.


🅾️ കിഴക്കോത്ത് സ്വദേശിയായ ബിസിനസുകാരനെയും കുടുംബത്തെയും ഭീ ഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തടക്കം മൂന്ന് തൃശൂർ സ്വദേശികള്‍ പൊലീസ് പിടിയില്‍.തൃശൂർ കൈപ്പമംഗലം കൂരിക്കുഴി ചൂലൂക്കാരൻ വീട്ടില്‍ അബ്ദുല്‍ അക്ബർ (27), പുതിയ വീട്ടില്‍ അൻസാർ (31) എന്നിവരെ ശനിയാഴ്ച മുക്കത്തുനിന്നാണ് പിടികൂടിയത്. കാക്ക രഞ്ജിത്ത് കൊച്ചിയില്‍ പൊലീസ് പിടിയിലാവുകയായിരുന്നു. കിഴക്കോത്ത് സ്വദേശിയുടെ ജിം സ്ഥാപനത്തില്‍ പരിശീലകനായി പ്രവർത്തിച്ച അബ്ദുല്‍ അക്ബറിനെ സ്ഥാപനത്തില്‍നിന്ന് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയിരുന്നു. ഇതേതുടർന്ന് കിഴക്കോത്ത് സ്വദേശിയുടെ സ്വകാര്യ ഫോട്ടോകള്‍ ഇയാള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി കാക്ക രഞ്ജിത്തിനെ ഉപയോഗപ്പെടുത്തി ആദ്യം മൂന്നുലക്ഷം രൂപ കൈക്കലാക്കുകയുണ്ടായി. ഒക്ടോബർ മൂന്നിന് കാക്ക രഞ്ജിത്ത് ഫോണില്‍ വിളിച്ച്‌ 10 ലക്ഷംകൂടി ആവശ്യപ്പെട്ടതോടെ കൊടുവള്ളി പൊലീസ് എസ്.എച്ച്‌.ഒ അഭിലാഷിന് പരാതി നല്‍കുകയായിരുന്നു.


🅾️ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. ദിവസം പരമാവധി 80,000 പേർക്കായിരിക്കും ദർശന സൗകര്യം. മണ്ഡല-മകരവിളക്ക് തീർഥാടന ഒരുക്കം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
വെര്‍ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാവഴി തെരഞ്ഞെടുക്കാൻ അവസരം ഒരുക്കും. അതുവഴി തീർഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാവഴി തെര‍ഞ്ഞെടുക്കാനാവും. കാനനപാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. 
നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും


🅾️ വയനാട്ടിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുകളുമായി കർണാടക സ്വദേശി എക്സൈസ് പിടിയില്‍. ബംഗളൂരു ബി.എസ് നഗർ ഗൃഹലക്ഷ്മി ബെനകറെ സിഡൻസിയില്‍ രാഹുല്‍ റായ് ആണ് (38)പിടിയിലായത്.കാട്ടിക്കുളം രണ്ടാം ഗേറ്റില്‍ മാനന്തവാടി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 276 ഗ്രാം മാജിക് മഷ്റൂം (സിലോസൈബിൻ), 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവയാണ് പിടികൂടിയത്.


🅾️ ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാർട്ടിയെന്നും മതേതര പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നും പി.വി. അൻവർ എം.എല്‍.എ.
ജനങ്ങളാണ് തന്നെ സംബന്ധിച്ച്‌ ഏറ്റവും പ്രബലർ. കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പാർട്ടി അഭിസംബോധന ചെയ്യും. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാർട്ടിയുടെ സാന്നിധ്യമുണ്ടാകുമെന്നും അൻവർ കൂട്ടിച്ചേർത്തു.


🅾️ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ച്‌ നടൻ സിദ്ദീഖ്. യുവതിയുടെ പരാതിയെ തുടർന്ന് സിദ്ദീഖിനെതിരെ എടുത്ത കേസില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്.വരും ദിവസങ്ങളില്‍ സിദ്ദീഖിനെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.


🅾️ വിനോദയാത്രക്കിടെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ രണ്ട് അധ്യാപകരെ ചുമതലകളില്‍ നിന്ന് നീക്കി.ടൂറിസം ഡിപ്പാർട്ട്മെന്റിലെ ഷെല്‍ജി, സനൂപ് എന്നീ അധ്യാപകർക്കെതിരെയാണ് നടപടി. വിദ്യാർഥി സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്നാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തത്.


🅾️ ധനവകുപ്പിന്‍റെ ഉത്തരവിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ഭാര്യ ഉള്‍പ്പെടെ സി.പി.എം അനുകൂല സർവിസ് സംഘടന ഭാരവാഹികള്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് ട്രഷറികളില്‍നിന്ന് നേരിട്ട് ശമ്ബളം മാറാനുള്ള ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ പദവി റദ്ദാക്കിയ ഉത്തരവിനെതിരെ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലുമാണ് മന്ത്രിയുടെ ഭാര്യ ആശ പ്രഭാകരൻ പങ്കെടുത്തത്.
തിരുവനന്തപുരം എം.ജി കോളജ് അധ്യാപികയായ ആശ സി.പി.എം അനുകൂല കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വനിതാവിഭാഗം കണ്‍വീനറാണ്


🅾️ ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട അർജുന്റെ കുടുംബവും ലോറിയുടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു.തെറ്റിദ്ധാരണകള്‍ മാറിയെന്ന് മനാഫും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുൻകൈയെടുത്തത്. തുടർന്ന് അർജുന്റെ വീട്ടിലെത്തി മനാഫ് വീട്ടുകാരെ സന്ദര്‍ശിച്ചു.
കുടുംബാംഗങ്ങളായ മുബീൻ, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവരും മനാഫിന് ഒപ്പമുണ്ടായിരുന്നു. അർജുന്റെ സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവരുമായി ഇവർ സംസാരിച്ചു.
തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണെന്നും മനാഫ് പറഞ്ഞു. ഇപ്പോള്‍ എല്ലാം സംസാരിച്ച്‌ തീർത്തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്താ സമ്മേളനത്തിന് പിന്നാലെ ചർച്ചയായതെന്ന് ജിതിൻ പറഞ്ഞു. തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജിതിൻ സൂചിപ്പിച്ചു. 
''തർക്കത്തിനൊടുവില്‍ എല്ലാവരും സംഘിപ്പട്ടം ചാർത്തിത്തന്നു. ആ രീതിയിലേക്ക് ഒരുവിഭാഗം ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചു. ഉദ്ദേശിച്ച കാര്യവും ജനങ്ങളിലെത്തിയതും രണ്ടായിപ്പോയി.''-ജിതിൻ പറഞ്ഞു. 
''ഈ വിഷയത്തില്‍ തെറ്റിദ്ധാരണകളാണ് ഉണ്ടായിരിക്കുന്നതെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നു. അതെല്ലാം പറഞ്ഞുതീർത്തു. ഇവരുടെ പ്രശ്നങ്ങളെല്ലാം ഞാൻ മനസിലാക്കി. ഞങ്ങളൊരു കുടുംബമാണ്. ഒരു കുടുംബത്തിനുള്ളില്‍ തന്നെ പല പ്രശ്നങ്ങളുമുണ്ടാകും. അതെല്ലാം ഇരുന്നു സംസാരിച്ചാല്‍ തീരാവുന്നതേയുള്ളൂ. അത് സംഭവിച്ചു.''-മനാഫ് പറഞ്ഞു. എല്ലാം പറഞ്ഞുതീർത്ത് ഒരുമിച്ച്‌ ഫോട്ടോയും എടുത്ത ശേഷമാണ് മനാഫും സംഘവും പിരിഞ്ഞത്.


🅾️ 2018 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം (ഭേദഗതി) പ്രകാരം ഭൂമി തരം മാറ്റത്തിന് ആഗസ്റ്റ് 31 വരെ സമര്‍പ്പിച്ചിരിക്കുന്ന ഫോം 5, ഫോം 6 (25 സെന്റില്‍ താഴെ) അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനു താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു.എറണാകുളം ജില്ലയിലെ ഏഴ് താലൂക്ക് കേന്ദ്രങ്ങളില്‍ അദാലത്തുകള്‍ നടത്തുന്നു. 
മൂവാറ്റുപുഴ (നവംബര്‍ ഏഴിന് രാവിലെ പത്തു മുതല്‍), കോതമംഗലം (നവംബര്‍ എട്ട് രാവിലെ പത്തു മുതല്‍), കൊച്ചി (നവംബര്‍ 11 രാവിലെ 10 മുതല്‍), കുന്നത്തുനാട് (നവംബര്‍ 12 രാവിലെ 10 മുതല്‍), ആലുവ (നവംബര്‍ 13 രാവിലെ 10 മുതല്‍), പറവൂര്‍ (നവംബര്‍ 14 രാവിലെ 10 മുതല്‍), കണയന്നൂര്‍ (നവംബര്‍ 15 രാവിലെ 10 മുതല്‍) എന്നിങ്ങനെയാണ് അദാലത്ത്. 
അദാലത്തുകളിലേക്കു പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ലാത്തതും ആഗസ്റ്റ് 31 വരെ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ തീരുമാനം എടുക്കുകയാണ് ചെയ്യുന്നത്. അദാലത്തുകളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഭൂമി തരംമാറ്റ അപേക്ഷകളുടെ വിവരങ്ങള്‍ അറിയുന്നതിനായി കലക്ടറേറ്റില്‍ ആരംഭിച്ച അന്വേഷണ കൗണ്ടറിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. അപേക്ഷ വിവരങ്ങള്‍ അറിയുന്നതിനു അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.


🅾️ ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചതായി പരാതി. സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയില്‍ ഷിജിയുടെ മകൻ എസ്.ആദിലിനെയാണ് (19) നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചത്
രക്ഷപ്പെട്ട് നാട്ടിലെത്തിയ ആദില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.


🅾️ കാമുകന് കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വിചാരണ ഒക്ടോബർ 15ന് തുടങ്ങും. പാറശ്ശാല സമുദായപ്പറ്റ് ജെ.പി.ഭവനില്‍ ഷാരോണ്‍ രാജ് കൊല്ലപ്പെട്ട കേസില്‍ ഇളഞ്ചിറ രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയാണ് (23) ഒന്നാംപ്രതി.


🅾️ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും കുറ്റമുക്തർ.കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ കാസർകോട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിച്ച്‌ വിധി പുറപ്പെടുവിച്ചത്. 
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍. 
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നുമാണ് കേസ്.


 ദേശീയം 



🅾️ ഒക്ടോബർ എട്ടിനാണ് ജമ്മുകശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോളുകളെല്ലാം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടുമെന്നാണ് പ്രവചിക്കുന്നത്.വോട്ടെണ്ണലിന് തൊട്ടുമുമ്പായി അഞ്ച് എം.എല്‍.എമാരെ സഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തിരക്കിട്ട് നീക്കം നടത്തുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
നാമനിർദേശം ചെയ്യപ്പെട്ടവർക്ക് സഭയില്‍ വോട്ടവകാശം കൂടി അനുവദിച്ച്‌ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവർണർ നടത്തുന്നതെന്ന് ഇൻഡ്യ സഖ്യവും പി.ഡി.പിയും ആരോപിച്ചു. ഇതിനെതിരെ നിയമനടപടിയുള്‍പ്പെടെ സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുടെ തീരുമാനം. എന്നാല്‍ സംഭവത്തില്‍ ബി.ജെ.പിയും ലഫ്. ഗവർണറുടെ ഓഫിസും പ്രതികരിച്ചിട്ടില്ല. 
നിയമസഭയിലേക്കുള്ള വനിതാപ്രാതിനിധ്യം പര്യാപ്തമല്ലെന്നു തോന്നിയാല്‍ രണ്ട് അംഗങ്ങളെ ലഫ്. ഗവർണർക്ക് നാമനിർദേശം ചെയ്യാമെന്നു ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിക്കൊണ്ടുള്ള 2019 ലെ പുനഃസംഘടനാ നിയമത്തില്‍ (ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ നിയമം) വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈയില്‍ അവതരിപ്പിച്ച ഭേദഗതിയുടെ ചുവടുപിടിച്ച്‌ മൂന്ന് അംഗങ്ങളെ കൂടി നാമനിർദേശം ചെയ്യാനാണ് ഗവർണറുടെ നീക്കം. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍, പാക് അധിനിവേശ കശ്മീരില്‍ നിന്ന് പലായനം ചെയ്തവരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെ മൂന്നുപേരെയാണ് നാമനിർദേശം ചെയ്യുക. അങ്ങനെ വന്നാല്‍, 90 എം.എല്‍.എമാർക്കു പുറമെ കേന്ദ്ര താല്‍പര്യ പ്രകാരം അഞ്ചുപേർ കൂടി നിയമസഭയില്‍ അധികമായെത്തും. എന്നാല്‍ നാമനിർദേശം ചെയ്യുന്നവർക്ക് വോട്ടവകാശം ലഭിച്ചാല്‍ സഭയുടെ അംഗബലം 95 ആകും. അത് ബി.ജെ.പിക്ക് വലിയ മുതല്‍ക്കൂട്ടാകും. 48 അംഗങ്ങളുടെ പിൻബലമുണ്ടെങ്കില്‍ കേവല ഭൂരിപക്ഷം ലഭിക്കും. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ 43 പേരുടെ പിന്തുണ ലഭിച്ചാല്‍ എളുപ്പത്തില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കാനും സാധിക്കും. ഇതാണ് ഇൻഡ്യ സഖ്യം ശക്തമായി എതിർക്കുന്നത്. 
സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പായി അഞ്ചു എം.എല്‍.എമാരെ നാമനിർദേശം ചെയ്യാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് ജമ്മുകശ്മീർ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് രവീന്ദർ ശർമ വ്യക്തമാക്കി. സർക്കാർ രൂപവത്കരിച്ച ശേഷം മന്ത്രിമാരുടെ ശിപാർശയനുസരിച്ച്‌ ഇത്തരമൊരു നടപടിക്ക് സാധുതയുള്ളൂ. അല്ലാത്ത പക്ഷം അത് ജനാധിപത്യത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


🅾️ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഞ്ച് എംഎല്‍എമാരെ നാമനിർദ്ദേശം ചെയ്‌ത ലെഫ്. ഗവർണറുടെ നടപടിക്കെതിരെ ജമ്മു കാശ്‌മീരില്‍ പ്രതിഷേധം ശക്തമാവുന്നു.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാർട്ടികള്‍ ഈ തീരുമാനത്തിന് എതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലെഫ്. ഗവർണറുടെ നടപടി ജനാധിപത്യത്തിന് കളങ്കം ഏല്‍പ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഫലം വന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുൻപ് തന്നെ അഞ്ച് പേരെ നാമനിർദ്ദേശം ചെയ്‌തത്‌ ശരിയല്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കൂടാതെ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് അവർ ജമ്മു കാശ്‌മീർ ലെഫ്. ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെടുകയും ചെയ്‌തു.ഇതോടെ ജമ്മുവിലെ നിയമസഭാ അംഗങ്ങളുടെ ആകെ എണ്ണം 95 ആയും, ഭൂരിപക്ഷം 48 ആയും മാറുമെന്നാണ് കരുതപ്പെടുന്നത്. പ്രധാനമായും തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പല്ലും നഖവും ഉപയോഗിച്ച്‌ ഈ തീരുമാനത്തെ പ്രതിരോധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്.


🅾️ അധ്യാപികയുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാല് വിദ്യാർഥികള്‍ പിടിയിലായി.യു.പിയിലെ ആഗ്രയിലാണ് സംഭവം.
മഥുരയിലെ ഒരു സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താംക്ലാസ് വിദ്യാർഥികള്‍ക്ക് അധ്യാപിക പ്രത്യേക ക്ലാസുകള്‍ നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ ഒരു വിദ്യാർഥി അധ്യാപികയുമായി അടുപ്പത്തിലായി. അധ്യാപികയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു. പിന്നീട്, ശാരീരിക ബന്ധത്തിലേർപ്പെടാൻ വിദ്യാർഥി അധ്യാപികയെ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്തു. ഇതോടെ അധ്യാപിക ഈ വിദ്യാർഥിയുമായി അകന്നു.
വിദ്യാർഥിയുടെ നമ്പർ അധ്യാപിക ബ്ലോക്ക് ചെയ്യുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ വിദ്യാർഥി തന്‍റെ ഫോണിലുണ്ടായിരുന്ന അധ്യാപികയുടെ വിഡിയോ മൂന്ന് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. ഇവർ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഇൻസ്റ്റഗ്രാമില്‍ പേജ് തുടങ്ങുകയും ചെയ്തു.
തുടർന്ന്, അധ്യാപിക സർക്കാറിന്‍റെ സഹായ കേന്ദ്രത്തില്‍ പരാതിപ്പെടുകയും ഇത് പൊലീസിന് കൈമാറുകയുമായിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് അധ്യാപിക പറയുന്നു. കേസില്‍ അറസ്റ്റ് ചെയ്ത നാല് വിദ്യാർഥികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ആഗ്ര പൊലീസ് അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തില്‍, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ അധ്യാപികയുടെ നഗ്നദൃശ്യങ്ങള്‍ സൃഷ്ടിച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത രണ്ട് ഒമ്പതാംക്ലാസുകാരെ യു.പി പൊലീസ് പിടികൂടിയിരുന്നു. അധ്യാപികയുടെ വ്യാജമായി സൃഷ്ടിച്ച നഗ്നചിത്രങ്ങള്‍ ഇവർ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.


🅾️ ബംഗാളിലെ സൗത്ത് 24 പർഗാനാസില്‍ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു. കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടെന്നും കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. 
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി രാജിവെക്കണമെന്നും സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ബി.ജെ.പി ആരോപിച്ചു.


🅾️ പഞ്ചാബില്‍ എ.എ.പി നേതാവിന് വെടിയേറ്റു. ശിരോമണി അകാലിദള്‍ നേതാവുമായുണ്ടായ വാക്കുതർക്കത്തിനിടെയായിരുന്നു അപകടം.എ.എ.പി നേതാവ് മന്‍ദീപ് സിങിനാണ് വെടിയേറ്റത്. 
മുന്‍ എം.പി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാനിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍ എത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥന നിരസിച്ചു. ഇതേ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും അകാലിദള്‍ നേതാവ് വെടിയുതിര്‍ക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ എ.എ.പി നേതാവ് മന്‍ദീപ് സിങിനെ പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ മറ്റൊരു ആശുപത്രിയിലേയ്ക്കും മാറ്റി.


🅾️ മേഘാലയയില്‍ കനത്ത മഴ. ഉരുള്‍പൊട്ടലിനെ തുടർന്ന് സൗത്ത് ഗാരോ ഹില്‍സ് ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേർ ഉള്‍പ്പെടെ 10 പേർ മരിച്ചു.


🅾️ ഞായറാഴ്ച പുലർച്ചെ മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർ മരിച്ചു. കടകളും ഫ്ലാറ്റുകളും ഉള്ള ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്.ചെമ്പൂർ ഏരിയയിലെ സിദ്ധാർഥ് കോളനിയിലാണ് സംഭവം.
പരിക്കേറ്റവരെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കടയിലെ ഇലക്‌ട്രിക് വയറിങ്ങില്‍ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.


🅾️ ഹിന്ദുസമൂഹം ഭാഷ-ജാതി വേർതിരിവുകള്‍ മറന്ന് സ്വയരക്ഷക്കായി ഒന്നിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.ആർ.എസ്.എസ് വളണ്ടിയർമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. 
ഭാഷ, ജാതി, ദേശ വേർതിരിവുകള്‍ മറന്ന് ഹിന്ദുസമൂഹം സ്വയരക്ഷക്ക് വേണ്ടി ഒന്നിക്കണം. ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കണം. അച്ചടക്കത്തോട് കൂടിയാണ് പ്രവർത്തനങ്ങള്‍ നടത്തേണ്ടത്. സമൂഹം ഉണ്ടാക്കിയത് താനും കുടുംബവും ചേർന്ന് മാത്രമല്ലെന്ന ചിന്ത എല്ലാവർക്കും വേണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. 
ഇന്ത്യ ഹിന്ദു രാജ്യമാണ്. രാജ്യത്ത് താമസിക്കുന്ന ആളുകളെ വിളിക്കാനാണ് ഹിന്ദുവെന്ന പദം ഉപയോഗിക്കുന്നത്. ആർ.എസ്.എസില്‍ പ്രവർത്തിക്കുന്നതിനേക്കാള്‍ മറ്റൊരു സേവനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളില്‍ നിന്നും വളണ്ടിയർമാരിലേക്കും അവരില്‍ നിന്നും കുടുംബങ്ങളിലേക്കും സംഘപരിവാറിന്റെ ആശയങ്ങള്‍ എത്തുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. 
നേരത്തെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാകാതിരുന്നതോടെ ബി.ജെ.പിയില്‍ പിടിമുറുക്കാൻ ആർ.എസ്.എസ് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ പരോക്ഷ വിമർശനവുമായി മോഹൻ ഭാഗവത് രംഗത്തെത്തുകയും ചെയ്തിരുന്നു.


🅾️ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ യുവതി.ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ഒരു റസ്റ്റാറന്റില്‍ െവച്ച്‌ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു. രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കവെ, യുവതി കൈയില്‍ കരുതിയിരുന്ന കുപ്പിയുടെ അടപ്പ് തുറന്ന് അതിലുണ്ടായിരുന്ന ദ്രാവകം കാമുകന്റെ മുഖത്തേക്ക് ഒഴിച്ചു. ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
'അയാള്‍ എന്നെ പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തി, ബ്ലാക്മെയില്‍ ചെയ്തു. ഞാനയാളെ വിവാഹം കഴിക്കില്ല, മറ്റൊരാളുടെ കൂടെയാണ് ജീവിക്കുക. ഞാനൊരു വിവാഹ മോചിതയാണ്. എന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് കൂടെ നടന്നത്. പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി.'-യുവതി പൊലീസിനോട് പറഞ്ഞു.


🅾️ ഭർത്താവിന്റെ കുടുംബം 16 വർഷമായി തടങ്കലില്‍വെച്ച സ്ത്രീയെ രക്ഷിച്ചു. ഭോപ്പാലില്‍ നിന്നുള്ള സ്ത്രീയെയാണ് രക്ഷിച്ചത്.താണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. രാണ സാഹു എന്ന സ്ത്രീയെയാണ് തടങ്കലില്‍ നിന്നും രക്ഷിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ് ശില്‍പ കൗരവ് പറഞ്ഞു. രാണുവിന്റെ പിതാവ് കിഷൻ ലാല്‍ സാഹുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. 
2006ലാണ് രാണുവിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് ശേഷം സ്വന്തം കുടുംബത്തെ കാണാൻ അനുമതിയുണ്ടായിരുന്നില്ല. 2006 മുതല്‍ 2008 വരെ ഭർത്താവ് മകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പിതാവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മകനേയും മകളേയും രാണ സാഹുവില്‍ നിന്നും വേർപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 
രാണുവിന്റെ അവസ്ഥ മോശമാണെന്ന അയല്‍ക്കാർ അറിയിച്ചതിനെ തുടർന്ന് കിഷൻ ലാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടർന്ന് സന്നദ്ധ സംഘടനയുടെ സഹായത്തോടെ പൊലീസെത്തി രാണുവിനെ രക്ഷിക്കുകയായിരുന്നു. നിലവില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൂടുതല്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.


🅾️ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ ആർ.ആർ.നഗർ മണ്ഡലം ബി.ജെ.പി എം.എല്‍.എ എൻ.മുനിരത്ന നായിഡുവിനെ ബംഗളൂരു പ്രത്യേക കോടതി ശനിയാഴ്ച14 ദിവസത്തേക്ക് ബംഗളൂരു സെൻട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്തു.


🅾️ ബധിരനും മൂകനും എന്നതടക്കം വിശേഷണങ്ങള്‍ തെറ്റാണെന്നും കേള്‍വിക്ക് തകരാർ ഉള്ളവരെ കേള്‍വിക്ക് ബുദ്ധിമുട്ട് നേരിടുന്നവർ എന്നേ പറയാവൂ എന്നും ഹൈകോടതി.ബധിരയും മൂകയുമാണ് എതിർ കക്ഷി എന്ന ഹരജിയിലെ വിശേഷണം തിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കേള്‍വിക്ക് ബുദ്ധിമുട്ട് നേരിടുന്ന യുവതി കുടുംബകോടതിയില്‍ നല്‍കിയ ഹരജിയില്‍ കേസ് നടത്തിപ്പിനായി സഹായിയെ നിയോഗിച്ചിരുന്നു. ഇതിനെതിരെ ഭർത്താവ് നല്‍കിയ ഉപഹരജി കുടുംബകോടതി തള്ളി. ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് എതിർ കക്ഷിയെ ബധിരയും മൂകയും എന്ന് വിശേഷിപ്പിച്ചത്. പ്രയോഗം മധ്യകാലഘട്ടത്തിന്‍റെ അവശേഷിപ്പാണെന്ന് വിശേഷിപ്പിച്ച കോടതി ഇത് ധാർമികമായും സാങ്കേതികമായും തെറ്റാണെന്നും അഭിപ്രായപ്പെട്ടു.


 🅾️ വി.ഡി. സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന് പ്രസംഗിച്ച ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു.


🅾️ രേണുക സ്വാമി വധക്കേസ് പ്രതി നടൻ ദർശൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജിയില്‍ വിധി ബംഗളൂരു കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.


 🅾️ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്.ബലാത്സംഗക്കേസില്‍ പ്രതിയായ ഗുർമീത് റാം റഹീം സിങ് തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. 20 ദിവസത്തേക്കാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്.


🅾️ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച്‌ ആപ് നേതാവ് അരവിന്ദ് കെജ്‌രിവാള്‍.ഈ ആവശ്യം നിറവേറ്റുകയാണെങ്കില്‍ കാവി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 
'ജനതാ കി അദാലത്തില്‍' ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കെജ്‌രിവാള്‍, ബി.ജെ.പിയുടെ 'ഇരട്ട എഞ്ചിൻ' സർക്കാറുകള്‍ സംസ്ഥാനത്തുടനീളം പരാജയമാണെന്ന് ആരോപിച്ചു.


🅾️ ലഡുവില്‍ ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണത്തിനിടെ തിരുപ്പതി ക്ഷേത്രം വീണ്ടും വിവാദത്തില്‍.ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്ത പ്രസാദത്തില്‍ പഴുതാരയെ കണ്ടുവെന്ന വിവാദമാണ് ഉയർന്നിരിക്കുന്നത്. എന്നാല്‍, ആരോപണം തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ നിഷേധിച്ചു. 
ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച സംഭവമുണ്ടായത്. അംഗീകരിക്കാനാവാത്ത സംഭവമാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തരിലൊരാള്‍ പറഞ്ഞു. ശക്തമായ നടപടി ഇക്കാര്യത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


🅾️ ജമ്മുകശ്മീർ, ഹരിയാന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി നേതാക്കള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമെന്നും ജമ്മുകശ്മീരില്‍ നാഷനല്‍ കോണ്‍ഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത്.ഹരിയാനയില്‍ കനത്ത ഭൂരിപക്ഷം ലഭിക്കുമെന്നും തന്റെ പാർട്ടി സർക്കാർ രൂപവത്കരിക്കുമെന്നും മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. 
അതേസമയം, എക്സിറ്റ് പോളുകള്‍ വെറും സമയം കളയുന്നതാണെന്നായിരുന്നു നാഷനല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ലയുടെ പ്രതികരണം. തന്റെ പാർട്ടിക്ക് അനുകൂലമായിട്ടും എക്സിറ്റ് പോളുകള്‍ അദ്ദേഹം തള്ളുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ജനം കണ്ടതാണെന്നും ചാനലുകളിലെയും സാമൂഹികമാധ്യമങ്ങളിലെയും ഇത്തരത്തിലുള്ള ബഹളങ്ങള്‍ അവഗണിക്കുകയാണെന്നും ഒക്ടോബർ എട്ടിന് യഥാർഥ ഫലം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


🅾️ ജവഹർ നവോദയ വിദ്യാലയങ്ങളില്‍ 9, 11 ക്ലാസുകളില്‍ 2025-26 സെഷനില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം.സെലക്ഷൻ ടെസ്റ്റ് ദേശീയതലത്തില്‍ ഫെബ്രുവരി എട്ടിന് നടത്തും. വിശദവിവരങ്ങള്‍ https://navodaya.gov.inല്‍ ലഭിക്കും.


🅾️ ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ വിദേശത്ത് തൊഴിലവസരം തേടുന്നതില്‍ നിന്ന് പൗരനെ തടയാനാവില്ലെന്ന് സുപ്രധാന വിധിയില്‍ ഡല്‍ഹി ഹൈകോടതി വ്യക്തമാക്കി.കുറ്റവാളിയെന്ന് കോടതി വിധിക്കാതെ വിദേശ യാത്രക്കുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നല്‍കാതിരിക്കാനാവില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുലയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു. എഫ്.ഐ.ആർ ഉണ്ടെന്ന കാരണം പറഞ്ഞ് വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനാവില്ലെന്നും ഹൈകോടതി ഓർമിപ്പിച്ചു. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട കരോള്‍ ബാഗിലെ അമർദീപ് സിങ് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി വിധി.


🅾️ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷൻ കാർഡ് നല്‍കുന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വൈകിപ്പിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി.ക്ഷമ നശിച്ചെന്നും ഇനി ദാക്ഷിണ്യമുണ്ടാകില്ലെന്നും ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നവംബർ 19നകം ആവശ്യമായ നടപടികളെടുക്കാൻ കോടതി അന്ത്യശാസനം നല്‍കി. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും കണക്കിലെടുത്ത് 2020ല്‍ സ്വമേധയ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.


🅾️ ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചതായി പരാതി. സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയില്‍ ഷിജിയുടെ മകൻ എസ്.ആദിലിനെയാണ് (19) നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചത്
രക്ഷപ്പെട്ട് നാട്ടിലെത്തിയ ആദില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. കാലിനാണ് ഗുരുതര പരിക്ക്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.


 അന്താരാഷ്ട്രീയം 



🅾️ യു.എസില്‍ ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ചതിന്‍റെ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഒരു പുതിയ 'കൊടുങ്കാറ്റ്' ഉയരുന്നു.
ദുരന്ത ഫണ്ട് വെട്ടിക്കാനും കോർപറേറ്റുകളെ സഹായിക്കാനും ഉദ്യോഗസ്ഥർ 'കാലാവസ്ഥയെ ബോധപൂർവം നിയന്ത്രിക്കുന്നുവെന്ന' അവകാശവാദമാണ് നവ മാധ്യമങ്ങളില്‍ ഉയരുന്നത്. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ് പ്രചരിപ്പിച്ചത് ഉള്‍പ്പെടെയുള്ള ഇത്തരം 'കിംവദന്തികളെ' ചെറുക്കാൻ പാടുപെടുന്നതായി പ്രാദേശിക, ദേശീയ ഭരണകൂട ഉദ്യോഗസ്ഥർ പറയുന്നു. 
പ്രാദേശിക ലിഥിയം നിക്ഷേപം ഖനനം ചെയ്യാൻ കോർപ്പറേഷനുകളെ അനുവദിക്കുന്നതിനായി ഒരു 'നിർമിത കൊടുങ്കാറ്റാ'യിരുന്നു ഹെലൻ എന്നതാണ് ആരോപണങ്ങളില്‍ ഒന്ന്. നിയമവിരുദ്ധമായി രാജ്യത്തെ കുടിയേറ്റക്കാരെ സഹായിക്കാൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം ഫെഡറല്‍ ഡിസാസ്റ്റർ ഫണ്ട് ഉപയോഗിച്ചതാണ് മറ്റൊരു ആരോപണം.


🅾️ റോയല്‍ ന്യൂസിലൻഡ് നേവിയുടെ കപ്പല്‍ സമോവ ദ്വീപിന്‍റെ തീരത്ത് മുങ്ങി. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന 75 ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് ന്യൂസിലൻഡ് ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു.


🅾️ ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവെച്ച്‌ ഫ്രാൻസ്. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണാണ് ആയുധകയറ്റുമതി നിർത്തിവെച്ച വിവരം അറിയിച്ചത്.മാക്രോണ്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെ കടുത്ത ഭാഷയില്‍ വിമർശിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ലബനാനില്‍ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും മാക്രോണ്‍ വിമർശിച്ചിരുന്നു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്ന് മാക്രോണ്‍ പറഞ്ഞു. അതിനാല്‍ ഗസ്സയിലേക്കുള്ള ആയുധകയറ്റുമതി നിർത്തുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.
തങ്ങളെ കേള്‍ക്കാൻ നെതന്യാഹു തയാറായില്ല. അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റാണ്. ഇത് ഇസ്രായേലിന്റെ സുരക്ഷക്കും ഭീഷണിയാണെന്നും മാക്രോണ്‍ പറഞ്ഞു.


🅾️ ഗസ്സയില്‍ പള്ളിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടു. ദെർ എല്‍ ബലാഹിലെ പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ നിരവധിപേർ പള്ളിയില്‍ താമസിക്കുന്നുണ്ടെന്നാണ് അല്‍ ജസീറയുടെ റിപ്പോർട്ടില്‍ പറയുന്നത്.
പള്ളിയില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളിക്കൊപ്പം ഇബൻ റുഷദ് സ്കൂളിലും ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. എക്സിലൂടെയായിരുന്നു ഇസ്രായേല്‍ പ്രതിരോധസേനയുടെ അറിയിപ്പ്.ഗസ്സ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 41,825 ആയി ഉയർന്നു. 96,910 പേർക്ക് പരിക്കേറ്റിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുകയാണ്. ഇതിനിടെ നിരവധി പേർ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


🅾️ യു.എസുമായി ചേർന്ന് ഇറാനുനേരെയുള്ള ഇസ്രായേല്‍ പ്രത്യാക്രമണം ആസന്നമെന്ന റിപ്പോർട്ടുകള്‍ക്കിടെ ലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍ സൈന്യം.ദിവസങ്ങള്‍ക്കിടെ മരണം 2000 കവിഞ്ഞ ലബനാനിലുടനീളം ശനിയാഴ്ച വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹസൻ നസ്റുല്ലയുടെ പിൻഗാമിയായി കരുതുന്ന ഹാശിം സഫിയുദ്ദീനെ ലക്ഷ്യമിട്ട് ബൈറൂത്തിനോടു ചേർന്ന് ദാഹിയയില്‍ ഹിസ്ബുല്ല ആസ്ഥാനത്ത് ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ബൈറൂത്തില്‍ പുതുതായി കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സേന കുടിയൊഴിപ്പിക്കല്‍ നിർദേശം നല്‍കിയതിനാല്‍ പലായനം തുടരുകയാണ്. രണ്ട് ലക്ഷത്തിലേറെ ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്തതായി അഭയാർഥികള്‍ക്കായുള്ള യു.എൻ ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി എക്സില്‍ അറിയിച്ചു. ലബനാനില്‍ 2000 പേർ കൊല്ലപ്പെട്ടതില്‍ 127 കുട്ടികളും 261 സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു


🅾️ ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയില്‍ ഭീകരവാദികള്‍ 600ഓളം പേരെ മണിക്കൂറുകള്‍ക്കുള്ളില്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയതായി റിപ്പോർട്ട്.ബർസലോഗോ പട്ടണത്തിലാണ് സംഭവം നടന്നത്. 
ആഗസ്റ്റ് 24ന് പ്രദേശവാസികള്‍ സംരക്ഷണ കിടങ്ങുകള്‍ കുഴിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ ആക്രമണകാരികള്‍ വെടിയുതിർക്കുകയായിരുന്നു. കൂട്ടക്കൊല ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന അല്‍ഖാഇദയുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫ്രഞ്ച് സർക്കാറിന്റെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികള്‍ തയാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. സൈന്യത്തെ സഹായിച്ചു എന്നാരോപിച്ചായിരുന്നു കൂട്ടക്കൊല.


കായികം, സിനിമ 


🅾️ മലയാളത്തിലെ ബിഗ് എംസ് ഒന്നിച്ചെത്തുന്ന ഫോട്ടോകള്‍ പോലും മലയാളികള്‍ ആഘോഷമാക്കാറുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു എന്നത്.16 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോവീണ്ടും സ്‌ക്രീനില്‍ എത്താന്‍ പോകുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുക.


🅾️ ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്. ഒക്ടോബര്‍ 10 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ കേരളത്തിലും ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10 മണിക്കാണ് കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.


🅾️ മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് സുഷിൻ സത്യം. ഈ വർഷം പുറത്തിറങ്ങി വൻ വിജയമായി തീർന്ന ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്ക് ജീവൻ നല്‍കിയത് സുഷിന്റെ പാട്ടുകള്‍ തന്നെയാണ്.അഭിനേതാക്കള്‍ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത് പോലെ സൂക്ഷമായി തന്നെയാണ് സുഷിനും ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. സുഷിന്റെ കയ്യൊപ്പുള്ള ചിത്രങ്ങള്‍ കോടികളാണ് വാരിക്കൂട്ടുന്നതും. ഇപ്പോഴിതാ തന്റെ ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളിലെ വർക്കുകള്‍ ഗ്രാമി അവാർഡിൻ്റെ പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിച്ചിരിക്കുകയാണ് താരം. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിൻ അയച്ചിരിക്കുന്നത്. സുഷിൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.


🅾️ ഇന്ത്യ-ബംഗ്ലാദേശ് മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഗ്വാളിയോറില്‍. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ മൂന്ന് മത്സര ടി20 പരമ്പരയിലും മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍