സ്വാമി ഭൂമാനന്ദതീർത്ഥയ്ക്ക് ജന്മനാടിൻ്റെ സമാദരം



ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ അധ്യക്ഷനും വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനം മാനേജിംഗ് ട്രസ്റ്റിയും വിഖ്യാതനായ ആധ്യാത്മിക ആചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ സ്വാമി ഭൂമാനന്ദതീർത്ഥയുടെ തൊണ്ണൂറ്റാം ജയന്തിയോടനുബന്ധിച്ച് പാറളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ വച്ച് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാസത്രസമിതിയും ദേശവാസികളും ചേർന്ന് അദ്ദേഹത്തെ സമുചിതമായി സമാദരിച്ചു. രാവിലെ 10 മണിയ്ക്ക് സ്വാമിയെ സഭാനികേതൻ കവാടത്തിൽ വച്ച് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. പൂത്താലങ്ങളോടും പുഷ്പവൃഷ്ടിയോടും കൂടി സ്വാമിയെ വേദിയിലേയ്ക്ക് ആനയിച്ചു. 



ഒരാളുടെ അധ്യാത്മജീവിതം ആരംഭിയ്ക്കുന്നത് മാതാപിതാക്കളിൽ നിന്നാകണമെന്നും അതിന്റെ പര്യവസാനം സദ്ഗുരുവിലാകണമെന്നും സ്വാനുഭവത്തെ ഉദ്ധരിച്ചുകൊണ്ട് തന്റെ അനുഗ്രഹ തത്ത്വപ്രവചനത്തിൽ സ്വാമി ഭൂമാനന്ദതീർത്ഥ പറഞ്ഞു. ഈ ലോകം ആരുടെയാണോ അവരുടേതാണ് ഈ നമ്മളും എന്നിരിയ്ക്കേ ഇവിടെ നമ്മുടേതെന്നു അവകാശപ്പെടാൻ ആർക്ക് എന്താണ് ഉള്ളതെന്നും സ്വാമി ചോദിച്ചു.



ആദരസഭയിൽ സ്വാമി നിർവിശേഷാനന്ദതീർത്ഥ, മാ ഗുരുപ്രിയ, ബ്രഹ്മർഷി ദേവപാലൻ, മാതാ സ്വയംപ്രഭാനന്ദ എന്നിവരുടെ വിശിഷ്ട സാന്നിധ്യം ഉണ്ടായിരുന്നു. യോഗത്തിൽ പ്രൊഫ. സാധു പദ്മനാഭൻ, ടി. പുരുഷോത്തമൻ മാസ്റ്റർ, കെ. വിജയൻ മേനോൻ, ചന്ദ്രമോഹനൻ കുമ്പളങ്ങാട് എന്നിവർ സംസാരിച്ചു. തച്ചനാത്തുകാവ് ദേവീക്ഷേത്ര ക്ഷേമസമിതി ഭാരവാഹികൾ സ്വാമിയ്ക്ക് ഹാരാർപ്പണം നടത്തി. പാദനമസ്കാരത്തിനും പ്രസാദവിതരണത്തിനും ശേഷം ഭക്തിഭോജനവും ഉണ്ടായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍