1198 എടവം 32
ഭരണി / ദ്വാദശി/പ്രദോഷം
2023 ജൂൺ 15, വ്യാഴം
മിഥുനസംക്രമം (5.47 പി.എം)
കൂർമ്മാവതാരം !
ഇന്ന്;
ലോക കാറ്റ് ദിനം !
************************
[Global wind Day ; കാറ്റും അതുകൊണ്ട് ഉൽപ്പാദിക്കാവുന്ന ഊർജത്തെ പറ്റിയും ചർച്ച ചെയ്യാൻ ഒരു ദിനം.]
ലോക വൃദ്ധശകാര അവബോധ ദിനം !
********************************
[ World Elder Abuse Awareness Day;
പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു]
* ദേശീയ കൊഞ്ച് (Lobster) ദിനം !
* ദേശീയ പ്രകൃതി ഫോട്ടോഗ്രാഫി ദിനം!
* യു.കെ : മാഗ്ന കാർട്ട ദിനം !
[Magna Carta Day : ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽഒപ്പു വെച്ച ദിനം]
* യു.കെ : ദേശീയ ബീയർ ദിനം !
[it’s Beer Day Britain! Which, as the name would suggest, is the day when all Britons raise a glass and say cheers to beer.]
* കോസ്റ്റ റിക്ക : വൃക്ഷാരോപണ ദിനം !
* ഡെൻമാർക്ക് വാൾഡെമാർ /
പുനരേകീകരണ ദിനം !
* ഇറ്റലി: എഞ്ചിനീയേഴ്സ് ഡേ !
* അസർബൈജാൻ: ദേശീയ മോചന
ദിനം !
* USA;
National Smile Power Day
National Dump the Pump Day
[ ഇന്ധനത്തിന്റെ ഉപയോഗം ഉപേക്ഷിക്കാൻ ഒരു ദിനം ]
. *ഇന്നത്തെ മൊഴിമുത്ത്*
. ്്്്്്്്്്്്്്്്്്്്
''നാമം ചൊല്ലണമെന്തോ
ചിലതു പഠിക്കണം
കേവലമിതേയുള്ളൂ
കൗമാര നിബന്ധന.
കെട്ടുകെട്ടായിത്താങ്ങി-
പ്പുസ്തകം ചുമക്കണ്ടാ
മുട്ടിയെത്തുമാച്ചൊട്ട-
വണ്ടി കാത്തിരിക്കണ്ടാ.
മുട്ടിനും കണംകാല്‍ക്കും
കഴപ്പുണ്ടാക്കും ബൂട്ടു-
ചട്ട പേറണ്ടാ, ഹന്ത-
യെന്തൊരാനന്ദം ബാല്യം!''
. [ - കടത്തനാട്ട് മാധവിയമ്മ ]
***************************
പൊതുജീവിതത്തിലെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവരാവകാശ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് ശ്രമിച്ച പ്രമുഖരിൽ ഒരാളും അഹമ്മദ്നഗർ ജില്ലയിലെ "റാലിഗാൻസിദ്ദി " എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയ അണ്ണാ ഹസാരെയെന്ന് അറിയപ്പെടുന്ന കിഷൻ ബാപ്പത് ബാബുറാവു ഹസാരെയുടെയും (1940),
സീറോ മലങ്കര കത്തോലിക്കാ സഭയുടെനിയുക്ത പ്രഥമ നിയുക്ത കർദ്ദിനാളും ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും കാതോലിക്കോസുമായ മോറോൻ മാർ ബസേലിയോസ് ക്ലീമിസിന്റെയും (1959),
എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഐ ജി , ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ, ഭൂമി മലയാളം, കോളേജ് ഡെയ്സ്, 72 മോഡൽ, വർഷം, ലാവണ്ടർ തുടങ്ങിയ ചിത്രങളിലും അഭിനയിച്ചിട്ടുള്ള, ഒപ്പം മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലെ അവതാരകൻ കൂടിയായ ഗോവിന്ദ് പദ്മസൂര്യയുടേയും (1987),
സി.പി.ഐ.എം. പാലക്കാട് ജില്ല കമ്മിറ്റി അംഗം, ആൾ ഇന്ത്യാ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നിയമസഭ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എസ്. സലീഖയുടെയും (1961),
മിത്തൽ സ്റ്റീൽ എന്ന കമ്പനിയുടെ സ്ഥാപകനും, ആർസെലൊർ മിത്തൽ എന്ന കമ്പനിയുടെ ചെയർമാനും ഇപ്പോൾ ഇംഗ്ലണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയും ആയ ലക്ഷ്മി മിത്തൽ എന്ന ലക്ഷ്മി നിവാസ് മിത്തലിൻ്റെയും (1950),
2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായ ഷി ജിൻ പിൻങ്ങിന്റെയും (1953),
ലിവർപൂളിനു വേണ്ടി കളിക്കുന്ന ഈജിപ്റ്റിലെ പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരൻ മൊഹമ്മദ് സാലായുടെയും (1992) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** എ.ഐ. ക്യാമറ, കെ ഫോണ്‍ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്. അതുകൊണ്ടാണ് അമേരിക്കയിലെ ടൈം സ്‌ക്വയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയ കേസിലാണ് വിജിലന്‍സ് അന്വേഷണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
***കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു
കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് സംഭവം. ഗേറ്റ് 3 സീയിലെ ചെക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്.
***കലിക്കറ്റ് സെനറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് മിന്നും വിജയം
കലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ കൗൺസിലിൽനിന്ന് നടന്ന തെരഞ്ഞെടുപ്പിൽ പത്തിൽ ആറും നേടി എസ്എഫ്ഐക്ക് മികച്ച വിജയം. നാല് സീറ്റുകൾ എംഎസ്എഫ് നേടി. കഴിഞ്ഞ തവണയുണ്ടായിരുന്ന ഒരു സീറ്റ് കെഎസ് യുവിന് നഷ്‌ടപ്പെട്ടു.
പ്രാദേശികം
***************
***സംസ്ഥാനത്ത് വാഹന വേഗപരിധി പുതുക്കി; ടൂവീലർ 60 കി.മീ; സ്കൂള്‍ ബസിന് 50 കി.മീ
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു.
6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
***കർണാടകത്തിൽ അമുലിനെ തുരത്തിയ നന്ദിനി കേരളം പിടിക്കാൻ പാൽ വില കുറച്ച് വരുന്നു
കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും വിൽപന വ്യാപകമാകുന്നു. മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.
***കെ വിദ്യ വിഷയത്തിലെന്ത് പുതുമ? മാധ്യമങ്ങൾക്ക് പ്രശ്‌നം സംഭവിക്കുമ്പോഴെങ്കിലും മാധ്യമങ്ങൾ പ്രതികരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടിക്കെതിരെ സംസാരിക്കുകയായിരുന്നു അദേഹം. നിങ്ങൾക്ക് പ്രശ്നമുണ്ടായപ്പോൾ നിങ്ങൾക്ക് വേദനിക്കുന്നു. ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തണമെന്ന് മാധ്യമങ്ങളോട് ഗവർണർ പറഞ്ഞു.
***എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രമക്കേടുകളിൽ പുതുമയൊന്നുമില്ല. അഭിമുഖത്തിൽ പങ്കെടുക്കാത്തവർ അസിസ്റ്റന്റ് പ്രൊഫസറാകുന്നുവെന്നും തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവർ ജയിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
***ലൈഫ് മിഷൻ കോഴക്കേസ്: സന്തോഷ് ഈപ്പന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി; ഹൈക്കോടതിയെ സമീപിച്ചു
കോഴ ഇടപാടിൽ നേരിട്ട് പങ്കുള്ളയാളാണ് സന്തോഷ് ഈപ്പൻ. ഇക്കാര്യം കീഴ്ക്കോടതി പരിഗണിച്ചില്ലെന്നാണ് വാദം. ഇക്കഴിഞ്ഞ മാർച്ച് 27നാണ് സന്തോഷ് ഈപ്പന് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ജാമ്യം കിട്ടുന്നതിന് മുൻപുള്ള ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. കേസിന്റെ തുടക്കം മുതൽ അന്വേഷണവുമായി സഹകരിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിക്ക് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
***വർഗീയസംഘർഷങ്ങൾ സൃഷ്‌ടിക്കൽ ഫാസിസ്‌റ്റ് മുഖമുദ്ര: എം വി ഗോവിന്ദൻ
ജനകീയ ഐക്യത്തിനു പകരം വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കലാണ് ഫാസിസ്‌റ്റ് മുഖമുദ്രയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ കലാപങ്ങൾ സൃഷ്ടിച്ച് വോട്ട് തട്ടാനാണ് ബിജപി ശ്രമം. 2024ൽ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനാധിപത്യം നിലനിൽക്കില്ല. 2025 ആർഎസ്‌എസ് രൂപീകരണ നൂറാംവാർഷികത്തോടെ ഹിന്ദുത്വ രാജ്യമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യം.
***ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.
രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), ഇയാളുടെ പങ്കാളി അശ്വതി (25) ഇതേ വിലാസത്തില്‍ താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്നത്.
ദേശീയം
***********
***മണിപ്പുരിൽ സംഘർഷം തുടരുന്നു; 9 പേർ കൊല്ലപ്പെട്ടു
മണിപ്പുരിലെ ഖമൻലോക്കിൽ കുക്കി ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തെതുടർന്ന് ഒൻപത് പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്ക്. ഇംഫാൽ ഈസ്‌റ്റ്, കാംപോകി ജില്ലകളുടെ അതിർത്തിയിലുള്ള ഗ്രാമം വളഞ്ഞ് അക്രമിസംഘം തുരുതുരെ വെടി ഉതിർക്കുകയായിരുന്നു. ഇക്കഴിഞ്ഞ പുലർച്ചെ ഒന്നിനാണ് സംഭവം. ഗ്രാമവാസികൾ ആക്രമണം ചെറുത്തുവെന്നും ഇരുപക്ഷത്തും ആൾനാശം ഉണ്ടായെന്നും അധികൃതർ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി ഇവിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഒൻപത് പേർക്ക് പരിക്കേറ്റു.
***ഏക സിവിൽ കോഡ്; പൊതുജനാഭിപ്രായം തേടി നിയമ കമ്മിഷൻ.
ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും അഭിപ്രായം തേടി ദേശീയ നിയമ കമ്മിഷൻ. മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കണമെന്നാണ് നിർദേശം.
***ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു ; ആശുപത്രിയിൽ തുടരും
നെഞ്ചുവേദനയെ തുടർന്ന് സെന്തിൽ ബാലാജിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് അല്ലി റിമാൻഡ് ചെയ്തത്. ചികിത്സയിലായതിനാൽ സെന്തിൽ ബാലാജി തത്കാലം ആശുപത്രിയിൽ തുടരും.
***സംസ്ഥാനങ്ങൾ ചെലവഴിക്കാത്ത ഫണ്ടുകളുടെ പലിശയായി കേന്ദ്രത്തിന് കിട്ടിയത് 4000 കോടി
വിവിധ കേന്ദ്ര പദ്ധതികൾക്ക് (centrally sponsored schemes) കീഴിൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകളിൽ നിഷ്‌ക്രിയമായി കിടക്കുന്ന ഫണ്ടുകൾക്ക് മേൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെ കേന്ദ്രത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം വൻ നേട്ടമുണ്ടായതായി റിപ്പോർട്ട്. 2023 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന ഇത്തരം ഫണ്ടുകളുടെ പലിശയായി കേന്ദ്രസർക്കാരിന് കിട്ടിയത് 4,000 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. സിഎസ്എസിൽ (CSS) 40% വിഹിതം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പല സംസ്ഥാനങ്ങളും ഇത് അടച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഈ വിഷയത്തിൽ കർശനമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വർഷങ്ങളായി സംസ്ഥാനവിഹിതം ഇല്ലാതെ നിഷ്‌ക്രിമായി കിടന്ന 40,000 കോടിയോളം രൂപ തിരിച്ച് പിടിക്കാൻ തീരുമാനിച്ചു. ഒന്നുകിൽ സംസ്ഥാന വിഹിതവും ചേർത്ത് ചെലവഴിക്കുക അല്ലെങ്കിൽ തിരികെ നൽകുക എന്ന നിലപാട് കർശനമാക്കി. 2023 സാമ്പത്തിക വർഷത്തിൽ 1 ട്രില്യൺ രൂപയുടെ 50 വർഷത്തെ പലിശ രഹിത കാപെക്‌സ് വായ്പ പദ്ധതിയിൽ പങ്കാളിത്തം നേടണമെങ്കിൽ സംസ്ഥാനങ്ങൾ അവരുടെ ട്രഷറികളെ പൊതു ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റവുമായി (PFMS) ബന്ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ വ്യവസ്ഥയും CSSൽ ചെലവഴിക്കാത്ത ഫണ്ടുകളുടെ വ്യാപ്തിയെത്ര എന്ന് വെളിപ്പെടാൻ സഹായിച്ചു.
അന്തർദേശീയം
*******************
***മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയിലേക്ക് തിരിച്ചു;
ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.
***ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം; ഏഴായിരത്തോളം പേരെ സൈന്യം ഒഴിപ്പിച്ചു; പതിനായിരത്തോളം വീടുകള്‍ക്ക് കേടുപാട്
രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷം. എന്‍ബിസിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 65 ഓളം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും നശിച്ചു. സൈനിക ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് തുടരുകയാണ്
കായികം
************
***മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അടുത്തമാസം ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണിനുള്ള എംഐ ന്യൂയോര്‍ക്ക് ടീമിനെ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസതാരം കെയ്റോൺ പൊള്ളാര്‍ഡ് നയിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങളായ ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് എന്നിവരും പൊള്ളാര്‍ഡിനൊപ്പം ടീമിലുണ്ട്.
ഇവര്‍ക്ക് പുറമെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ് ഖാന്‍, ട്രെന്‍റ് ബോള്‍ട്ട്, ഡേവി‍് വീസെ, നിക്കൊളാസ് പുരാന്‍, കാഗിസോ റബാദ എന്നിവരയെും എംഐ ന്യൂയോര്‍ക്ക് ടീമിലെത്തിച്ചു. വിവിധ ടി20 ലീഗുകളിലും വെസ്റ്റ് ഇന്‍ഡീസിനായും 625 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡ് ഈ സീസണ്‍ ഐപിഎല്ലില്‍ മുംബൈയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. റോബി പീറ്റേഴ്സണാണ് എംഐ ന്യൂയോര്‍ക്ക് ടീമിന്‍റെ മുഖ്യ പരിശീലകന്‍.
വാണിജ്യം
************
***ഇന്റര്‍നെറ്റ് വേണ്ട; സാധാരണ ഫോണ്‍ ഉപയോഗിച്ചും യുപിഐ ഇടപാടുകള്‍ നടത്താം
സ്മാര്‍ട് ഫോണില്ലാത്തവര്‍ക്കും യുപിഐ ഇടപാട് ഈസിയായി നടത്താനുള്ള സംവിധാനവുമായി പൊതുമേഖലാ ബാങ്കായ പിഎന്‍ബി. ഇന്റര്‍നെറ്റ് ഇല്ലാതെ സാധാരണ ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള പുതിയ സേവനം ആണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അവതരിപ്പിച്ചത്. പണമിടപാട് നടത്താനും ബാങ്ക് ബാലന്‍സ് അറിയാനുമെല്ലാം ഇനിമുതല്‍ ‘യുപിഐ 123പേ’ (UPI 123PAY) സേവനം ഉപയോഗിക്കാം. ഐവിആര്‍ അധിഷ്ഠിത യുപിഐ സൊല്യൂഷന്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.
*** സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞു.
ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്നലെ കുറഞ്ഞത്. വിപണി വില 44040 രൂപയാണ്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ് .
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 35 രൂപ കുറഞ്ഞു. വിപണി വില 5505 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4563 രൂപയാണ്.
***നേട്ടത്തോടെ ഓഹരി വിപണി; സെൻസെക്സും, നിഫ്റ്റിയും ലാഭം നേടി
ഇന്ന് ഇന്ത്യൻ ഓഹരി വിപണികൾ ലാഭം നേടി. നിഫ്റ്റി 50 സൂചിക 39.75 പോയിന്റുകൾ (0.21%) ഉയർന്ന് 18,755.90 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 85.35 പോയിന്റുകൾ (0.14%) കയറി 63,228.51 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ, ഭൂരിഭാഗവും ഇന്ന് ലാഭം നേടി. ബാങ്ക് നിഫ്റ്റി സൂചിക 91.85 പോയിന്റുകൾ (0.21%) ഇടിഞ്ഞ് 43,988 നിലവാരത്തിലെത്തി
ഇന്നത്തെ സ്മരണ !!!
************************
ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ മ. (1877-1949)
സത്യൻ മ. (1912 -1971)
ചാത്തന്നൂർ മോഹൻ മ. (1953 - 2016 )
ഡോ. കാവാലം ഐസക് മ. (1948-2016)
കെ. ഹസ്സൻ ഗാനി മ. (1915 -1983)
ഡോ. രാജാ സർ അണ്ണാമലച്ചെട്ടിയാർ മ. (1881-1948)
മണിവണ്ണൻ മ. ( 1954-2013)
കുട്ടികൃഷ്ണമാരാർ ജ. (1900 -1973),
പരുമല തിരുമേനി ജ. (1848-1902)
കടത്തനാട്ട് മാധവിയമ്മ ജ. (1909 -1999)
തോമസ് പോൾ ജ. (1889-1933)
എം എന്‍ കുറുപ്പ് ജ. (1927-2006)
മലേഷ്യ വാസുദേവൻ ജ. (1944 -2011)
എം അച്യുതൻ ജ. (1930-2017)
ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗർ ജ. (1932 -2013)
കൊബയാഷി ഇസ്സ ജ. ( 1763-1828)
മാർഗരറ്റ് അബ്ബോട്ട് ജ. (1878 -1955 )
ഇല്ലിസറോവ് ജ. (1921-1992 )
ചരിത്രത്തിൽ ഇന്ന്…
***********************
763 - ബി.സി - അസേറിയക്കാർ സൂര്യഗ്രഹണം രേഖപ്പെടുത്തി. മെസപ്പോട്ടോമിയൻ സംസ്കാരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിന് ഇത് ഉപയോഗിച്ചു വരുന്നു.
1215 - ജോൺ ചക്രവർത്തി മാഗ്നാകാർട്ടയിൽ ഒപ്പു വെച്ചു.
1667 - ഡോ. ബീൻ-ബാപ്ടൈസ് ഡെനീസിന്റെ നേതൃത്വത്തിൽ ആദ്യത്തെ രക്തം മാറ്റിവെക്കൽ നടന്നു.
1752 - ബെഞ്ചമിൻ ഫ്രാങ്ക്‌ലിൻ മിന്നലാണ് വൈദ്യുതി എന്ന് തെളിയിച്ചു.
1808 - ജോസഫ് ബൊണാപാർട്ട് സ്പെയിനിന്റെ രാജാവായി.
1844 - റബ്ബറിന്റെ ശക്തി വർദ്ധിപ്പിക്കുന്ന വൾക്കനൈസേഷൻ എന്ന സംവിധാനത്തിന് ചാൾസ് ഗുഡ്‌ഇയർ പേറ്റന്റ് നേടി.
1911 - ഐ.ബി.എം. പ്രവർത്തനം ആരംഭിച്ചു.
1954 - യു.ഇ.എഫ്.എ. സ്വിറ്റ്സർലാന്റിലെ ബസ്സൽസിൽ രൂപവത്കരിച്ചു.
1949 - നാഷണൽ ബുക്ക് സ്റ്റാൾ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ ലയിച്ചു.
1969 - ദേശാഭിമാനി വാരിക, തുടക്കം.
1996 - മാഞ്ചസ്റ്ററിലുണ്ടായ ഭീകര ബോംബാക്രമണത്തിൽ 200-ൽ അധികം പേർക്ക് പരിക്കു പറ്റി.
2001 - ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചു .
2007 - ഫിൻലാൻഡിലെ ലൗക്കയിലെ ലിവെസ്‌റ്റോറിൽ നോക്കാക്കിവി അമ്യൂസ്‌മെന്റ് പാർക്ക് തുറന്നു .
2012 - നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നേരിട്ട് നടന്ന് വിജയിച്ച ആദ്യത്തെ വ്യക്തിയായി നിക്ക് വാലൻഡ .
2013 - പാകിസ്ഥാൻ നഗരമായ ക്വറ്റയിൽ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2022 - മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി 26 വർഷത്തിന് ശേഷം അതിന്റെ സർവ്വവ്യാപിയായ ഇന്റർനെറ്റ് എക്സ്പ്ലോറർ വിരമിച്ചു .
0 അഭിപ്രായങ്ങള്‍