1198 മിഥുനം 23
പൂരുരുട്ടാതി / ഷഷ്ഠി
2023 ജൂലായ് 8, ശനി
ഇന്ന്;
* 1988ൽ ഇതേ ദിവസം 105 പേരുടെ ജീവൻ അപഹരിച്ച പെരുമൺ ദുരന്തം., കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ എലൻഡ് എക്സ്പ്രസ്സ് മറിഞ്ഞു.
* ഉക്രെയ്ൻ: വായുസേന ദിനം !
* USA ;
ദേശീയ വീഡിയൊ ഗെയിം ദിനം !
(National Video Game Day)
Math 2.0 Day
National SCUD Day
Be a Kid Again Day
National Chocolate with Almonds Day
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
''ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും
ഒരുപോലെ തെറ്റാണു.''
. [ - തിരുക്കുറൾ ]
***************************
ചലച്ചിത്ര അഭിനേത്രിയും സംവിധായകയുമായ രേവതി എന്ന ആശാ കേളുണ്ണിയുടെയും (1966),
1992ല്‍ പ്രദര്‍ശനത്തിനെത്തിയ അപാരത എന്ന മലയാളചിത്രത്തിലൂടെ സിനിമാരംഗത്ത് കാൽകുത്തുകയും പിന്നീട് 1994ല്‍ മമ്മൂട്ടിക്കൊപ്പം സാഗരം സാക്ഷി എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുകയും തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായിനിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിക്കുകയും ചെയ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം സുകന്യയുടേയും (1969),
ഭദ്രന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവരികയും ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടുകയും ചെയ്ത മലയാള സിനിമയിലെ സംഗീത സംവിധായകനും ഗായകനുമായ അല്‍ഫോണ്‍സ് ജോസഫിന്റേയും(1973),
മുൻ ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സനും, പതിനഞ്ചാം ലോക്സഭയിലെ നഗരദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് മന്ത്രി യായിരുന്ന ഗിരിജ വ്യാസിനെയും (1946),
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രസതന്ത്രവിഭാഗം പ്രൊഫസറും നാനോടെക്ണോളജി യിൽ പ്രഗല്ഭ ശാസ്ത്രജ്ഞനുമായ ഡോ.ടി. പ്രദീപിന്റെയും (1963),
2009-ലെ മിസ് വേൾഡ് പട്ടം നേടിയ ജിബ്രാൾട്ടർകാരി കിയാനെ അൽഡോറിനോയുടെയും (1986),
ഐർലൻഡിനും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തക്കുവേണ്ടി കളിച്ച ഫുട്‌ബോൾ താരമായ റോബി കീൻ എന്ന റോബർട്ട് ഡേവിഡ് കീനിന്റെയും (1980)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ബിജെപി രംഗത്ത്.
അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും രാഹുല്‍ ഗാന്ധിയുടെ ശീലമായി മാറിയിരിക്കുന്നുവെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും ലോക്സഭാ എംപിയുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നതില്‍ രാഹുല്‍ ഒരു ”പരമ്പര കുറ്റവാളി”യാണെന്നും രാഹുല്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ വിഷയം അവസാനിക്കുമായിരുന്നുവെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
***മഴയുടെ തീവ്രത കുറഞ്ഞു ; കെടുതി തുടരുന്നു , 95.96 കോടി രൂപയുടെ കൃഷിനാശം
അഞ്ചുദിവസം സംസ്ഥാന വ്യാപകമായി നാശംവിതച്ച മഴയുടെ തീവ്രത കുറഞ്ഞു. വെള്ളിയാഴ്‌ച വടക്കൻ കേരളത്തിലും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയുണ്ടായെങ്കിലും തീവ്രതയ്‌ക്ക് ശമനമുണ്ടായി. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയുണ്ടായി. ശനി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് (ശക്തമായ മഴ). മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും നേരിയ മഴ തുടരും.
തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. 4.2 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരമേഖലകളിലും ജാഗ്രത തുടരണം. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ പോകരുത്.
***മറുനാടൻ മലയാളി യുട്യൂബ് ചാനൽ എന്റെ ജീവിതം തകർത്തു : സിൻസി അനിൽ
മറുനാടൻ മലയാളി യുട്യൂബ് ചാനൽ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ലെന്ന് മണീട് സ്വദേശിനി സിൻസി അനിൽ പറയുന്നു. കുടുംബവൈരാഗ്യം തീർക്കാൻ നവീൻ ജെ അന്ത്രപേർ എന്ന ഗായകൻ എന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പരാതിയിൽ 2016 ജൂലൈ 30ന് നവീൻ അറസ്റ്റിലായി. ‘പൂർവവൈരാഗ്യം തീർക്കാൻ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത ഗായകൻ അറസ്റ്റിൽ’ എന്നാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാർത്ത നൽകിയത്. എന്നാൽ, മറുനാടൻമാത്രം അത് ‘മുൻ കാമുകിയുടെ ചിത്രം മോർഫ് ചെയ്ത ഗായകൻ അറസ്റ്റിൽ’ എന്നാക്കി.
അശ്ലീല സൈറ്റിലടക്കം വന്ന ചിത്രം എന്റേതല്ലെന്ന് തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടി. മറുനാടൻ കാരണം പലരുടെയും മുനവച്ചുള്ള ചോദ്യത്തിന് ഇപ്പോഴും വിശദീകരണം നൽകേണ്ട സ്ഥിതിയാണ്. മറുനാടൻ മലയാളിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യാം എന്നുപോലും ആലോചിച്ചിട്ടുണ്ട് ; സിൻസി പറയുന്നു.
പ്രാദേശികം
***************
***ആലപ്പുഴയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ചു.
പാണാവള്ളിയില്‍ നിന്നുള്ള അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകനായ ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തോട്ടില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് രോഗമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
***കോടതി അനുവദിച്ച സമയം അവസാനിച്ചു; പിതാവിനെ കാണാതെ അബ്ദുന്നാസർ മഅദനി ബംഗളുരുവിലേക്ക് മടങ്ങി
കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ എറണാകുളത്ത് ചികിത്സയിലായിരുന്ന പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനി ആശുപത്രി വിട്ടു. കൊല്ലത്ത് പിതാവിനെ സന്ദർശിക്കാനായി കഴിഞ്ഞ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയുടെ ആരോഗ്യം മോശമാവുകയായിരുന്നു. കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചതോടെയാണ് ബെംഗളൂരുവിലേയ്ക്ക് മടങ്ങുന്നത്. പിതാവിനെ കാണാതായാണ് മഅദനിയുടെ മടക്കം. കൊച്ചിയിൽ നിന്ന് രാത്രി 9.30നാണ് ബംഗളുരുവിലേക്കുള്ള വിമാനം
***'ചിന്തിക്കുന്നവര്‍ക്ക് ബിജെപിയിൽ നില്‍ക്കാനാകില്ല' ഭീമന്‍ രഘു ഇനി സഖാവ് ഭീമന്‍ രഘു
നടൻ ഭീമൻ രഘു സിപിഎമ്മിൽ. അദ്ദേഹം ഇന്ന് എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. ബിജെപി പ്രവർത്തകനായിരുന്ന അദേഹം ഇനി സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയിക്കൊപ്പമാണ് രഘു എകെജി സെന്ററിലെത്തിയത്.
***സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇതുവരെ 49 മരണം..7844 പേരെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതൽ ഏഴ് വരെ 49 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്നു ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ 32 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു.
***ബിജെപി വോട്ടിലെ അട്ടിമറി ജയം, പിരായിരി പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കും
പിരായിരി പഞ്ചായത്തില്‍ അട്ടിമറി ജയത്തിലൂടെ എൽ ഡി എഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചതിന് പിന്നാലെ നിലപാട് പ്രഖ്യാപിച്ച് സി പി എം. ബി ജെ പി അംഗങ്ങളുടെ മൂന്ന് വോട്ടിന്‍റെ ബലത്തിൽ കൂടിയുള്ള ജയം എൽ ഡി എഫിന് വേണ്ടെന്നാണ് സി പി എം പാലക്കാട് ഏരിയ കമ്മിറ്റി തീരുമാനമെടുത്തത്. പിരായിരിയിൽ എൽ ഡി എഫ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ (എസ്) അംഗം സുഹറ ബഷീര്‍ അടുത്ത ദിവസം രാജിവയ്ക്കുമെന്നും സി പി എം പാലക്കാട് ഏരിയ കമ്മിറ്റി വ്യക്തമാക്കി
***സുരേന്ദ്രൻ തുടർന്നേക്കും ; വി മുരളീധരനുവേണ്ടി ‘ഇ മെയിൽ’ പ്രയോഗവും
ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തുടരാൻ ദേശീയ നേതൃത്വം അനുവദിച്ചതായി സൂചന. ശനിയാഴ്ച ഹൈദരാബാദിൽ അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ വിളിച്ച യോഗത്തിൽ കെ സുരേന്ദ്രനും ക്ഷണമുണ്ട്.
ഇതിനു മുന്നോടിയായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം ചേർന്നു. പുതുതായി സംഘടനാ ചുമതല നിശ്ചയിച്ചിട്ടുള്ള കെ സുഭാഷും പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പായിരുന്നു അജൻഡ. കേന്ദ്ര സഹമന്ത്രി വി മുരളീധരന് ആറ്റിങ്ങൽ സീറ്റ് ഉറപ്പിക്കുന്നതടക്കം ചർച്ച ചെയ്തു. ശോഭ സുരേന്ദ്രനെപ്പോലെ ഇടഞ്ഞു നിൽക്കുന്നവരെ അകറ്റിനിർത്താൻ കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കണമെന്നും ധാരണയായി.
***സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്ക് കേന്ദ്രം കടന്നുകയറുന്നു : മുഖ്യമന്ത്രി
നിയമനിർമാണ സഭയുടെ പരിശോധനയ്‌ക്കുശേഷം സംസ്ഥാനങ്ങൾ പാസാക്കുന്ന നിയമം പ്രാവർത്തികമാകാത്ത അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർ മോഹൻ എഴുതിയ ‘ഇന്ത്യാസ് ഫെഡറൽ സെറ്റ്‌അപ്: എ ജേർണി ത്രൂ സെവൻ ഡിക്കേഡ്‌സ്’ എന്ന പുസ്‌തകം ശശി തരൂർ എംപിക്ക് നൽകി പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
അധികാരങ്ങൾ കൂടുതൽ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തിന് പൂർണമായും അർഹതപ്പെട്ട മേഖലയിലേക്കും കടന്നുകയറുകയാണ്. സഹകരണ മേഖലയുടെമേൽ കൈവച്ചപ്പോൾ സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടിവന്നു. നിയമ നിർമാണങ്ങളുടെയും അധികാരം കേന്ദ്രം കവർന്നെടുക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
***നിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു;
യുട്യൂബര്‍ കൂടിയായ ജീമോന്‍ കല്ലുപുരയ്ക്കൽ പിടിയില്‍.
മുനമ്പത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു. മുനമ്പം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ദേശീയം
***********
***ബാലസോർ ട്രെയിൻ അപകടം: എഞ്ചിനീയർ അടക്കം മൂന്ന് പേരെ CBI അറസ്റ്റ് ചെയ്തു
293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.
കുറ്റകരമാ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 304, 201 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അപകടത്തിലെ ആദ്യത്തെ അറസ്റ്റാണിത്. ട്രാക്ക് സിഗ്നൽ നിലനിർത്തുന്ന രീതിയിലുള്ള ഇവരുടെ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
***ഗൺമാനോട് തോക്ക് ചോദിച്ചുവാങ്ങി കോയമ്പത്തൂർ റേഞ്ച് ഡിഐജി സ്വയം വെടിവെച്ച് മരിച്ചു.
ഇന്നലെ രാവിലെ ഏഴ് മണിക്ക് ക്യാമ്പ് ഓഫീസിൽ വച്ചായിരുന്നു മരണം.
ഇന്ന് രാവിലെ ജോഗിങ്ങിന് പോയി ആറ് മണിയോടെ ക്യാമ്പ് ഓഫീസിൽ തിരിച്ചെത്തിയ വിജയകുമാർ ഗൺമാന്റെ കൈയിൽ നിന്ന് തോക്ക് വാങ്ങി റൂമിൽ പോയിട്ടാണ് സ്വയം വെടിയുതിർത്തത്. വെടിശബ്ദം കേട്ട് ഉദ്യോഗസ്ഥർ ചെന്ന് നോക്കിയപ്പോൾ വെടിയേറ്റ നിലയിലാണ് വിജയകുമാറിനെ കണ്ടെത്തിയത്
***ഡൽഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ 52 കോടി വിലമതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടി
ന്യൂഡൽഹി: വിവാദമായ ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടേയും ഭാര്യയുടേയും സ്വത്ത് കണ്ടുകെട്ടി. 52.24 കോടിയുടെ സ്വത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്
***ബിജെപി എംഎൽഎ അശ്ലീല വീഡിയോ കണ്ട സംഭവം;ത്രിപുര നിയമസഭയിൽ ബജറ്റ് സമ്മേളത്തിനിടെ കയ്യാങ്കളി, സസ്പെൻഷൻ
അഗർത്തല; ത്രിപുര നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. തുടർന്ന് സഭ നടപടികൾ തടസപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് പ്രതിപക്ഷ എം എൽ എമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. കോൺഗ്രസ്, തിപ്ര മോത്ത, സി പി എം അംഗങ്ങൾക്കെതിരെയായിരുന്നു നടപടി
***മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യുന്നതിനായി രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കും
മാനനഷ്ടക്കേസിൽ കടുത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു.
'ശിക്ഷ സ്റ്റേ ചെയ്യാന്‍ ന്യായമായ കാരണങ്ങളൊന്നുമില്ല. ശിക്ഷ നല്‍കിയ ഉത്തരവ് ശരിയും നിയമപരവുമാണ്. വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിയാണ്, പ്രസ്തുത ഉത്തരവില്‍ ഇടപെടേണ്ട ആവശ്യമില്ല. അയോഗ്യത എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.' ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു
അന്തർദേശീയം
*******************
***ഉക്രെയിന്‍ യുദ്ധത്തില്‍ നിലപാടെടുക്കാന്‍ ലിത്വാനിയയില്‍ നാറ്റോ യോഗം;
അയല്‍പക്കത്തെ യോഗത്തില്‍ പ്രകോപിതനായി അണു ബോംബുകളുമായി സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറത്തി പുടിന്റെ പ്രതിരോധം; മൂന്നാം ലോക മഹായുദ്ധ ഭീതി പരത്തി വീണ്ടും അണുവായുധ നീക്കം. ആണവായുധങ്ങള്‍ വഹിക്കാൻ കെല്‍പുള്ള രണ്ട് സൂപര്‍സോണിക് വൈറ്റ് സ്വാൻ ടി യു -160 വിമാനങ്ങളായിരുന്നു അഭ്യാസത്തില്‍ പങ്കെടുത്തത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
12 മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനത്തില്‍ രണ്ട് വിമാനങ്ങളും 5600 മൈലില്‍ അധികം പറന്നു.
***ജർമനിയിൽ ഒരു വർഷത്തിനിടെ കത്തോലിക്കാ സഭയേ ഉപേക്ഷിച്ചത് അഞ്ചു ലക്ഷത്തിലേറെ പേർ
മുമ്പെങ്ങുമില്ലാത്തവിധം തങ്ങൾക്ക് അനുയായികളെ നഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തലുമായി ജർമനിയിലെ കത്തോലിക്കാ സഭ. കഴിഞ്ഞ വർഷം അഞ്ചു ലക്ഷത്തിലേറെ ആളുകൾ സഭയിൽ നിന്നും അംഗത്വം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോൺ ആസ്ഥാനമായുള്ള ജർമ്മൻ ബിഷപ്പ് കോൺഫറൻസ് പുറത്തുവിട്ട കണക്ക് അനുസരിച്ച്, 2022ൽ 522821 ആളുകൾ സഭ വിട്ടുപോയി. ഇത് സഭയുടെ കണക്കുകൂട്ടലുകൾക്കും നിരീക്ഷകരുടെ പ്രവചനങ്ങൾക്കുമെല്ലാം അപ്പുറത്തായിരുന്നു. 2021ൽ 3,60,000 പേരാണ് ജർമനിയിൽ നിന്നും കത്തോലിക്കാ സഭയിലെ അംഗത്വം ഉപേക്ഷിച്ച് പുറത്തുപോയത്. ഇതിനു മുൻപ് ഏറ്റവും അധികം പേർ കത്തോലിക്കാ സഭ വിട്ടതും 2021 ലാണ്.
കായികം
************
***കമ്മിന്‍സിന് 6 വിക്കറ്റ്, ബെന്‍ സ്റ്റോക്സിന്‍റെ താണ്ഡവം; ഒടുവില്‍ ലീഡ് നേടി ഓസീസ്
ഹെഡിംഗ്‍ലെ: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ 26 റണ്‍സിന്‍റെ ആദ്യ ഇന്നിംഗ്സ് ലീഡ് വഴങ്ങി ഇംഗ്ലണ്ട്. ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സിന് മുന്നില്‍ തകർന്നടിഞ്ഞ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ ത്രില്ലർ ഫിഫ്റ്റിക്കിടയിലും 52.3 ഓവറില്‍ 237 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്റ്റോക്സ് 108 പന്തില്‍ 6 ഫോറും 5 സിക്സറും സഹിതം 80 റണ്‍സെടുത്ത് പത്താമനായി മടങ്ങി. വാലറ്റത്തിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് പുറത്തെടുത്ത തകർപ്പനടിയാണ് ലീഡ് ഭാരം കുറച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ഓസീസ് മിച്ചല്‍ മാർഷിന്‍റെ സെഞ്ചുറിക്കരുത്തില്‍ 263 റണ്‍സ് നേടിയിരുന്നു. അവസാനം കളിനിർത്തുമ്പോൾ ആസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിന് 116 റൺസ് എടുത്തിരുന്നു. (142 റൺസിന്റെ ലീഡ് )
വാണിജ്യം
************
***കർണാടകത്തിലും മദ്യവില 20 % കൂട്ടി; വാഗ്ദാനങ്ങള്‍ പാലിക്കാന്‍ 52,000 കോടി; സിദ്ധരാമയ്യയുടെ ബജറ്റ്
കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യ സർക്കാരിന്റെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 20 ശതമാനം വര്‍ധിപ്പിച്ചു. ബിയറുള്‍പ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തില്‍ നിന്ന് 185 ശതമാനമായി ഉയര്‍ത്തും. എക്‌സൈസ് തീരുവയില്‍ വര്‍ദ്ധനവുണ്ടായെങ്കിലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടകയില്‍ മദ്യവില കുറവാണെന്ന് തന്റെ പതിനാലാം ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
*** സ്വർണവില കുറഞ്ഞു; ഇന്നലത്തെ നിരക്കുകൾ
ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ സ്വർണവില പവന് 80 രൂപ കുറഞ്ഞ് 43320 രൂപയിൽ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5415 രൂപയായി.
***നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് തിരുത്തി മുന്നേറിയ സൂചികൾക്കാണ് ഇന്ന് നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 505.19 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,280.45-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 165.50 പോയിന്റ് നഷ്ടത്തിൽ 19,331.80-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നത്തെ സ്മരണ !
**********************
ടി.സി. അച്യുതമേനോൻ മ. (1864-1942)
പി.എസ്. ശ്രീനിവാസൻ മ. (1923-1997)
നെല്ലിക്കോട് പപ്പൻ മ. (1938-2018)
ചന്ദ്രശേഖർ മ. (1927-2007 )
രാജാ റാവു മ. (1908-2006)
സുന്ദരി ഉത്തംചന്ദാനി മ. (1924-2013)
പത്രോസ് സന്യാസി മ. (1046-1115)
ഷിൻഇചിറോ ടോമോനാഗ മ. (1906-1979)
സഖാവ് കുഞ്ഞാലി ജ. (1924 - 1969)
പുത്തൻപറമ്പിൽതൊമ്മച്ചൻ ജ. (1836-1901)
ജ്യോതി ബസു ജ. ( 1914-2010)
വൈ.എസ്. ആർ റെഡ്ഡി ജ. (1949-2009)
ജോൺറോക്ക് ഫെല്ലർസീനിയർ ജ.
(1839-1937)
ചരിത്രത്തിൽ ഇന്ന്…
***********************
1680 - ലോകത്തിൽ ആദ്യമായി രേഖപ്പെടുത്തിയ ടൊർണാഡോ അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ.
1889 - വാൾ സ്ട്രീറ്റ് ജേർണലിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.
1982 - മുൻ ഇറാഖി പ്രസിഡണ്ട് സദ്ദാം ഹുസൈനെതിരെ ദുജാലിയിൽ ആദ്യത്തെ വധശ്രമം.
1988 -പെരുമൺ ദുരന്തം:കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിൽ തീവണ്ടി മറിഞ്ഞു.
1999 - നാറ്റോ(NATO) ചെക്ക് റിപ്പബ്ലിക്ക്,ഹംഗറി,പോളണ്ട് എന്നീ രാജ്യങ്ങളെ സംഖ്യമുണ്ടാക്കാൻ ശ്രമിച്ചു.
2003 - സുഡാൻ എയർവെയ്‌സ് 39 വിമാനം തകർന്നു. 116 പേർ മരണമടഞ്ഞു. 2 വയസ്സുള്ള ഒരു കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
2011 - യുഎസ് സ്‌പേസ് ഷട്ടിൽ പ്രോഗ്രാമിന്റെ അവസാന ദൗത്യത്തിൽ സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസ് വിക്ഷേപിച്ചു .
2014 - മൂന്ന് ഇസ്രായേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ ഗാസയിൽ ആക്രമണം ആരംഭിച്ചു .
2021 - അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ യുഎസ് പങ്കാളിത്തത്തിന്റെ ഔദ്യോഗിക സമാപനം 2021 ഓഗസ്റ്റ് 31-ന് ആയിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍