◾വിഷു പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ചു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. ഇതനുസരിച്ച് 3,200 രൂപ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്കു ലഭിക്കും. ഇതിനായി 1,871 കോടി രൂപ അനുവദിച്ചു. പത്താം തീയതി മുതല്‍ തുക വിതരണം ചെയ്യും.
◾അട്ടപ്പാടി മധു കൊലക്കേസിലെ 16 പ്രതികളില്‍ കുറ്റക്കാരെന്നു കോടതി വിധിച്ച 14 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കും. 13 പേര്‍ക്കെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയത്. നാലാം പ്രതിയേയും പതിനൊന്നാം പ്രതിയേയും കോടതി വെറുതെ വിട്ടു. കേസില്‍ 24 സാക്ഷികള്‍കുറുമാറിയിരുന്നു◾പാഠപുസ്തകങ്ങളില്‍നിന്ന് ജനാധിപത്യത്തേയും മുഗള്‍ സാമൃാജ്യ ചരിത്രത്തേയും കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. സിബിഎസ്ഇ പത്തു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍നിന്നാണ് സുപ്രധാന ഭാഗങ്ങള്‍ എന്‍സി ഇആര്‍ടി നീക്കം ചെയ്തത്. ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി (ജനാധിപത്യവും വൈവിധ്യവും), ചാലഞ്ചേഴ്‌സ് ഓഫ് ഡെമോക്രസി (ജനാധിപത്യത്തിലെ വെല്ലുവിളികള്‍), പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്മെന്റ്സ് (ജനകീയ പ്രസ്ഥാനങ്ങളും സമരങ്ങളും), റൈസ് ഓഫ് പോപ്പുലര്‍ മൂവ്മെന്റ്സ് (ജനകീയ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ച) എന്നീ അധ്യായങ്ങള്‍ നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പെടുന്നു.
◾സെക്സ് ചിത്ര നടിയുമായുള്ള ലൈംഗിക ബന്ധം പുറത്തു പറയാതിരിക്കാന്‍ പണം നല്‍കിയെന്ന ക്രിമിനല്‍ കേസില്‍ പ്രതിയായ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്തു. കോടതിയില്‍ കീഴടങ്ങിയ ട്രംപിനെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. കുറ്റപത്രം വായിച്ചുകേട്ട ശേഷമാണു ട്രംപ് മടങ്ങിയത്. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
◾രാഹുല്‍ഗാന്ധിക്കു സൂററ്റ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് ഹര്‍ജി പരിഗണിക്കുമ്പോഴെല്ലാം രാഹുല്‍ ഹാജരാകണമെന്ന ഉപാധിയോടെ. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണു മറ്റൊരു ഉപാധി. അപ്പീല്‍ ഉടനേ തീര്‍പ്പാകില്ലെന്ന സൂചനയും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലുണ്ട്. പതിനയ്യായിരം രൂപയാണു ജാമ്യത്തുക.
◾മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശയാത്രക്ക്. അമേരിക്കയിലും സൗദി അറേബ്യയിലും ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് വിദേശയാത്ര. അമേരിക്കയിലെ സമ്മേളനം ജൂണിലാണ്. സെപ്റ്റംബറില്‍ സൗദിയിലും സമ്മേളനം നടക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലണ്ടനില്‍ നടത്തിയ യുകെ- യുറോപ്പ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നു.
◾സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളുടെ ചുമലില്‍ അടിച്ചേല്‍പിച്ച അധിക നികുതികളില്‍നിന്നു പണമൂറ്റി വിദേശ ടൂര്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശന്‍.
◾നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുനഃസംഘടന വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരന്‍. കൈ കൂപ്പി വികാര നിര്‍ഭരനായാണ് സുധാകരന്‍ പ്രതികരിച്ചത്. അംഗീകരിച്ച കമ്മിറ്റികളുടെ പട്ടിക പല ജില്ലകളില്‍നിന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേസമയം, പാര്‍ട്ടിയില്‍ വിവാദങ്ങളുണ്ടാക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്ന് യോഗത്തില്‍ പ്രസംഗിച്ച മിക്ക നേതാക്കളും ആവശ്യപ്പെട്ടു.
◾കോഴിക്കോട് ട്രെയിന്‍ കത്തിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എലത്തൂര്‍ റെയില്‍വെ ട്രാക്കും പരിസരവും എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചു. തെളിവുകളും സൂചനകളും തേടിയായിരുന്നു പരിശോധന. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഉത്തര്‍പ്രദേശിലും അന്വേഷണം നടത്തുന്നുണ്ട്.
◾കോഴിക്കോട് ട്രെയിന്‍ കത്തിച്ച കേസില്‍ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നു കേരള പൊലീസ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
◾ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിലെ ഇടക്കാല സ്റ്റേ നീട്ടണമെന്ന സിപിഎമ്മിന്റെ മുന്‍ എംഎല്‍എ എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാന്‍ അനുവദിച്ച പത്തു ദിവസത്തെ സ്റ്റേ 20 ദിവസത്തേക്കു കൂടി നീട്ടണമെന്ന രാജയുടെ ഹര്‍ജിയാണു തള്ളിയത്.
◾ശബരിമല വികസന അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനാണ് അതോറിറ്റി രൂപീകരിക്കുന്നത്. വെര്‍ച്യുല്‍ ക്യു ബുക്കിംഗ് മുതല്‍ പ്രസാദവിതരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യും. സംഭാവനകള്‍ക്കായും ഡിജിറ്റല്‍ സംവിധാനം ഒരുക്കും.
◾ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മാണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പുകാരായി ഒന്നിലേറെ പേരെ അനുവദിക്കില്ലെന്നും സന്ദര്‍ശകര്‍ക്കു കൂടുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ഈ മാസം 11 ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. രാഹുലിന് വമ്പിച്ച സ്വീകരണമൊരുക്കാനാണ് കെ പി സി സിയുടെ തീരുമാനം.
◾നവജാത ശിശുവിനെ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണു സംഭവം. വീട്ടില്‍ പ്രസവത്തിനുശേഷം അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി അറിയിച്ചതനുസരിച്ചാണ് ചെങ്ങന്നൂര്‍ പൊലീസ് വീട്ടിലെത്തി പരിശോധിച്ചത്. കുഞ്ഞു മരിച്ചെന്നായിരുന്നു യുവതി അറിയിച്ചത്. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
◾മൂല്യനിര്‍ണയ കേന്ദ്രത്തിലെ അധ്യാപകരുടെ പ്രതിഷേധം വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി പന്താടുന്നതിനു തുല്യമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ട അധ്യാപകരാണ് കറുപ്പു ബാഡ്ജി ധരിച്ച് പ്രതിഷേധിച്ചത്.
◾80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച പാങ്ങോട് സ്വദേശി സജീവന്‍ (35) ഭാഗ്യം ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കു മദ്യസല്‍ക്കാരം നടത്തുന്നതിനിടെ കൊല്ലപ്പെട്ട കേസില്‍ സുഹൃത്തായ സന്തോഷിനെ അറസ്റ്റു ചെയ്തു. മദ്യപാനത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും സജീവനെ സന്തോഷ് കുഴിയിലേക്കു തള്ളിയിട്ട് സ്ഥലം വിടുകയും ചെയ്തിരുന്നു. വീഴ്ചയിലുണ്ടായ ക്ഷതംമൂലമാണ് മരണം സംഭവിച്ചത്.
◾ബ്രഹ്‌മപുരത്തു വിഷപ്പുക കാരണം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നു പഠിക്കാന്‍ ഒരു മാസത്തിനുശേഷം വിദഗ്ധ സമിതിയെ നിയോഗിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയാണ് വിദഗ്ധ സമിതിയുടെ കണ്‍വീനര്‍. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.
◾അടൂര്‍ ചൂരക്കോട് കനത്ത കാറ്റിലും മഴയിലും മരം വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നെല്ലിമുകള്‍ സ്വദേശി മനു മോഹനനാണ് (32) മരിച്ചത്.
◾അന്താരാഷ്ട്രാ ലേബര്‍ കോണ്‍ക്ലേവ് തിരുവനന്തപുരത്ത് മെയ് 24 ന് മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്ലാനിംഗ് ബോര്‍ഡുമായി സഹകരിച്ചാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്
◾നെടുമ്പാശേരിയില്‍ ഒന്നേക്കാല്‍ കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസിനെ കസ്റ്റംസ് പിടികൂടി.
◾ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം വെട്ടിക്കുറച്ച് ലോകബാങ്ക്. ഇന്ത്യയുടെ ജിഡിപി 6.6 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്.
◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, കോണ്‍ഗ്രസിനെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ്, ആദായനികുതി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചെന്ന് ആരോപണം. അടുത്ത ദിവസംതന്നെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്ന് വിവരം ലഭിച്ചെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
◾രാമനവമി ആഘോഷത്തിനിടെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സിവി ആനന്ദ ബോസ് സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
◾സിക്കിമിലെ നാഥുലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ വിനോദസഞ്ചാരികളായ ഏഴു പേര്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. പതിനഞ്ചോളം വിനോദ സഞ്ചാരികള്‍ സ്ഥലത്ത് കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.
◾യുഎസ് കാനഡ അതിര്‍ത്തിയിലെ മൊഹാക്ക് പ്രദേശത്തെ സെന്റ് ലോറന്‍സ് നദിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ എട്ട് മൃതദേഹങ്ങളില്‍ ഒരു കുടുംബം ഇന്ത്യക്കാരാണെന്ന് കനേഡിയന്‍ പോലീസ്. രണ്ടു കുടുംബങ്ങളാണ് മരിച്ചത്. ഇതില്‍ ഒരു കുടുംബം റൊമാനിയന്‍ വംശജരരാണ്.
◾സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പലവിധ കാരണങ്ങളാല്‍ ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറര ലക്ഷം റിയാല്‍ സഹായം നല്‍കിയെന്നു കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. കോണ്‍സുലേറ്റ് ഇടപെട്ട് സൗദി കോടതി വഴി ഇന്ത്യക്കാര്‍ക്ക് മരണാനന്തര നഷ്ടപരിഹാരമായി 3.72 കോടി രൂപ ലഭ്യമാക്കിയെന്നും അദ്ദേഹം അറിയിച്ചു.
◾അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ക്ക് പ്രവിശ്യയില്‍ താലിബാന്‍ സേന നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിലെ ആറു പേര്‍ കൊല്ലപ്പെട്ടു.
◾ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് വിജയമാഘോഷിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 48 ബോളില്‍ 62 റണ്‍സ് നേടി പുറത്താവാതെ നിന്ന യുവതാരം സായ് സുദര്‍ശനാണ് ടീമിന്റെ വിജയശില്‍പ്പി.
◾കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ 2022-23 സാമ്പത്തികവര്‍ഷത്തെ മാര്‍ച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 16.65 ശതമാനം വര്‍ദ്ധിച്ച് 72,107 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് 31ല്‍ വായ്പകള്‍ 61,816 കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 89,142 കോടി രൂപയില്‍ നിന്ന് 2.82 ശതമാനം ഉയര്‍ന്ന് 91,652 കോടി രൂപയായി. 30,215 കോടി രൂപയാണ് കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം. കഴിഞ്ഞവര്‍ഷത്തെ 29,601 കോടി രൂപയെ അപേക്ഷിച്ച് 2.07 ശതമാനം അധികമാണിത്. അതേസമയം, കാസ അനുപാതം 33.21 ശതമാനത്തില്‍ നിന്ന് നേരിയ ഇടിവുമായി 32.97 ശതമാനത്തിലെത്തി. വായ്പകളിലെ മികച്ച നേട്ടം ഇന്നലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികള്‍ക്ക് ഉണര്‍വായി. എന്‍.എസ്.ഇയില്‍ ഓഹരിവില 14.65 രൂപയില്‍ നിന്ന് ഒരുവേള 5 ശതമാനത്തിലേറെ മുന്നേറി 15.60 രൂപവരെയെത്തി. വ്യാപാരാന്ത്യം വില 15.40രൂപയാണ്.
◾സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'കിസി കാ ഭായ് കിസി കി ജാന്റെ' പുതിയ ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സല്‍മാന്‍ ഖാന്റെ ലുങ്കി ഡാന്‍സ് കൂടിയായപ്പോള്‍, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സല്‍മാനൊപ്പം നടന്‍ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവില്‍ രാം ചരണും രഗസ്റ്റ് അപ്പിയറന്‍സ് ആയി എത്തുന്നു. വിശാല്‍ ദദ്‌ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം. വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാന്റെ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫര്‍ഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും.
◾പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. 'ആതിരയുടെ മകള്‍ അഞ്ജലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണ്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2019 ല്‍ പുറത്തെത്തിയ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ്
◾ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്യുവി സ്വന്തമാക്കി അനൂപ് മേനോന്‍. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവി എക്സ് 7 ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ വാഹനം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്യുവിയുടെ ഏതു മോഡലാണ് അനൂപിന്റെ ഏറ്റവും പുതിയ വാഹനം എന്ന് വ്യക്തമല്ല. നേരത്തെ ബിഎംഡബ്ല്യുവിന്റെ തന്നെ സെവന്‍ സീരിസും അനൂപ് മേനോന്റെ ഗാരിജിലുണ്ടായിരുന്നു.
പിസി ന്യൂസ്, എക്സ്ഡ്രൈവ് 40 ഡി എം സ്പോര്‍ട്സ്, എക്സ്‌ഡ്രൈവ് 40 ഐ എം സ്പോര്‍ട് എന്നീ മോഡലുകളിലാണ് എക്സ് 7 വില്‍പനയ്ക്ക് എത്തുന്നത്. പെട്രോള്‍ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടി രൂപയും ഡീസല്‍ മോഡലിന്റേത് 1.24 കോടി രൂപയുമാണ്. എക്സ്ഡ്രൈവ് 40ഐയില്‍ 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയില്‍ 340 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും. വേഗം നൂറു കിലോമീറ്റര്‍ കടക്കാന്‍ പെട്രോള്‍ മോഡലിന് 5.8 സെക്കന്‍ഡും ഡീസല്‍ മോഡലിന് 5.9 സെക്കന്‍ഡും മാത്രം മതി.
◾കേരളത്തിലെ ആദ്യത്തെ നാട്ടുചരിത്രം. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വന്നേരിനാട് ചരിത്രപരമായും സാംസ്‌കാരികമായും എങ്ങനെ ഉണര്‍ന്നുവന്നുവെന്നും ഉയര്‍ന്നുവന്നുവെന്നും അന്വേഷിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് 'വന്നേരിനാട്'. നാട്ടുചരിത്രത്തിലൂടെ കേരളത്തിന്റെ നവോത്ഥാനവും അതുണ്ടാക്കിയ മാറ്റങ്ങളും അടയാളപ്പെടുത്തുന്ന അപൂര്‍വ്വകൃതി. പി.കെ.എ റഹിം. ഡിസി ബുക്സ്. വില 900 രൂപ.
◾നിരവധി ആരോഗ്യഗുണങ്ങള്‍ ബോഡി മസാജുകള്‍ നല്‍കുന്നുണ്ട്. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുക, പേശികളുടെ പിരിമുറുക്കവും വേദനയും ഒഴിവാക്കുക, രക്തചംക്രമണം മെച്ചപ്പെടുത്തുക, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, മാനസിക വ്യക്തതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കല്‍ എന്നിവയെല്ലാം ഇതിലൂടെ ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവ് ബോഡി മസാജുകള്‍ മികച്ച ഉറക്കവും മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രോത്സാഹിപ്പിക്കും. ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ബോഡി മസാജുകള്‍ സഹായിക്കുന്നു. ഇത് സമ്മര്‍ദ്ദത്തിന് പ്രതികരണമായി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്. കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ, മസാജുകള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നതിലൂടെ പേശികളുടെ പിരിമുറുക്കവും വേദനയും ഒഴിവാക്കാന്‍ മസാജുകള്‍ സഹായിക്കും. ഉറക്കസമയം മുമ്പ് മസാജ് ചെയ്യുന്നത് ആഴത്തിലുള്ള ഉറക്കവും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അസ്വസ്ഥത, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കുറയ്ക്കാന്‍ മസാജുകള്‍ സഹായിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മസാജ് സഹായിക്കും. ഇത് ശക്തവും ആരോഗ്യകരവുമായ രോഗപ്രതിരോധ സംവിധാനത്തിന് കാരണമാകും. മസാജിലൂടെ ശാരീരിക വേദനകള്‍ക്കു പരിഹാരമാകുമെന്നു മാത്രമല്ല അതുവഴി മാനസികസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും സാധിക്കും. ശരീരം മൊത്തം മസാജ് ചെയ്യുമ്പോള്‍ ശരീരത്തിനൊപ്പം ഉണര്‍വു ലഭിക്കുന്നത് മനസിനും കൂടിയാണ്. മൈഗ്രെയ്നിന്റെ പ്രധാന കാരണമാണ് കടുത്ത മാനസികസംഘര്‍ഷവും കഴുത്തു വേദനയും. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകള്‍ റിലീസാവുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ടു സാധിക്കും.
0 അഭിപ്രായങ്ങള്‍