തൊഴിലാളിവർഗത്തിന്റെ മോചനത്തിന്‌ വീഥിയൊരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനം ചെയ്‌ത ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമ വാർഷികദിനമാണിന്ന്.




സിപിഐ എം പുറത്തിറക്കിയ കുറിപ്പിന്റെ പൂർണ്ണരൂപം.


 മാർക്‌സ്‌–എംഗൽസ്‌ ദ്വന്ദ്വമാണ്‌ മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിച്ചത്‌. അധ്വാനിക്കുന്ന തൊഴിലാളിവർഗത്തിന്റെ വർഗസമരമാണ് മാനവരാശി നേരിടുന്ന തിന്മകളിൽനിന്ന് അവരെ മോചിപ്പിക്കാൻ പോരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. തൊഴിലാളിവർഗത്തെ സ്വയം അറിയാനും സ്വയം ബോധവാന്മാരായിരിക്കാനും എംഗൽസ്‌ പഠിപ്പിച്ചു. സ്വപ്നങ്ങളല്ല, ശാസ്ത്രവും ശാസ്‌ത്രീയ സോഷ്യലിസവുമാണ്‌ മനുഷ്യനന്മയ്‌ക്ക്‌ ഉപകാരപ്പെടുകയെന്നും ഉദ്‌ബോധിപ്പിച്ചു. മാർക്‌സിന്റെ അപ്രതിരോധ്യമായ ആകർഷണവും കണിശവും ഉന്നതവുമായ ശാസ്ത്രീയ വീക്ഷണവും ഇരുവരെയും തൊഴിലാളിവർഗത്തിന്റെ ഉന്നമനത്തിനായി ഒന്നിപ്പിച്ചു. സൈദ്ധാന്തിക അടിത്തറകൾ വികസിപ്പിച്ചെടുക്കുമ്പോൾത്തന്നെ, ഇരുവരും അക്കാദമിക് സൈദ്ധാന്തികരായി ഒതുങ്ങിയില്ല. തൊഴിലാളികൾക്കൊപ്പം കഴിഞ്ഞ്‌ അവരുടെ ജീവിതാവസ്ഥ മനസ്സിലാക്കിയ മാർക്‌സും, എംഗൽസും അവരുടെ കാലത്തെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ നയിക്കുകയും ചെയ്തു.

1820 നവംബർ 28ന് ജർമനിയിലെ ബാർമെൻ എന്ന പട്ടണത്തിൽ ധനിക തുണിവ്യവസായ കുടുംബത്തിലാണ് എംഗൽസ് ജനിച്ചത്. പിതാവിന്റെ പേരും ഫ്രെഡറിക് എംഗൽസ് എന്നുതന്നെ. മാതാവ് എലിസബത്ത്. പിതാവിന്റെ നിർബന്ധത്തിനുവഴങ്ങി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലിക്കുചേർന്നു. ജർമൻ തത്വജ്ഞാനിയായ ഹെഗലിന്റെ അനുയായികളുടെ ‘യുവ ഹെഗലിയൻ ക്ലബ്ബിൽ' ചേർന്ന് അവരുടെ ഇടയിൽ ശ്രദ്ധേയനായി. നന്നേ ചെറുപ്പത്തിൽത്തന്നെ കലയിലും സംഗീതത്തിലും ഭാഷാപഠനത്തിലും കവിതാരചനയിലും കാർട്ടൂണിലും മികവുപുലർത്തി. കായിക വിനോദങ്ങളിലും വ്യായാമത്തിലും ഏർപ്പെട്ടു. വിദ്യാഭ്യാസ കാലംതൊട്ടേ ‘ജർമൻ ടെലിഗ്രാഫ്' പത്രത്തിൽ ശക്തമായ ഭാഷയിൽ ലേഖനപരമ്പര എഴുതി. 1841 ൽ സൈന്യത്തിൽ ചേർന്നു.

ഒഴിവുസമയത്ത് ബർലിൻ സർവകലാശാലയിൽ പാർട്‌ടൈം വിദ്യാർഥിയായി തത്വശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജർമൻ സർക്കാരിന്റെ പിന്തിരിപ്പൻ പ്രവർത്തനങ്ങൾക്കെതിരെ എംഗൽസിന്റെ മൂർച്ചയേറിയ തൂലിക ചലിച്ചു. 1842ൽ സൈനിക സേവനം പൂർത്തിയാക്കി ബർലിനിൽ തിരിച്ചെത്തിയപ്പോൾ മാഞ്ചസ്റ്ററിലെ ‘എർമെൻ ആൻഡ് എംഗൽസ്' തുണിമില്ലിൽ വാണിജ്യപരിശീലനം നടത്തുന്നതിനുവേണ്ടി ഇംഗ്ലണ്ടിലേക്കു പോകാൻ പിതാവ് നിർബന്ധിച്ചു. വ്യവസായ മുതലാളിത്തരാജ്യമായി മാറിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിലെയും കാർഷിക രാജ്യമായിരുന്ന ജർമനിയിലെയും സ്ഥിതിഗതികൾ അദ്ദേഹം വിശദമായി പഠിച്ചു. ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' എന്ന ലേഖനം പ്രസിദ്ധീകരിച്ചു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഇംഗ്ലണ്ടിൽ ആരംഭിച്ച്‌ ലോകത്തിലെ പരിഷ്‌കൃത രാജ്യങ്ങളിലേക്ക്‌ പടർന്ന വ്യവസായവൽക്കരണത്തിന്റെ ഉൽപ്പന്നമായാണ്‌ തൊഴിലാളിവർഗം ഉയർന്നുവന്നത്‌.

എംഗൽസിനോട് ഒരാൾ ചോദിച്ചു. ‘‘ഇംഗ്ലണ്ടിൽ ഭരണം നടത്തുന്നത് ആരാണ്?'' ‘‘സ്വത്താണ്' ഭരിക്കുന്നത് എന്ന് മറുപടി. അദ്ദേഹം ചാർട്ടിസ്റ്റ് യോഗങ്ങളിലും സമ്മേളനങ്ങളിലും സന്നിഹിതനായി. അവരുടെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. ആ പ്രസ്ഥാനത്തിലെ ഇടതുപക്ഷ നേതാക്കന്മാരുമായി ഉറ്റബന്ധം പുലർത്തി. സാങ്കൽപ്പിക സോഷ്യലിസ്റ്റായ റോബർട്ട് ഓവന്റെ അനുയായികളുമായും പരിചയപ്പെട്ടു. ‘ദി ന്യൂ മോറൽ വേൾഡ്' എന്ന പത്രത്തിൽ ലേഖനങ്ങൾ എഴുതി.

ഇംഗ്ലണ്ടിലെ ബിസിനസ് പഠനത്തിനുശേഷം 1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽവച്ച് മാർക്സിന്റെ കൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയാണ്‌ അവരുടെ മഹത്തായ സൗഹൃദത്തിന് തുടക്കമിട്ടത്‌. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി. ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശകമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്നതരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോക തൊഴിലാളിവർഗത്തിന് പറയാൻ കഴിയും.'' 1845-46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം', ‘ജർമൻ പ്രത്യയശാസ്ത്രം' എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളായ ‘ലീഗ് ഓഫ് ദ ജസ്റ്റി' (നീതിമാന്മാരുടെ സഖ്യം) ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ'മാണ് പിന്നീട് ‘കമ്യൂണിസ്റ്റ് ലീഗ്'ആയി മാറിയത്. 1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ പിതാവിന്റെ സ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. എംഗൽസിന് ഇരുപത് ഭാഷകൾ വശമായിരുന്നു.

ജർമനിയിൽ താമസിക്കുമ്പോഴും യൂറോപ്യൻ പര്യടനവേളകളിലും ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയപ്പോഴും മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും ഭാര്യയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം ഒന്നുകൊണ്ടുമാത്രമാണ് ജീവിതം തുടരാൻ കഴിഞ്ഞത്. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമോപചാരപ്രസംഗം നടത്തിയത്. മാർക്സിന്റെ പേരും പ്രവൃത്തിയും യുഗാന്തരങ്ങളിൽപ്പോലും നിലനിൽക്കുമെന്ന് ആ പ്രസംഗത്തിൽ അദ്ദേഹം പ്രവചിച്ചു.

‘മൂലധന'ത്തിന്റെ ഒന്നാം വാല്യം മാർക്സിന്റെ ജീവിതകാലത്ത് തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യങ്ങൾ മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. മാർക്സിന്റെ മരണശേഷം എംഗൽസ് 12 വർഷംകൂടി ജീവിച്ചു. 1895 ആഗസ്ത് 5ന് മരിച്ചു.

മാർക്‌സും എംഗൽസും അന്തരിച്ചിട്ട്‌ നൂറ്റാണ്ടു പിന്നിട്ടിട്ടും അവർ കൊളുത്തിയ ആശയങ്ങൾ ലോകമാകെ ഇന്നും പടരുകയാണ്‌. അതിനൊപ്പം മുതലാളിത്തത്തിന്റെ കടന്നാക്രമണം വർധിക്കുകയും ചെയ്യുന്നു. അമേരിക്ക എല്ലാ രാജ്യങ്ങൾക്കുംമേൽ ആധിപത്യം കൈവരിക്കാനുള്ള ശ്രമത്തിലാണ്‌. ട്രംപ്‌ അധികാരത്തിലെത്തിയശേഷം മറ്റുരാജ്യങ്ങൾക്കുമേൽ തീരുവയുദ്ധം അടിച്ചേൽപ്പിക്കുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ എന്ന്‌ മോദി പറഞ്ഞ്‌ വായടയ്‌ക്കുംമുമ്പാണ്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ 25 ശതമാനം പകരം തീരുവയും റഷ്യൻ എണ്ണ വാങ്ങിയാൽ പിഴയും ചുമത്തുമെന്ന അമേരിക്കയുടെ തീരുമാനം പുറത്തുവന്നത്‌. മോദി സർക്കാരിനേറ്റ നയതന്ത്ര –- രാഷ്ട്രീയ തിരിച്ചടിയായാണ്‌ ലോകം ഇതിനെ വിലയിരുത്തുന്നത്‌. ഇന്ത്യൻ ജനതയുടെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി, അമേരിക്കയുടെ അമിത തീരുവ ഭീഷണിക്കുവഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നതും മോദി സർക്കാർ അവസാനിപ്പിച്ചതായാണ്‌ പുറത്തുവരുന്ന റിപ്പോർട്ട്‌. ഇറാനിൽനിന്ന്‌ എണ്ണ വാങ്ങുന്നതിന്‌ ആറ്‌ ഇന്ത്യൻ കമ്പനികളെ യു എസ്‌ വിലക്കിയതും മോദിക്കേറ്റ തിരിച്ചടിയാണ്‌.

അമേരിക്കൻ പിന്തുണയോടെയാണ്‌ ഇസ്രയേൽ പലസ്‌തീനിൽ കൂട്ടക്കൊലപാതകം നടത്തുന്നത്‌. ഗാസയിൽ പട്ടിണിമരണങ്ങൾ കൂടിവരുമ്പോഴും കടന്നാക്രമണത്തിൽ അയവ്‌ വരുത്താൻ ഇസ്രയേൽ തയ്യാറായിട്ടില്ല. സഹായകേന്ദ്രങ്ങൾക്കു മുന്നിൽ ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്കും പള്ളിയിൽ പ്രാർഥനയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ബോംബാക്രമണത്തിൽ പരിക്കേറ്റ്‌ ആശുപത്രികളിൽ കഴിയുന്നവർക്കും അവരെ ചികിത്സിക്കുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും നേരെയാണ്‌ ഷെല്ലാക്രമണം. ഇസ്രയേൽ ആക്രമണത്തിന്‌ എതിരായ പ്രതിരോധം അവസാനിപ്പിക്കില്ലെന്നും സ്വാതന്ത്ര്യം തിരിച്ചുകിട്ടുംവരെ പോരാട്ടം തുടരുമെന്നും പലസ്‌തീൻ വ്യക്തമാക്കിയിട്ടുണ്ട്‌. പലസ്‌തീൻ ജനത ഏറ്റവും പവിത്രമായി കരുതന്ന അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ അതിക്രമിച്ചുകയറിയത്‌ പ്രശ്‌നം കൂടുതൽ വഷളാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌. പല പാശ്‌ചാത്യ രാജ്യങ്ങളും പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന പ്രഖ്യാപനം അമേരിക്കയ്‌ക്കും ഇസ്രയേലിനും വലിയ പ്രഹരമായിട്ടുണ്ട്‌.

മാർക്‌സും എംഗൽസും മുമ്പേപറഞ്ഞിട്ടുള്ള മുതലാളിത്ത രാജ്യങ്ങളുടെ പ്രതിസന്ധിയാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌. മാർക്‌സിസം എന്ന പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല. മാർക്സിന്റെ മരണശേഷമുള്ള 130 വർഷക്കാലത്തിനിടയ്ക്ക് മാർക്സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയുമില്ല. അത് ജനകോടികളെ ഇന്നും സ്വാധീനിക്കുന്നുവെന്നാണ്‌ ശ്രീലങ്കയിലെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെയും അനുഭവം ലോകത്തോട്‌ പറയുന്നത്‌.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍