◾മണിപ്പൂരില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍ സിംഗിന്റെ വീട് കത്തിച്ചു. പെട്രോള്‍ ബോംബുകള്‍ വീടിനുനേരെ എറിഞ്ഞാണു കത്തിച്ചത്. സംഘര്‍ഷം തുടരുകയാണ്. വീടു കത്തിക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു. ഇന്ന് ആലുവാ പാലസിലുള്ള മന്ത്രി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും. മണിപ്പൂരില്‍ വംശീയ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
◾മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ 21 വരെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി 21 നു പരിഗണിക്കും.
◾ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ ആറു മരണം. കനത്ത മഴയും ശക്തമായ കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും. അര്‍ധരാത്രിയോടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍നിന്ന് രണ്ടു പ്രതികളെ ഒഴിവാക്കി. ഇടനിലക്കാരന്‍ കിരണ്‍, സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനില്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പ്രാഥമിക അന്വേഷണത്തിലും ഇ.ഡി.-ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇവര്‍ പ്രധാന പ്രതികളാണ്. പതിനൊന്നായിരത്തോളം പേരുടെ 312 കോടി രൂപയുടെ നിക്ഷേപമാണ് സിപിഎം ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്.
◾പരീക്ഷ എഴുതാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ ജയിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിനു പ്രതിയാക്കിയ കേസില്‍ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകില്ലെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ക്രൈംബ്രാഞ്ചിനു മറുപടി നല്‍കി. തനിക്കെതിരായ ആരോപണം എന്തെന്ന് അറിയാന്‍ എസ്എഫ്ഐ സംസ്ഥാ സെക്രട്ടറി നല്‍കിയ പരാതിയുടെ പകര്‍പ്പിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേസിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നുമാണു മറുപടി നല്‍കിയത്.
◾മദ്യലഹരിയില്‍ അതിക്രമം കാണിച്ച പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ടെലികമ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനെ പിടികൂടി നാട്ടുകാര്‍ മര്‍ദിച്ചശേഷമാണ് പോലീസില്‍ ഏല്‍പിച്ചത്. ബിജുവിനെതിരേയും നാട്ടുകാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
◾കര്‍ണാടകത്തില്‍ ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയനുസരിച്ചു നാട്ടിലെത്താന്‍ വഴിയൊരുങ്ങുന്നു. നാട്ടിലേക്കു പോകാന്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട 80 ലക്ഷം രൂപ വേണ്ടെന്നുവയ്ക്കുകയോ ഗണ്യമായ ഇളവു നല്‍കുകയോ വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിച്ചു. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.
◾പട്ടയമേളയ്‌ക്കെതിരെ പത്തനംതിട്ടയില്‍ പ്രതിഷേധം. വനം - റവന്യൂ വകുപ്പുകള്‍ തമ്മിലെ തര്‍ക്കവും, ഏകോപനമില്ലായ്മയും മൂലം പെരുമ്പെട്ടി, അത്തിക്കയം ഉള്‍പ്പെടെ മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ക്കു പട്ടയം അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്നു വൈകുന്നേരം റാന്നിയിലാണ് ജില്ലാതല പട്ടയമേള. പട്ടയത്തിനായി പെരുമ്പെട്ടിക്കാര്‍ 1800 ലധികം ദിവസമായി സമരത്തിലാണ്. വനം കൈയേറ്റം ക്രമപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം നല്‍കിയ പട്ടികയില്‍ തെറ്റായി ഉള്‍പ്പെട്ടുപോയവരാണ് ഇവര്‍.
◾വാഹനാപകടത്തില്‍ യുവാവിനു മസ്തിഷ്‌ക മരണം സംഭവിച്ചെന്നു റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. അപകടത്തില്‍ പരിക്കേറ്റ് എത്തിയ ഉടുമ്പന്‍ചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ.എച്ച് രമേഷ് വ്യക്തമാക്കി.
◾ബിജെപിയില്‍നിന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ രാജിവച്ചു. ബിജെപി വിട്ട് സി പി എമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിനു തുല്യമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. സംവിധായകന്‍ രാജസേനന്‍, നടന്‍ ഭീമന്‍ രഘു എന്നിവര്‍ നേരത്തെ ബിജെപിയില്‍നിന്ന് രാജിവച്ചിരുന്നു.
◾സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പകരുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഈ മാസം 13 വരെ എട്ടു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബ്രഹ്‌മപുരം പ്ലാന്റിന് തീയിട്ടതിനെത്തുടര്‍ന്ന് മാലിന്യ സംസ്‌കരണം നിലച്ച എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമാണ്. സുരേന്ദ്രന്‍ പറഞ്ഞു.
◾യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റില്‍. പനങ്ങാട്ടുകര കോണിപറമ്പില്‍ സുമേഷ് (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം നിജു (42), തെക്കുംകര ഞാറശേരി വളപ്പില്‍ സോംജിത്ത് (25) എന്നിവരാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശി ഉണ്ണി സുരേഷിനെയാണ് ബംഗളൂരുവില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.
◾തിരുവമ്പാടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് പൊയിലിങ്ങാപുഴയില്‍ പതിച്ച് ഒരാള്‍ മരിച്ചു. തോട്ടത്തില്‍കടവ് ശാന്തിനഗര്‍ സ്വദേശി ചെമ്പൈ മുഹാജിര്‍ (40) ആണു മരിച്ചത്.
◾പ്രണയബന്ധം തടയാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച അമ്മയും കാമുകനും അറസ്റ്റില്‍. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകന്‍ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പിടിയിലായത്. യുവതി മൂന്നു മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയിരുന്നു. അറസ്റ്റിലായ ഇവര്‍ ജാമ്യത്തിലിറങ്ങിയശേഷവും ബന്ധം തുടരുന്നതു മകന്‍ ചോദ്യം ചെയ്തപ്പോഴാണ് അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ചത്.
◾കാമുകിയോടു പണം തിരികെ ചോദിച്ച പരിചയക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരനത്തിനിടെ സാക്ഷിയോടും കോടതിയോടും കയര്‍ത്ത് പ്രതി. ആനാട് ഇളവട്ടം കാര്‍ത്തികയില്‍ മോഹനന്‍ നായരെ കൊന്ന കേസിലെ പ്രതിയായ മണക്കാട് കമലേശ്വരം സ്വദേശി ഷാജഹാന്‍ എന്ന ഇറച്ചി ഷാജിയാണു കോടതിയില്‍ പ്രകോപിതനായത്. ഷാജിയുടെ സുഹൃത്തായ കണ്ണടപ്പന്‍ അനിയുടെ സാക്ഷി മൊഴി കേട്ടതോടെ അനിയെ തനിക്കു വിസ്തരിക്കണമെന്ന് പ്രതി ഷാജി ആവശ്യപ്പെട്ടു. അഭിഭാഷകന്‍ വിസ്തരിച്ചാല്‍ മതിയെന്നായി കോടതി. എന്നാല്‍ തന്നെ ഇപ്പോഴേ ജയിലിലിട്ടോളൂ എന്നു പ്രതി ക്ഷുഭിതനായി വിളിച്ചു പറഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണു നാടകീയമായ സംഭവങ്ങള്‍ നടന്നത്.
◾അടിമാലി കൊരങ്ങാട്ടിയില്‍ വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നയാളെ അറസ്റ്റു ചെയ്തു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. കാപ കേസ് പ്രതിയായ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.
◾വിതുരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി വീടിനു പിറകിലെ മരത്തില്‍ തൂങ്ങിമരിച്ചു. വിതുര ചായം സ്വദേശി ചന്ദ്രന്‍ - ഷീലാ ദമ്പതികളുടെ മകന്‍ സജിനാ(17) ണ് മരിച്ചത്.
◾മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ മുറിവാലന്‍ എന്ന ആനയുടെ റോഡ് ഷോ. രാത്രി ഒന്‍പതരയോടെ റോഡിലെത്തിയ ആന അതുവഴി എത്തിയ വാഹനങ്ങളെ ആക്രമിക്കുകയായിരുന്നു. ഏറെ സമയം ഗതാഗതം തടസപ്പെട്ടു.
◾പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് കോഴിക്കോട് മുക്കം മണാശ്ശേരിയിലെ പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. പമ്പ് ജീവനക്കാരനായ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
◾കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തുന്ന തൊഴിലവസരങ്ങളുള്ള വിവിധ കോഴ്സുകളിലേക്ക് 25 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ അറിയാനും ഓണ്‍ലൈനായി അപേക്ഷിക്കാനും www.kvasu.ac.in അല്ലെങ്കില്‍ അപേക്ഷ പോര്‍ട്ടല്‍ https://application.kvasu.ac.in/ സന്ദര്‍ശിക്കുക.
◾ഡല്‍ഹിയിലെ നെഹ്റു മെമ്മോറിയില്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നു മാറ്റാനുള്ള ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ്. നെഹ്റുവിന്റെ സംഭാവനകളെ തമസ്‌കരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ശ്രമമാണ് പേരുമാറ്റത്തിനു പിറകിലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി.
◾വനിതാ ഐപിഎസ് ഓഫിസറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തമിഴ്നാട് ഡിജിപിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. ഡിജിപി റാങ്കിലുള്ള രാജേഷ് ദാസിനെയാണു വില്ലുപുരം സിജെഎം കോടതി ശിക്ഷിച്ചത്. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ ഡിജിപി ആയിരുന്ന രാജേഷ് ദാസ് സസ്പെന്‍ഷനിലാണ്. 2021 ല്‍ കാറില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
◾തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഉപാധിയുമായി ആംആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കില്ലെങ്കില്‍ മധ്യ പ്രദേശിലും രാജസ്ഥാനിലും ആംആദ്മി പാര്‍ട്ടിയും മത്സരിക്കില്ലെന്നാണ് ഉപാധി. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആണ് ഇങ്ങനെ ഉപാധി മുന്നോട്ടു വച്ചത്.
◾രാജ്യാന്തര യോഗ ദിനത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനത്ത് യോഗ പരിപാടിക്കു പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും. ഈ മാസം 21 നാണു രാജ്യാന്തര യോഗ ദിനം.
◾പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ നാലു മരണം. സിപിഎം, ഇന്ത്യന്‍ സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്.
◾വിഐപി വരുമ്പോള്‍ വൈദ്യുതി മുടങ്ങരുതെന്നു തമിഴ്നാട് വൈദ്യുതി ബോര്‍ഡ്. അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയതു വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിറകേയാണു വൈദ്യുതി മന്ത്രിയെ നിയമന കോഴക്കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തത്.
◾ജമ്മു കാഷ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേന അഞ്ചു ഭീകരരെ വധിച്ചു. അതിര്‍ത്തി കടന്നെത്തിയ അഞ്ചു പേരെയാണ് വധിച്ചത്.
◾പ്രമുഖ ടൂറിസ്റ്റു രാജ്യമായ ബാലിയില്‍ പര്‍വതാരോഹണവും ട്രക്കിംഗും ഹൈക്കിംഗും നിരോധിച്ചു. വിനോദ സഞ്ചാരികള്‍ പര്‍വതങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതു വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനം.
◾2020 സെപ്റ്റംബര്‍-നവംബര്‍ ത്രൈമാസത്തിനു ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിലെ വിദേശ നിക്ഷേപം ഉയര്‍ന്നു. ഇതോടെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിന്റെ പിന്നാലെ തന്നെയുണ്ട്. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നീ കമ്പനികളിലാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണം വര്‍ധിച്ചത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 410 എഫ്.പി.ഐകളാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. 2020 സെപ്റ്റംബറില്‍ ഈ എണ്ണം 133 ആയിരുന്നു.അദാനി ടോട്ടല്‍ ഗ്യാസിലെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ എണ്ണം 63 ല്‍ നിന്ന് 532 ആയി. അദാനി ട്രാന്‍സ്മിഷനില്‍ നിക്ഷേപിച്ചിരിക്കുന്ന എഫ്.പി.ഐകളുടെ എണ്ണം 2020 സെപ്റ്റംബറിലെ 62 ല്‍ നിന്ന് 431 ആയി. അദാനി ഗ്രീന്‍ എനര്‍ജിയിലെ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ എണ്ണം 94 ല്‍ നിന്ന് 581 ആയും വര്‍ധിച്ചു. എന്നാല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എ.സിസി, അംബുജ സിമന്റ്‌സ്, എന്‍.ഡി.ടി.വി എന്നിവയിലെ നിക്ഷേപം സെബി പരിഗണിച്ചിട്ടില്ല. മറ്റൊരു കമ്പനിയായ അദാനി വില്‍മര്‍ 2022 ഫെബ്രുവരിയിലാണ് ലിസ്റ്റ് ചെയ്തത്. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം, ഏറ്റവും കുറഞ്ഞ പൊതു ഓഹരി പങ്കാളിത്ത നിയമങ്ങള്‍ എന്നിവയെകുറിച്ച് സെബി അന്വേഷിച്ച് വരികയാണ്.
◾ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോണ്‍ പ്രൈം ലൈറ്റ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ പ്രൈം ലൈറ്റ് അവതരിപ്പിച്ചത്. സാധാരണയുള്ള ആമസോണ്‍ പ്രൈമിനേക്കാള്‍ വില കുറഞ്ഞ പതിപ്പാണ് ആമസോണ്‍ പ്രൈം ലൈറ്റ്. പ്രൈം അംഗത്വത്തില്‍ നിന്ന് വ്യത്യസ്ഥമായി പ്രൈം ലൈറ്റ് സബ്സ്‌ക്രിപ്ഷന് പ്രത്യേക വാര്‍ഷിക പ്ലാനും നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍, പ്രൈം ലൈറ്റും ആമസോണ്‍ പ്രൈമും തമ്മില്‍ നേരിയ സമാനതകള്‍ ഉണ്ട്. പ്രൈം ലൈറ്റ് അംഗങ്ങള്‍ക്ക് ഒരു ദിവസത്തെയോ, രണ്ട് ദിവസത്തെയോ ഡെലിവറി ആസ്വദിക്കാന്‍ സാധിക്കും. റെഗുലര്‍ പ്രൈമിന് സമാനമായി ആമസോണ്‍ മ്യൂസിക്കിനും വീഡിയോയ്ക്കും ആക്സിസ് നല്‍കുന്നുണ്ടെങ്കിലും, പ്രൈം ലൈറ്റില്‍ വീഡിയോയിലെ സ്ട്രീമിംഗ് നിലവാരത്തില്‍ വ്യത്യാസമുണ്ട്. പ്രൈം ലൈറ്റ് അംഗത്വം നേടാന്‍ 12 മാസത്തേക്ക് 999 രൂപയാണ് നല്‍കേണ്ടത്. ത്രൈമാസ, പ്രതിമാസ പ്ലാനുകള്‍ ലഭ്യമല്ല. അതേസമയം, സാധാരണ പ്രൈം അംഗത്വത്തിന് ഇന്ത്യയില്‍ 1,499 രൂപയാണ് വില. കൂടാതെ, ആമസോണ്‍ പ്രൈമിന്റെ പ്രതിമാസ, ത്രൈമാസ അംഗത്വ നേടാന്‍ യഥാക്രമം 299 രൂപ, 599 രൂപ അടച്ചാല്‍ മതിയാകും.
◾മോഹന്‍ലാലും പൃഥ്വിരാജും അപ്പനും മകനുമായെത്തി പ്രേക്ഷക ഇഷ്ടം നേടിയ മലയാള സിനിമയായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയും കല്യാണി പ്രിദര്‍ശനുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ആകസ്മികമായുണ്ടാകുന്ന രണ്ട് ഗര്‍ഭധാരണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും ഫണ്‍ എന്റര്‍ടെയ്നറായി കോര്‍ത്തിണക്കിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഇപ്പോള്‍ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടാണ് ടോളിവുഡില്‍ നിന്നുമെത്തുന്നത്. കല്യാണ കൃഷ്ണയുടെ സംവിധാനത്തിലാണ് ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. ചിരഞ്ജീവിയായിരിക്കും ചിത്രത്തില്‍ നായകനാകുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി അവതരിപ്പിക്കും. താരനിരയില്‍ ചിരഞ്ജീവിയ്ക്കു നായികയായി തൃഷയുടെ പേരാണ് കേള്‍ക്കുന്നത്. സമീപകാലത്ത് മികച്ച തിരിച്ച് വരവ് നടത്തിയ തൃഷ ഇടവേളയ്ക്കു ശേഷം വീണ്ടും തെലുങ്കിലേക്ക് എത്തുകയാവും ഈ ചിത്രത്തിലൂടെ. യുവതാരം സിദ്ധു ജൊന്നലഗദ്ദ പൃഥ്വിരാജിന്റെ റോളിലും ശ്രീലീല കല്യാണിയുടെ വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ചിരഞ്ജീവിയുടെ 156 -ാം ചിത്രമാണ് ബ്രോ ഡാഡി തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. ഭോല ശങ്കര്‍ എന്ന ചിത്രമാണ് ഇനി ചിരഞ്ജീവിയുടേതായി റിലീസിനെത്തുന്നത്. അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് പതിപ്പാണ് ഭോല ശങ്കര്‍.
◾വെബ് സീരിസില്‍ ടോപ്ലെസ് ആയി എത്തിയ നടി തമന്ന വിവാദത്തില്‍. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച 'ജീ കര്‍ദാ' എന്ന വെബ് സീരീസിലെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പതിനെട്ട് വര്‍ഷങ്ങളായി തെന്നിന്ത്യന്‍, ബോളിവുഡ് സിനിമാ രംഗത്തുള്ള തമന്ന ഇതാദ്യമായാണ് വിവാദത്തില്‍ അകപ്പെടുന്നത്. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്‌ക്രീനില്‍ ചുംബനരംഗത്തിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാട് എടുത്തിരുന്നു. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ നടി നടത്തിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആരോപണം. അതേസമയം, ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന്‍ ദലാല്‍, സയാന്‍ ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കരിയറില്‍ അടുത്ത് ഇടപഴകിയുള്ള രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും തമന്ന ഈയടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
◾ജിംനിയുടെ അഞ്ച് ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിയത് അടുത്തിടെയാണ്. പതിനായിരക്കണക്കിന് ബുക്കിങ്ങുകളാണ് ഈ ചെറു എസ്യുവിയെ തേടി എത്തുന്നത്. എന്നാല്‍ ജിംനിയുടെ ഒരു മോഡിഫിക്കേഷന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. സംഗതി ഒറിജിനല്‍ അല്ലെങ്കിലും ചിത്രം കണ്ടാല്‍ ആരും ഒന്നു നോക്കി നിന്നുപോകും. ജിംനി ഡാക്കര്‍ റാലി എഡിഷന്‍ എന്ന പേരില്‍ ബിമ്പിള്‍ ഡിസൈന്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വെള്ള നിറത്തിലുള്ള ഈ ജിംനിയുടെ ചിത്രങ്ങള്‍ വന്നത്. വളരെ പെട്ടെന്നു തന്നെ ഈ 3ഡി ഡിസൈന്‍ ആരാധകര്‍ ഏറ്റെടുത്തത്. മാരുതി സുസുക്കി ജിപ്സിയുടെ തീമിലാണ് ഈ വാഹനം ഡിസൈന്‍ ചെയ്തത് എന്നാണ് പേജില്‍ പറയുന്നത്. ലിഫ്റ്റ് ചെയ്ത് സസ്പെന്‍ഷനാണ്. മുന്നില്‍ ഡബിള്‍വിഷ്ബോണും പിന്നില്‍ സോളിഡ് റിയര്‍ ആക്സിലും ഉപയോഗിച്ചിരിക്കുന്നു. 17 ഇഞ്ച് മഡ് ടെറൈന്‍ വീലുകളും വെള്ള നിറത്തിലുള്ള അലോയ്യുമുണ്ട്. മുന്നിലും വാഹനത്തിന് മുകളിലുമായി 14 ലൈറ്റ് പോഡുകള്‍ നല്‍കിയിട്ടുണ്ട്. ഡാക്കര്‍ റാലിയില്‍ മുരുഭൂമിയിലെ ഇരുട്ടിലൂടെ പോകാന്‍ ഇത് സഹായിക്കും എന്നാണ് ബിമ്പിള്‍ ഡിസൈന്‍സിന്റെ അവകാശവാദം. കൂടാതെ സ്നോര്‍ക്കല്‍, ഹുഡ് വെന്റ്, കസ്റ്റം മെയ്ഡ് ബംബര്‍, സ്‌കിഡ് ബാര്‍, റൂഫ് റാക്, സ്പെയര്‍വീല്‍ എന്നിവയെല്ലാമുണ്ട് ഈ ജിംനിക്ക്.
◾ആ ചെറിയ നോവല്‍ എന്നെ വൈകാരികമായി പിടിച്ചു കെട്ടുകതന്നെ ചെയ്തു. സങ്കീര്‍ണ്ണതയില്ലാത്ത ഇതിവൃത്തം. അത്യുക്തിയുടേതായ ഒരു വാക്കുപോലുമില്ല. തികഞ്ഞ ലാളിത്യമുള്ള ഒരു കൃതി. അത് ജീവിതത്തിന്റെ അടിയൊഴുക്കുകളിലേക്കാണ് എന്നെ കൊണ്ടുപോയത്. ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന
വലിയൊരു സാക്ഷ്യത്തിന്റെ ആധികാരികത ആ നോവലിന്റെ പിറകിലുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ പേടിച്ചു. ജീവിതത്തിന്റെ നിസ്സാരതയും വിഷയാസക്തിയുടെ ഭ്രാന്തിജാലവും ഇന്ദ്രിയവിഷയങ്ങളുടെ പൊള്ളത്തരവും ശരീരനാശത്തിന്റെ രഹസ്യനിയമങ്ങളും സംക്ഷേപിച്ചെടുത്തപ്പോള്‍ സ്വാഭാവികമായി ജനിച്ച അമര്‍ത്തിയ പ്രക്ഷുബ്ധത വായനയുടെ വേളയില്‍ അതിന്റെ പത്തിരട്ടി വലിപ്പമുള്ള നോവല്‍ വായിക്കുന്ന അനുഭവം സൃഷ്ടിച്ചു. മരണത്തിലേക്കു നീങ്ങുന്ന മനുഷ്യനാണ് അതിലെ പ്രധാന വിഷയം. ശരീരനാശത്തെക്കുറിച്ചുള്ള കവിതയാണത് - കെ.പി. അപ്പന്‍. വിശ്വസാഹിത്യത്തിലെ മഹത്തായ കൃതിയുടെ റഷ്യനില്‍നിന്നുള്ള പരിഭാഷ. 'ഇവാന്‍ ഇലിയിച്ചിന്റെ മരണം'. ലിയോ ടോള്‍സ്റ്റോയ്. പരിഭാഷ - കെ. ഗോപാലകൃഷ്ണന്‍. മാതൃഭൂമി. വില 119 രൂപ.
◾ശരീരത്തില്‍ ഒമേഗ 3യുടെ സാന്നിധ്യം കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ ഇത് തിരിച്ചറിയുന്നതിന് ശരീരം പ്രകടിപ്പിക്കുന്ന ചില മുന്നറിയിപ്പുകളുണ്ട്. സന്ധി വേദന കാല്‍സ്യം കുറവുമായി മാത്രമല്ല, ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം. ഒമേഗ 3 എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഒടിവ്, സന്ധിവാതം, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ പറയുന്നു. കടുത്ത ക്ഷീണം, മുമ്പ് അനായാസം ചെയ്തിരുന്ന ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിയാതാകുക എന്നിവയും ഒമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കും. കോശങ്ങളില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കുന്നത് ഒമേഗ 3 ആണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും ഭക്ഷണത്തില്‍ ഫാറ്റി ആസിഡുകള്‍ കുറയുന്നതും അതിലൊന്നാണ്. നഖം പെട്ടെന്ന് പൊട്ടിപോകുന്നത് ഒമേഗ 3യുടെ അഭാവമായിരിക്കാം. നഖത്തിലെ കോശങ്ങള്‍ക്ക് പോഷണം നല്‍കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കും. നഖങ്ങളുടെ ആരോഗ്യത്തിനും തിളക്കത്തിനും പിന്നിലെ കാരണം ഇതാണ്. വരണ്ട ചര്‍മ്മത്തിന് കാരണം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ഒമേഗ 3 ഇല്ലെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ചര്‍മ്മത്തില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ വരണ്ട പാടുകളോ ചുവന്നിരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണത്തില്‍ ഒമേഗ 3 വര്‍ദ്ധിപ്പിക്കണം. ചിന്തകളില്‍ വ്യക്തത കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരുന്നതുമൊക്കെ ഓമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും വിഷാദരോഗം തടയാനുമൊക്കെ ഓമേഗ 3 സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 81.90, പൗണ്ട് - 104.75, യൂറോ - 89.63, സ്വിസ് ഫ്രാങ്ക് - 91.86, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.37, ബഹറിന്‍ ദിനാര്‍ - 217.24, കുവൈത്ത് ദിനാര്‍ -266.93, ഒമാനി റിയാല്‍ - 212.71, സൗദി റിയാല്‍ - 21.83, യു.എ.ഇ ദിര്‍ഹം - 22.30, ഖത്തര്‍ റിയാല്‍ - 22.50, കനേഡിയന്‍ ഡോളര്‍ - 61.91.
0 അഭിപ്രായങ്ങള്‍