ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 എടവം 26
അവിട്ടം / പഞ്ചമി
2023 ജൂൺ 9, വെള്ളി
ഇന്ന്;
പവിഴപ്പുറ്റ് ദിനം !
Coral Triangle Day !
******************
[പസഫിക്ക് മഹാസാഗരവും ഇൻഡ്യൻ മഹാസാഗരവും സംഗമിക്കുന്ന ഭൂമദ്ധ്യരേഖയിൽ കിടക്കുന്ന സ്ഥലത്തിനെയാണ് കോറൽ ട്രെയാങ്കിൾ എന്ന് വിളിക്കുന്നത്. ഭൂമിയിലെ വൈവിധ്യമായതും മനോഹരവുമായ ഒരു ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകൾ എറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്ന ഇവിടെ സമുദ്രത്തിലെ 25 ശതമാനം ജീവജാലങ്ങളും പാർക്കുന്നു . ഇവയും ഇവയുടെ സംരക്ഷണത്തെ പറ്റി ജനങ്ങളെ
ബോധവൽക്കരിക്കാനും ഈ ദിനം 2012 മുതൽ ആചരിക്കുന്നു.]
* ഉഗാണ്ട : ദേശീയ നായക ദിനം !
National Strawberry Rhubarb Pie Day !
[നാഷണൽ സ്ട്രോബറി റുബാർബ് പൈ ദിനം ! ]
*************************
(സ്ട്രോബറിയും റുബാർബും
(റുബാർബ് ഒരു പച്ചക്കറിയാണെങ്കിലും, ഇത് പലപ്പോഴും പഴങ്ങളുടെ കൂടെ ഉപയോഗിക്കുന്നു) ചേർത്ത് ഉണ്ടാക്കുന്ന ഒരു ഡെസർട്ട് .
National Donald Duck Day !
*******************
[ ഡോണാൾഡ് ഡക്ക് എന്ന ഹാസ്യ കാർട്ടൂൺ കഥാപാത്രം ആദ്യമായി വെള്ളിത്തിരയിൽ 1934 ൽ വൈറ്റ് ലിറ്റിൽ ഹെൻ എന്ന സിനിമയിൽ പ്രതൃക്ഷപ്പെട്ട ദിനം]
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്്
ഒരു നല്ല ആശയം ഒരിക്കലും നശിക്കയില്ല. അതിനു യഥാർത്ഥത്തിൽ ജന്മം നൽകിയ വ്യക്തിക്ക് അതിന്റെ വെളിപ്പെടുത്തൽ സാധ്യമാക്കാൻ കഴിയാതെ മരിക്കേണ്ടി വന്നാലും പിന്നീടൊരിക്കൽ മറ്റൊരാളുടെ മനസ്സിൽ അതേ ആശയം തീർച്ചയായും ഉദിക്കും.
. [ - തോമസ് ആൽവ എഡിസൺ ]
************************
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിനേതാവും
ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുൻ കേരള വനംവകുപ്പ് മന്ത്രിയും നിലവിൽ രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തിന്റേയും (1955),
കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയും ദേശീയ, അന്തർദ്ദേശീയ സ്കൂൾ അത് ലറ്റിക് മീറ്റുകളിൽ നിരവധി സ്വർണ മെഡലുകൾ നേടിയിട്ടുമുള്ള പി. യു. ചിത്രയുടെയും (1995),
മലയാളത്തിൽ പഞ്ചാബി ഹൌസ് , നാടോടി തുടങ്ങിയ സിനിമകളിലും , തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹിനി ക്രിസ്തീന ശ്രീനിവാസൻ എന്ന മഹാലക്ഷ്മിയുടെയും (1974),
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി. എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയും മുൻ പോണ്ടിച്ചേരി ഗവർണറുമായിരുന്ന കിരൺ ബേദിയുടെയും (1949),
ഹിന്ദി ചലചിത്ര താരവും അനിൽ കപൂറിന്റെ മകളുമായ സോനം കപൂറിന്റെയും (1985),
കഹൊ ന പ്യാർ ഹൈ, ഗദർ ഏക് പ്രേംഥ, ഭൂൽ ഭുലൈയ്യ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അമീഷ പട്ടേലിന്റെയും (1976),
'ബ്ലാക്ക് സ്വാൻ' എന്ന ചിത്രത്തിൽ അഭിനയിച്ചതിനു അക്കാഡമി അവാർഡ് അടക്കം ധാരാളം പുരസ്കാരങ്ങൾ ലഭിച്ച ഹോളിവുഡ് അഭിനേത്രിയും മോഡലുമായ നതാലി പോർട്ട്മാന്റെയും ( 1971),
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ പരമ്പരയിലെ ക്യാപ്റ്റൻ സ്പാരോ, ചാർളി ആന്റ് ദ ചോക്കളേറ്റ് ഫാക്ടറി എന്ന ചിത്രത്തിലെ വില്ലി വോങ്ക തുടങ്ങിയ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ജോൺ ക്രിസ്റ്റഫർ '' ജോണി ഡെപിന്റെയും (1963),
വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്സിന്റെയും (1975 ) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ബ്രിജ് ഭൂഷണെതിരെ നല്‍കിയത് വ്യാജ പീഡന പരാതിയെന്ന് പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ്.
വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാതെ വന്നതോടെ വിരോധം തോന്നി. തന്റെ മകളോട് നീതി പൂര്‍വമല്ല ബ്രിജ് ഭൂഷണ്‍ ഇടപെട്ടത്. ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നല്‍കിയതെന്നും പിതാവ് വെളിപ്പെടുത്തി.
***കേന്ദ്രത്തിന്റെ താങ്ങുവില പ്രഖ്യാപനം വഞ്ചന: അഖിലേന്ത്യ കിസാൻ സഭ
അന്യാമായ താങ്ങുവില പ്രഖ്യാപനം കർഷകർക്ക് നഷ്‌ടം വരുത്തുന്നതാണെന്ന് കുറ്റപ്പെടുത്തിയ കിസാൻ സഭ, നടപടി ചെറുകിട, ഇടത്തരം കർഷകരെ കടക്കെണിയിലേയ്‌ക്ക് തള്ളിവിടുന്നതാണെന്നും പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. എല്ലാ കൃഷിച്ചെലവും സമഗ്രമായി ഉൾക്കൊള്ളുന്ന സി-2 ഫോർമുലയേക്കാൾ 50 ശതമാനംകൂടി അധികമായാണ് താങ്ങുവില നിർണയിക്കേണ്ടതെന്ന സ്വാമിനാഥൻ കമീഷൻ ശുപാർശ ബിജെപി വീണ്ടും അട്ടിമറിച്ചു.
***മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി.
മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കര്‍ എഎന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോര്‍ക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്.
ന്യൂയോര്‍ക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മന്‍മധന്‍ നായര്‍, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സംഘം ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍കീ ഹോട്ടലിലേക്ക് പോയി.
പ്രാദേശികം
***************
**കേരളത്തില്‍ കാലവര്‍ഷമെറ്റ്ജ്തി; കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പതിവായി ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന കാലവര്‍ഷം ഇത്തവണ ഏഴ് ദിവസം വൈകിയാണ് കേരളത്തിലെത്തിയത്.
കോഴിക്കോട് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
***ട്രോളിങ് നിരോധനം വെള്ളിയാഴ്‌ച മുതൽ
തിരുവനന്തപുരം> സംസ്ഥാനത്ത് വെള്ളിയാഴ്‌ച അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തും. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവൽകൃത ബോട്ടുകൾക്ക് കടലിൽ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
***വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യ; ഉത്തരവാദി അവർ തന്നെ'; ആർഷോയ്ക്ക് പങ്കില്ലെന്ന് മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി നേടിയെന്ന് ആരോപണം നേരിടുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയത് വിദ്യയാണ്. മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ വിദ്യ തന്നെയാണ് ഉത്തരവാദി. വ്യാജ സീല്‍ ഉണ്ടാക്കിയത് വിദ്യയാണ്. അതില്‍ മഹാരാജാസ് കോളജിന് പങ്കില്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
അതേസമയം മഹാരാജാസിലെ തന്നെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് പങ്കില്ലെന്ന് മന്ത്രി പറഞ്ഞു. ആർഷോയ്ക്ക് പിഴവ് സംഭവിച്ചിട്ടില്ല. അത് സാങ്കേതിക പ്രശ്‌നമാണ്. അതിനാല്‍ ആര്‍ഷോയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല. മാര്‍ക്ക് ഒന്നും ഇല്ലാത്ത പാസ് എന്ന് കാണിച്ചിരിക്കുന്ന മാര്‍ക്ക് ലിസ്റ്റ് എങ്ങനെ വന്നുവെന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
***ചെല്ലാനം എന്നാൽ സങ്കടപ്പെടുന്ന നാടെന്ന മുഖച്ഛായ മാറ്റും'; സീ വാക്ക് വേ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി രാജീവ്
ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി മെഗാ വാക്ക് വേയാണ് ചെല്ലാനത്ത് തയ്യാറാകുന്നത്. പ്രദേശവാസികള്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും വ്യായാമം ചെയ്യുന്നതിനും സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്. കടല്‍ഭിത്തിക്ക് മുകളിലായി 7.3 കിലോമീറ്റര്‍ നീളത്തിലാണ് നടപ്പാത.
***മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ, സമീപത്ത് ആത്മഹത്യാക്കുറിപ്പും
പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവയാണ് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ദീർഘനാളായ ചെന്നൈയിലായിരുന്ന സന്തോഷും കുടുംബവും ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
***ആറ് വയസുകാരിയുടെ കൊലപാതകം: പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു
മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മാവേലിക്കരയില്‍ ആറ് വയസുകാരി നക്ഷത്ര കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചായിരുന്നു മഹേഷ് മകളെ ആക്രമിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ സുഷുമ്‌നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷിന്റെ അമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
***സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്കെടുക്കാനും വേഗത്തിൽ തീർപ്പാക്കാനും ക്രൈംബ്രാഞ്ച് നടപടിയാരംഭിച്ചു.
എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ ജില്ലകളിലെ കേസുകളുടെ അവലോകനം നടക്കുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലെ അവലോകനയോഗം കഴിഞ്ഞദിവസം നടന്നു. പാലക്കാട്, തൃശൂർ ജില്ലകളുടേത് അടുത്തയാഴ്‌ചയും മറ്റു ജില്ലകളുടേത് തുടർദിവസങ്ങളിലും ചേരും.
***കൊടുമൺ ജി.ഗോപിനാഥൻ നായർ അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും പറക്കോട് പിജിഎംഎച്ച്എസ് മുൻ അധ്യാപകനുമായ കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം.
സംസ്‌കാരം ഇന്ന് ( വെള്ളി ) ഉച്ചയ്ക്ക് 2ന്. സഞ്ചയനം വ്യാഴം 8.30ന്.
ദേശീയം
***********
***അടുപ്പമില്ലെങ്കിലും അല്പം മധുരമാകാം; 12 വർഷത്തെ പതിവ് തെറ്റിക്കാതെ മമത ബാനർജി പ്രധാനമന്ത്രിക്ക് മാമ്പഴങ്ങൾ അയച്ചു
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ഇനം മാമ്പഴങ്ങൾ അയച്ചുകൊടുത്തു കൊണ്ട് മാമ്പഴ കാലത്തിന്റെ ആശംസകൾ അറിയിച്ചു. 12 വർഷമായി പിന്തുടരുന്ന പതിവാണിത്. ഹിംസാഗർ, ലക്ഷ്മണഭോഗ്, ഫാസ്‌ലി എന്നീ ഒന്നാം നമ്പർ ഇനങ്ങൾ ഉൾപ്പെടെ നാല് കിലോഗ്രാം വിവിധയിനം മാമ്പഴങ്ങൾ പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗ് ന്യൂഡൽഹിയിലേക്ക് അയച്ചു. മനോഹരമായി പൊതിഞ്ഞ സമ്മാനപ്പെട്ടിയിലാണ് മാമ്പഴങ്ങൾ അയച്ചതെന്ന് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർക്കും മാമ്പഴകാലത്തിന്റെ ആശംസകൾ അറിയിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു
***വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി; പെൻഷൻ കണക്കുകൂട്ടുന്നതില്‍ സുതാര്യതയില്ലെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഡിഫന്‍ അക്കൌണ്ട്സും പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍ അക്കൌണ്ട്സും വിരമിച്ച സൈനികരുടെ ക്ഷേമസമിതിയും ചേര്‍ന്നാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. രാജ്യവ്യാപകമായി വിരമിച്ച സൈനികര്‍ ഓഫീസര്‍ റാങ്കിലുള്ളവര്‍ പദ്ധതി വിഹിതം തട്ടുന്നതായി ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. 23000കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. ഇതില്‍ 85 ശതമാനവും ഓഫീസര്‍ റാങ്കിലുള്ളവര്‍ കൈക്കലാക്കുന്നതായാണ് രൂക്ഷമായി ഉയരുന്ന ആരോപണം
***ദുരന്തം നടന്ന് ഒരാഴ്‌ച; കാരണം അറിയാതെ റെയിൽവെ
പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന് ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ല. റെയിൽവെ സുരക്ഷാകമീഷണറുടെ അന്വേഷണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. സുരക്ഷാവീഴ്‌ചകൾ അടക്കം മറച്ചുവെയ്‌ക്കുന്നതിനായി തിടുക്കത്തിൽ ‘അട്ടിമറി‘ സംശയം ഉന്നയിച്ചുകൊണ്ട് കേന്ദ്രസർക്കാർ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്‌തു. സുരക്ഷാകമീഷണറുടെ റിപ്പോർട്ട് പുറത്തുവരുത്തിന് മുമ്പായി തന്നെ വിശ്വാസ്യത നഷ്ടപ്പെട്ട സിബിഐയെ രംഗത്തെത്തിച്ച മോദി സർക്കാർ നടപടിയെ റെയിൽ സുരക്ഷാവിദഗ്‌ധരും പ്രതിപക്ഷ പാർട്ടികളും ഒരേപോലെ വിമർശിക്കുകയാണ്.
അന്തർദേശീയം
*******************
*** കാനഡയിലെ കാട്ടുതീ; പുക മൂടി ന്യൂയോർക്ക് നഗരം
ന്യൂയോർക്ക് നഗരത്തിലാകെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള അപകടകരമായ പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലുമാകെ പടർന്നിരിക്കുകയാണ്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങൾ സർവീസ് നിർത്തി. മേജർ ലീഗ് ബേസ്ബോൾ ഗെയിമുകളും മാറ്റിവച്ചു. മഹാമാരിയുടെ കാലഘട്ടത്തിലെന്നപോലെ ആളുകൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളുടെ നിറം ബുധനാഴ്ച ഉച്ചകഴിഞ്ഞതോടെ ഓറഞ്ച് നിറമായി മാറി. നഗരം ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരത്തിന്റെ പട്ടികയിൽ ഒന്നാമതെത്തി.
***വിദ്യാർത്ഥികളുടെ നാടുകടത്തൽ: കാനഡയുടെ നടപടി ശരിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പ്രവേശനം നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിച്ച ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളെ നാടുകടത്താൻ കാനഡ സർക്കാർ നടപടികൾ ആരംഭിച്ചു. പഞ്ചാബിൽ നിന്നുള്ള 700 ഇന്ത്യൻ വിദ്യാർത്ഥികളാണ് നാടുകടത്തൽ നടപടികൾക്ക് വിധേയരാകുന്നത്. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയവും (എംഇഎ) ഹൈക്കമ്മീഷനും ഇടപെട്ടിട്ടുണ്ട് എന്നും ഈ പ്രശ്നം പരിഹരിക്കാൻ പ്രവർത്തിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച പറഞ്ഞു.
***ഡച്ച് നോബല്‍ പ്രൈസിന് അര്‍ഹയായി ഇന്ത്യന്‍ വംശജ, കാത്തിരിക്കുന്നത് 13 കോടിയിലധികം രൂപ
ശാസ്ത്ര രംഗത്തെ സേവനത്തിന് നെതര്‍ലന്ഡിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ സ്പിനോസാ പ്രൈസിന് അര്‍ഹയായി ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ ജോയീറ്റ ഗുപ്ത. സുസ്ഥിരമായ ലോകം എന്നതിലൂന്നിയുള്ള പഠനത്തിനാണ് ജോയീറ്റ ഗുപ്തയ്ക്ക് ഡച്ച് നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന സ്പിനോസാ പ്രൈസിന് അര്‍ഹയായത്. 1.5 മില്യണ്‍ യൂറോയാണ് (13.26 കോടി രൂപ) ജോയീറ്റ ഗുപ്തയ്ക്ക് ലഭിക്കുക. 2013 മുതല്‍. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ് ജോയീറ്റ ഗുപ്ത
***മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുന്ന രീതിയില്‍ കാനഡയില്‍ പ്രകടനം
ഇത്തരം പ്രവൃത്തികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെത്തന്നെ ബാധിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മുന്നറിയിപ്പ് നല്‍കി. ഇന്ദിരാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ഉള്‍പ്പെടുന്ന പരേഡിന്റെ ദൃശ്യം കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാനഡയിലെ ബ്രാംപ്ടൻ നഗരത്തില്‍ ജൂണ്‍ നാലിനാണ് സംഭവം നടന്നത്.
കായികം
************
***അണ്ടര്‍ 20 ലോകകപ്പ്: അത്ഭുത കുതിപ്പുമായി ഇസ്രായേല്‍! ദക്ഷിണ കൊറിയ, ഇറ്റലിക്കെതിരെ
ബ്യൂണസ് ഐറിസ്: അണ്ടര്‍ 20 ലോകകപ്പില്‍ ഇനി സെമി ഫൈനല്‍ ആവേശം. ആദ്യ സെമിയില്‍ യുറുഗ്വായ് ഇന്ന് ഇസ്രയേലിനെ നേരിടും. നാളെ പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ ഇറ്റലിക്ക് തെക്കന്‍ കൊറിയ ആണ് എതിരാളികള്‍. ലിയോണല്‍ മെസിയുടെ അര്‍ജന്റീന വേദിയായ യുവതാരങ്ങളുടെ ലോക പോരാട്ടത്തില്‍ ഇത്തവണ തിളങ്ങിയത് ഏഷ്യ. തെക്കേ അമേരിക്കന്‍ കരുത്തുമായി യുറുഗ്വേയും യൂറോപ്യന്‍ സാനിദ്ധ്യമായി ഇറ്റലിയും അവസാന നാലിലെത്തിയപ്പോള്‍ ഏഷ്യന്‍ പ്രതീക്ഷയായി ഇസ്രയേലും തെക്കന്‍ കൊറിയയും.
ബ്രസീലിനെ ഞെട്ടിച്ച് സെമിയില്‍ ഇടം പിടിച്ച ഇസ്രയേലിന്റെ കുതിപ്പ് ഫൈനലിലെത്തുമോ എന്ന് ഇന്നറിയാം. രണ്ട് തവണ പിന്നിലായിട്ടും എക്‌സ്ട്രാ ടൈം വരെയെത്തിയ പോരാട്ടത്തിലാണ് ഇസ്രയേല്‍ കിരീടസാധ്യതയില്‍ മുന്നിലുണ്ടായിരുന്ന ബ്രസീലിനെ തോല്‍പ്പിച്ചത്. ആദ്യമായാണ് ലോകകപ്പ് കളിക്കുന്നതെങ്കിലും യുറുഗ്വായും വെല്ലുവിളി ഉയര്‍ത്താന്‍ പൊന്നവര്‍. രാത്രി പതിനൊന്നിനാണ് മല്‍സരം.
വാണിജ്യം
************
***സഹകരണ ബാങ്കുകൾക്ക് കിട്ടാക്കടം എഴുതിതള്ളാനും ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടത്താനും ഉടൻ അനുമതി നൽകും: RBI
സഹകരണ ബാങ്കുകള്‍ക്ക് കിട്ടാനുള്ള വായ്പാ തുക എഴുതിതള്ളാനും വീഴ്ച വരുത്തുന്ന വായ്പാക്കാരുമായി ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടത്താനുമുള്ള അനുമതി ഉടൻ ലഭിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ധനനയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്കും തെരഞ്ഞെടുത്ത നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും മാത്രമാണ് ഡഡ് അസറ്റ് റെസല്യൂഷനുള്ള ( dud asset resolutions) അധികാരം ലഭ്യമാക്കിയിരുന്നത്. ഇതേക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു
***500 രൂപ പിൻവലിച്ച് 1000 രൂപ തിരിച്ചെത്തുമോ? മറുപടിയുമായി ആർബിഐ ഗവർണർ
“ആർബിഐ 500 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെക്കുറിച്ചോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുന്നില്ല; ഊഹാപോഹങ്ങൾ നടത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ ശക്തികാന്ത ദാസ് പറഞ്ഞു.
***വമ്പൻ ഇടിവിൽ സ്വർണവില
സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞു. മിനിഞ്ഞാന്ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. രണ്ട് മാസത്തിന് ശേഷമാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. ഏപ്രിൽ മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44160 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞിരുന്നു. 5520 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വില 4580 രൂപയാണ്
***വായ്പാ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.50 ശതമാനത്തില്‍തന്നെ തുടരും
രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞതോടെയാണ് ആർബിഐ വായ്പ നിരക്ക് വർദ്ധിപ്പിക്കാതിരുന്നത്. 6.50 ശതമാനത്തില്‍തന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിലനിർത്തി,
***നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ നിലനിർത്തിയെങ്കിലും, ആഭ്യന്തര സൂചികകൾ ഇടിഞ്ഞതോടെയാണ് നഷ്ടത്തിൽ അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 294.32 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,484.64-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91.85 പോയിന്റ് ഇടിഞ്ഞ് 18,634.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ മെറ്റൽ ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് നഷ്ടം നേരിട്ടു.
ഇന്നത്തെ സ്മരണ !!!
**************************
മിസ് കുമാരി മ. (1932-1969)
കെ. സി. ലക്ഷ്‌മണൻ മ. (- 2014)
ബന്ദ ബഹാദുർ മ. (1670-1716)
ധീരേന്ദ്ര ബ്രഹ്മചാരി മ. (1924-1994)
എം.എഫ് ഹുസൈൻ മ. (1915 -2011)
ഹേമന്ദ് കനിത്‌കർ മ. (1942-2015 )
ബന്ദ സിംഗ് ബഹാദുർ മ.(1670-1716)
നീറൊ ചക്രവർത്തി മ. ( 37 AD- 68 AD)
വിശുദ്ധ എഫ്രേം മ. (306- 373)
അന്ന അറ്റ്‌കിൻസ് മ. (1799-1871 )
ചാൾസ് ഡിക്കൻസ് മ. (1812-1870)
ജോൺ ക്രീസേ മ. (1908-1973)
യാൻ ടിൻബർജെൻ മ. (1903-1994)
നന്ദിനി സത്പതി ജ. (1931-2006)
തെലങ്കാന ശകുന്തള ജ. (1951-2014)
മഹാനായ പീറ്റർ ഒന്നാമൻ ജ. (1672-1725)
ജോർജ് സ്‌റ്റീഫെൻസൻ ജ. (1781-1848 )
ബർത്താ സുട്ട്ണർ ജ. (1843-1914)
ഹെന്റി ഡേൽ ജ (1875 -1968)
റോബര്‍ട്ട് മക്നമാറ ജ. (1916-2009)
എറിക് ഹോബ്സ്ബാം ജ. (1917-2012)
ചരിത്രത്തിൽ ഇന്ന്…
***********************
68 - റോമൻ ചക്രവർത്തി നീറോ ആത്മഹത്യ ചെയ്തു.
1923 - പട്ടാള അട്ടിമറിയിലൂടെ ബൾഗേറിയയിൽ സൈന്യം അധികാരം പിടിച്ചെടുത്തു.
1934 - വാൾട്ട് ഡിസ്നിയുടെ ഡൊണാൾഡ് ഡക്ക് എന്ന കാർട്ടൂൺ കഥാപാത്രം പുറത്തിറങ്ങി.
1959 - ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ആദ്യ മുങ്ങിക്കപ്പൽ യു.എസ്.എസ്. ജോർജ് വാഷിങ്ടൻ പുറത്തിറങ്ങി.
1973 - കുതിരപ്പന്തയത്തിൽ, സെക്രട്ടേറിയറ്റ് യുഎസ് ട്രിപ്പിൾ കിരീടം നേടി.
1979 - ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ലൂണ പാർക്കിൽ നടന്ന ഗോസ്റ്റ് ട്രെയിൻ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു.
1981 - ഡേവിയുടെ സബ് മറൈൻ എസ്കേയ്പ് അപ്പാരറ്റസ് ഉപയോഗിച്ച് കടലിൽ മുങ്ങിയ ബ്രിട്ടീഷ് കപ്പലിൽ നിന്ന് ആറു പേരെ രക്ഷപ്പെടുത്തി.
1986 - ഇന്ത്യയിലെ ആദ്യത്തെ എയ്ഡ്സ് മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു.
1999 - കൊസോവോ യുദ്ധം: ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയും നാറ്റോയും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു.
2008 - അൾജീരിയയിലെ അൽജിയേഴ്സിനടുത്തുള്ള ഒരു ട്രെയിൻ സ്റ്റേഷനിൽ രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ച് 13 പേർ മരിച്ചു.
2009 - പാകിസ്ഥാനിലെ പെഷവാറിലെ ഒരു ഹോട്ടലിൽ ഒരു സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2010 - കാന്തഹാറിലെ അർഗന്ദാബിൽ നടന്ന ഒരു വിവാഹ പാർട്ടിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2018 - ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ രണ്ട് സി എൻ ജി (Compressed Natural Gas - CNG) സ്റ്റേഷനുകൾ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.
0 അഭിപ്രായങ്ങള്‍