വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അടാട്ട്, തോളൂർ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കോൾപ്പാടങ്ങളുടെ വികസനത്തിനായി 4,05,88,500/- രൂപ അനുവദിച്ചു. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. വിവിധ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതികൾക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഇതിൽ ഉൾപ്പെടുത്തി തൃശൂർ - പൊന്നാനി കോൾ നിലങ്ങളിൽ ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനായി പ്രളയം, വരൾച്ച എന്നിവ മറികടക്കുന്നതിനായുള്ള വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. തൃശ്ശൂർ - പൊന്നാനി കോൾനിലങ്ങൾക്കായി 46.81 കോടി രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും നൽകിയ 4 പദ്ധതികൾക്കായി 4.05 കോടി രൂപയ്ക്കും അംഗീകാരം ലഭിച്ചു.
പുല്ലഴി തോടിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ 6 പടവുകൾക്ക് ഗുണംചെയ്യുന്ന 51 തറയിലെ ബോക്സ് കൾവർട്ട് നിർമ്മാണത്തിനായി 1.21 കോടി രൂപ അനുവദിച്ചു. കടവിൽ ക്കോൾ, പായിക്കോൾ, തിരുത്തിൻ താഴം, കുരുടൻ-ആക്കറ്റാൻ, പുത്തൻകോൾ എന്നീ കോൾപടവുകളുടെ വികസനത്തിന് 51 തറയിലെ ബോക്സ് കൾവെർട്ട് വഴിവെക്കും. അടാട്ട് മേഖലയിൽ നിന്നും മുല്ലശ്ശേരി, മണലൂർ, കാഞ്ഞാണി മേഖലകളിലേക്കെത്താനുള്ള സഞ്ചാരവും എളുപ്പമാകും.
ചാത്തൻകോൾ, സംഗം സൗത്ത് എലങ്ക കോൾ തറ, പുതുകോൾ 40-)o തറ, പുതുകോൾ തറ, സംഗം സൗത്ത് കോൾപടവ് കോച്ചാംപാറ, ചൂരക്കാട്ടുകര കോൾപടവ് എന്നിവിടങ്ങളിലായി 4 ഷെഡ്ഡുകൾ, ഒരു കിട, 3 പറക്കുഴി എന്നിവ നിർമ്മിക്കുന്നതിനായി 1.05 കോടി രൂപ അനുവദിച്ചു. മുണ്ടൂർതാഴം കോൾപടവിൽ ലീഡിങ് ചാൽ നിർമ്മാണത്തിന് 1.45 കോടി രൂപ അനുവദിച്ചു. പഴയ പുഴയ്ക്കൽ തോടിന്റെ അവസാന ഭാഗത്ത് പുല്ലഴി തോടിന്റെ വലതുബണ്ടിൽ ഡബിൾ സ്ലൂയിസ് നിർമ്മിക്കുന്നതിനായി 34.73 ലക്ഷം രൂപ അനുവദിച്ചു.
കോൾമേഖലയിലെ വികസനത്തിനും ഉത്പാദന ക്ഷമത വർധനവിനും പ്രളയത്തെയും വരൾച്ചയെയും മറികടക്കാനുമായി കോടിക്കണക്കിന് രൂപയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അനുവദിച്ച് പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. കോൾപ്പാടങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുന്ന പ്രവൃത്തി പൈലറ്റ് പദ്ധതിയായി വടക്കാഞ്ചേരി മണ്ഡലത്തിലെ കോൾപടവുകളിൽ നടപ്പിലാക്കുകയാണ്.
സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ കോൾപടവ് ഭാരവാഹികളെയും സഹകരണ ബാങ്കുകളെയും കെ എൽ ഡി സി, കൃഷി, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്നിരുന്നു. ഈ യോഗങ്ങളിൽ ഉയർന്നു വന്ന കോൾ കർഷകരുടെ നിർദ്ദേശങ്ങളാണ് സർക്കാരിലേക്ക് സമർപ്പിച്ചത്. കോൾമേഖലയുടെ വികസനത്തിനായി സജീവമായി ഇടപെട്ടുകൊണ്ട് പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG








0 അഭിപ്രായങ്ങള്