തൃശ്ശൂർ: കുട്ടികൾ കളിച്ചു വളരട്ടെയെന്നാണ് തൃശ്ശൂർ നന്തിപുലത്തെ നാട്ടുകാർ തീരുമാനിച്ചത്. ഫോണിൽ ഒതുങ്ങരുത് ബാല്യം എന്ന് അവരാഗ്രഹിച്ചു. ലഹരിയിലേക്ക് വഴിതെറ്റരുതെന്നും. കളിക്കാൻ നല്ലൊരു മൈതാനമില്ല എന്ന പരിമിതി മറികടക്കാൻ എല്ലാവരും ഒത്തുചേർന്നപ്പോൾ 44 ലക്ഷം രൂപ കിട്ടി. ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്ന ഇരുനൂറോളം വീട്ടുകാരാണ് പ്രധാനമായും സഹകരിച്ചത്. മൂന്നു ലക്ഷം രൂപവരെ കൊടുത്ത കുടുംബങ്ങളുണ്ട്.
ട്രാക്ക്, ജിം, നടപ്പാത എന്നിവയ്ക്കുപുറമേ ഫുട്ബോളിനും വോളിബോളിനും ബാഡ്മിന്റണിനും ഉപയോഗിക്കാവുന്ന കോർട്ട് എന്നിവ അടങ്ങുന്നതാണ് ഇവരുടെ കളിക്കളസ്വപ്‌നം. കളിക്കളത്തിനു പുറത്തേക്കും ഇവരുടെ സ്വപ്നം ചിറകുവിരിക്കുന്നുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോധികരുടെ കൂട്ടായ്മയ്ക്കായുള്ള സ്ഥലവും വായനശാലയുമെല്ലാമാണ് ഇങ്ങനെ ചേർത്തുവയ്ക്കുന്നത്.
കളിക്കളത്തിനായി കണ്ടെത്തിയ 53 സെന്റ്റ് സ്ഥലത്തിന് രജിസ്ട്രേഷൻചെലവ് ഉൾപ്പെടെ 53 ലക്ഷമാണ് വേണ്ടിവരുക. സൗകര്യങ്ങൾ പൂർണമായും ഒരുക്കാൻ അമ്പതുലക്ഷത്തോളം രൂപ വേറെയും വേണ്ടിവരും. ആകെ ഒരുകോടിരൂപ ആവശ്യമായിവരുന്ന സ്വപ്‌നത്തെയാണ് ഇവർ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തത്. ഇവിടത്തെ മിഴി സാംസ്‌കാരികവേദിയുടെ നേതൃത്വത്തിലാണ് കളിക്കളമെന്ന സ്വപ്‌നത്തിലേക്കുള്ള നടത്തം ആരംഭിച്ചത്. ഇതിനായി 42 പേരുള്ള സ്ഥലമെടുപ്പു സമിതി രൂപീകരിച്ചു. നന്തിപുലം യുപി സ്കൂളിനുപോലും നിലവിൽ കളിക്കളമില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍