വടക്കാഞ്ചേരി നഗരസഭയിൽ മുണ്ടത്തിക്കോട് നഴ്സിങ് കോളേജ് സ്ഥാപിക്കും. ഇതിനായി 4 കോടി രൂപ അനുവദിച്ച് ഉത്തരവായതായി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു.  2015 ൽ സഹകരണ മേഖലയിൽ എഞ്ചിനീയറിങ് കോളേജ് തുടങ്ങാനായി മുണ്ടത്തിക്കോട് വില്ലേജിൽ കണ്ടെത്തിയ 5 ഏക്കർ 40 സെൻ്റിലാണ് നഴ്സിങ് കോളേജ് സ്ഥാപിക്കുക. ആഗോള തലത്തിൽ തന്നെ സീറ്റുകളിൽ ഇടിവ് വന്നതിനെ തുടർന്ന് എഞ്ചിനീയറിങ് കോളേജെന്ന പദ്ധതി നേരത്തേ ഉപേക്ഷിച്ചിരുന്നു. 

എഞ്ചിനീയറിങ് കോളേജ് നിർമ്മാണത്തിനായി കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന് (CAPE ) ഉപയോഗാനുമതി നൽകിയ ഭൂമിയിൽ 46 കോടി രൂപയുടെ ബഹുനില കോളേജ് കെട്ടിടം വിഭാവനം ചെയ്തിരുന്നു. 10.29 കോടി രൂപ ചിലവഴിച്ച് കെട്ടിടത്തിൻ്റെ താഴത്തെ നില സ്ട്രക്ചർ പൂർത്തീകരിച്ചിരുന്നു. എന്നാൽ എഞ്ചിനീയറിങ് കോളേജെന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ നിർമ്മാണ പ്രവൃത്തികൾ നിലക്കുകയായിരുന്നു.

ഈ സ്ഥലവും കെട്ടിടവും പ്രയോജനപ്പെടുത്തി നൂതനമായ പ്രൊഫഷണൽ കോഴ്സുകളും ട്രെയിനിങ് അക്കാദമിയും പോലുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് 13.12.2022 ൽ സേവ്യർ ചിറ്റിലപ്പിള്ളി നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. വ്യവസായം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം വകുപ്പുകൾക്ക് കീഴിൽ പദ്ധതികൾ ആസൂത്രണം ചെയ്യാമെന്ന നിർദേശവും വെച്ചിരുന്നു. എന്നാൽ  വകുപ്പ് കൈമാറ്റത്തിന് നടപടികൾ ഏറെയുണ്ട് എന്നതിനാൽ ചർച്ചകൾ നീണ്ടു.

3 സഹകരണ മേഖലയിൽ നഴ്സിങ് കോളേജുകൾ ആരംഭിക്കുവാൻ സർക്കാർ ബജറ്റിൽ പ്രഖ്യാപനം നടത്തി മുന്നോട്ടു പോയതോടെയാണ് മുണ്ടത്തിക്കോട് കേപ്പിൻ്റെ അധീനതയിലുള്ള സ്ഥലവും പാതിനിർമ്മിച്ച കെട്ടിടവും ഇതിനായി പ്രയോജനപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെയും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളുടെ ചർച്ചകളുടെയും ഭാഗമായി നഴ്സിങ് കോളേജ് ആരംഭിക്കാൻ തീരുമാനമാവുകയും നിർമ്മാണം ആരംഭിക്കാൻ ആദ്യ ഘട്ടത്തിൽ കേപ്പിന് 4 കോടി രൂപ അനുവദിക്കുകയും ചെയ്തു. 

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ സ്ഥലം സന്ദർശിച്ചു. ഉപേക്ഷിക്കപ്പെട്ട പദ്ധതിയ്ക്ക് പകരം നഴ്സിങ് കോളേജെന്ന തീരുമാനം ഈ പ്രദേശത്തിൻ്റെ വികസനത്തിന് മികച്ച സംഭാവന നൽകുമെന്നും തുടർ നടപടികൾ വേഗത്തിലാക്കാൻ ഇടപെടുമെന്നും എം എൽ എ അറിയിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, സ്ഥിരം സമിതി അധ്യക്ഷമാരായ ജമീലാബി ടീച്ചർ, സ്വപ്ന ശശി, കൗൺസിലർ ജിൻസി ജോയ്സൺ, പി ജി സനീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG