തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഏഴ് അധ്യാപിക തസ്തികൾ കൂടി സൃഷ്ടിക്കുന്നതിനായി സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയത്. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് ഒരുമിച്ച് സൃഷ്ടിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധ്യാപക തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നത്. ഇതിൽ 7 അധ്യാപക തസ്തികകൾ തൃശൂർ ഗവ. മെഡിക്കൽ കോളേജിലാണ് സൃഷ്ടിക്കുന്നത്. ഇത് തൃശൂർ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കും.
എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, രണ്ട് സീനിയർ റസിഡന്റ് എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിക്കുക. കാർഡിയോളജി വിഭാഗത്തിൽ പ്രൊഫസർ തസ്തിക സൃഷ്ടിക്കും. നെഫ്രോളജി വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ, യൂറോളജി വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെയും തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ചു.
തൃശൂർ ഗവ. മെഡിക്കൽ കോളേജ് വികസനത്തിനായി വടക്കാഞ്ചേരി എം എൽ ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി നടത്തിയ ഇടപെടലുകലാണ് ഫലം കാണുന്നത്. 2021 ആഗസ്റ്റ് മാസം അഞ്ചാം തിയതിയിൽ തൃശൂർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ടുകൊണ്ട് എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുക, കാർഡിയോളജി വിഭാഗത്തിൽ പ്രൊഫസർ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഈ സബ്മിഷനിലൂടെ ഉന്നയിക്കപ്പെടുകയുണ്ടായി. ഈ സബ്മിഷന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നൽകിയ അനുകൂല മറുപടികളെ തുടർന്ന് ഏഴ് പുതിയ തസ്തികകൾ കൂടി തൃശൂർ മെഡിക്കൽ കോളേജിന് ലഭിക്കുകയാണ്. ഇത് മധ്യകേരളത്തിലെ പ്രധാന ആശുപത്രിയായി പ്രവർത്തിക്കുന്ന തൃശൂർ മെഡിക്കൽ കോളേജിനെ ശക്തിപ്പെടുത്തുകയും, കൂടുതൽ സേവനങ്ങൾ ജനങ്ങൾക്കായി നൽകാൻ പ്രാപ്തമാക്കുകയും ചെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍