വടക്കാഞ്ചേരി സഹൃദയ സമിതി അമ്പിളി ഭവനിൽ സാംസ്കാരിക സെമിനാറും കലാസാംസ്കാരിക പ്രതിഭകളെ ആദരിക്കലും നടത്തി.പ്രശസ്ത സിനിമാ നടൻ എൻ.നന്ദകിഷോർ സെമിനാർ ഉദ്ഘാടനം ചെയ്തു. സാമൂഹിക ഉന്നമനം ലക്ഷ്യമാക്കിയായിരിക്കണം സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ ഉന്നമനത്തിന് ശാസ്ത്ര സാങ്കേതിക പുരോഗതി കൊണ്ടു മാത്രം സാദ്ധ്യമാകില്ലെന്നും ബോധ പരിണാമമാണ് അനിവാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസിഡണ്ട് കെ.ആർ.രാജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഡയറക്റ്റർ പ്രൊഫ.പുന്നക്കൽ നാരായണൻ സാമൂഹ്യ പുരോഗതിയിൽ സാംസ്കാരിക പ്രവർത്തകർക്കുള്ള പങ്ക് എന്ന വിഷയം അവതരിപ്പിച്ചു.സാംസ്കാരിക പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനെ ശുദ്ധമാക്കലാണെന്നും മന: ശുദ്ധിയുണ്ടെങ്കിൽ കർമ്മവൈകല്യമുണ്ടാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മത സംസ്കാരങ്ങളല്ല വളർത്തിയെടുക്കേണ്ടതെന്നും മാനവ സംസ്കാരം കെട്ടിപടുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പ്രശസ്ത കലാസാംസ്കാരിക പ്രതിഭകളായ ഇ.സുമതികുട്ടി, പ്രൊഫ.ഡി. നീലകണ്ടൻ, ഡോ.എം.ജ്യോതി, അംബികാദേവി കൊട്ടേക്കാട്ട് ,ഗീത മേലേഴത്ത്, ടി.ആർ.വേലു, ചന്ദ്രമോഹൻ കുമ്പളങ്ങാട്, സി.ആർ.രാധാകൃഷ്ണൻ, ഇന്ദിര ടീച്ചർ വരവൂർ, മോഹിനി ചിറ്റണ്ട എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. കുറ്റിപ്പുഴ രവി, ജോർജ്ജ് തോമാസ് ,ചന്ദ്ര പ്രകാശ് ഇടമന, കെ.എച്ച്.സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു. മിനി നാഥൻ ,നീതു മോഹൻ, സ്വപ്ന ശ്രീനിവാസൻ ,ഭാനുമതി ഉണ്ണിക്കൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.ഗാനഭൂഷണം ബിന്ദു ഭാസ്വരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി ജോൺസൺ കുന്നംപിള്ളി സ്വാഗതവും കൺവീനർ ടി.എൻ.നമ്പീശൻ നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍