തൃശൂർ എരുമപ്പെട്ടിയിൽ ലോട്ടറി ടിക്കറ്റുകളിൽ കൃതൃമം നടത്തി പണം തട്ടിയെടുത്തതായി പരാതി.വഴിയോര ലോട്ടറി വിൽപ്പനക്കാരാണ് തട്ടിപ്പിനിരയായത്.ഇത്തരത്തിലുള്ള തട്ടിപ്പുകൾ എരുമപ്പെട്ടി മേഖലയിൽ പതിവായിരിക്കുകയാണ്. വയോധികരും കാഴ്ച ശക്തികുറവുള്ളവരുമായ തിച്ചൂർ പൊന്നുംക്കുന്ന് കോളനിയിൽ കുഞ്ഞുമണി, ആറ്റത്ര സ്വദേശി ഉണ്ണികൃഷണൻ എന്നിവർ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായിരുന്നു. വഴിയോരങ്ങളിൽ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന ഇവരെ പ്രോത്സാഹന സമ്മാനത്തിന് അർഹമായ ടിക്കറ്റിൻ്റെ നമ്പറുകൾ കൃതൃമമായി രേഖപ്പെടുത്തി കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
നാല് അക്കമുള്ള നമ്പറിൽ ഒരക്കം വെട്ടി ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഹെൽമറ്റും മാസ്കും ധരിച്ച് ബൈക്കിലെത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്. ലോട്ടറി മാറ്റാൻ ഏജൻസിയിലെത്തിയപ്പോഴാണ് ഇവർ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. എരുമപ്പെട്ടി പഞ്ചായത്ത് മെമ്പർ എം.സി.ഐജുവിനോടൊപ്പമെത്തി ഇവർ പൊലീസിൽ പരാതി നൽകി.
ഇതിന് മുമ്പും സമാനമായ രീതിയിൽ മേഖലയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. 1000, 2000,5000, തുകകൾ സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളിലാണ് കൃത്യമം നടത്തുന്നത്. ഇത്തരത്തിൽ നിരവധി ടിക്കറ്റുകൾ ഉപയോഗിച്ച് പതിനായിരവും ലക്ഷങ്ങളും വരെ തട്ടിയെടുക്കുന്നുണ്ട്.വിദഗ്ദരായ സംഘമാണ് ഇതിന് പുറകിൽ പ്രവർത്തിക്കുന്നത്.വയോധികരായ കച്ചവടക്കാരെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്.നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍